കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യാ മുന്നണിയുടെ ഭാഗമായി നിന്ന് വർഗീയ ശക്തികൾക്കെതിരെ അദ്ദേഹം നിലപാട് എടുക്കും എന്നാണ് കരുതുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു
വി.ഡി. സതീശൻ
സിപിഐഎം ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.എ. ബേബിക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു മലയാളി സിപിഐഎം ജനറൽ സെക്രട്ടറിയാകുന്നതിൽ സന്തോഷം. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യാ മുന്നണിയുടെ ഭാഗമായി നിന്ന് വർഗീയ ശക്തികൾക്കെതിരെ അദ്ദേഹം നിലപാട് എടുക്കും എന്നാണ് കരുതുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. പ്രകാശ് കാരാട്ടും പിണറായി വിജയനും പുറത്ത് നിന്ന് നിയന്ത്രിച്ചാൽ എം.എ. ബേബിക്ക് ആ നിലപാടുമായി മുന്നോട്ട് പോകാൻ പറ്റില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
ബിജെപി നവ ഫാസിസ്റ്റ് കക്ഷി പോലും അല്ലെന്ന കണ്ടുംപിടുത്തം നടത്തിയ ആളാണ് പ്രകാശ് കാരാട്ട് എന്ന് വി.ഡി. സതീശൻ പറഞ്ഞു. അതിന് പിന്തുണ കൊടുത്തയാളാണ് പിണറായി. അവരുടെ മനസിലുള്ളത് മുഴുവൻ കോൺഗ്രസ് വിരുദ്ധതയാണ്. ബിജെപിയുമായി കോംപ്രമൈസ് ചെയ്താലും കോൺഗ്രസിനെ തകർക്കണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. അവരുടെ ദൂഷിത വലയത്തിൽപ്പെടാതെ മുന്നോട്ട് പോയാൽ എം.എ. ബേബിക്ക് മതേതര നിലപാട് സ്വീകരിക്കാൻ കഴിയും. അവരുടെ ദൂഷിത വലയത്തിൽപ്പെടാതെ അദ്ദേഹം സൂക്ഷിക്കണം എന്നാണ് തനിക്ക് പറയാനുള്ളതെന്നും സതീശൻ പറഞ്ഞു.
അതേസമയം, ജബൽപൂരിൽ ആക്രമിക്കപ്പെട്ട ക്രൈസ്തവ പുരോഹിതന്റെ വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ്, സംഘപരിവാറിന്റെ പിന്തുണയോട് കൂടിയാണ് ആക്രമണങ്ങൾ നടക്കുന്നതെന്ന് പറഞ്ഞു. ഇതിന്റെ ഭാഗമാണ് ജബൽപൂരിലെ ആക്രമണം. രാജ്യം വളരെ മോശമായ സ്ഥിതിയിലേക്ക് പോകുകയാണെന്നും ന്യൂനപക്ഷങ്ങൾ വലിയ രീതിയിൽ ആക്രമിക്കപ്പെടുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു. ജബൽപൂരിൽ ആക്രമിക്കപ്പെട്ട ക്രൈസ്തവ പുരോഹിതന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു പ്രതികരണം. വഖഫ് ബില്ല് കഴിഞ്ഞു ഇനി ചർച്ച് ബില്ല് വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരു ന്യൂനപക്ഷ സമുദായത്തെയും അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെയും വേട്ടയാടാൻ സമ്മതിക്കില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.