ഗുജറാത്തിലെ മുസ്ലീം വംശഹത്യ തുറന്നു കാണിച്ചതിന് പിന്നാലെയാണ് ഹിന്ദുത്വ വാദികള്‍ എമ്പുരാനെതിരെ വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടത്
പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് ഇ.പി. ജയരാജൻ. സിനിമയെ സിനിമയായി കാണണം. ആർഎസ്എസ് പറയുന്നതേ സിനിമയാകാവൂ എന്നുണ്ടോയെന്നും ഇപി ചോദിച്ചു. സിപിഐഎമ്മിന് എതിരെയുള്ള എത്ര സിനിമകൾ ഇറങ്ങിയിരിക്കുന്നു, അതിനെയൊന്നും ഞങ്ങൾ ആരും എതിർത്തില്ലല്ലോ എന്നും ഇ.പി. ജയരാജൻ പറഞ്ഞു.
ഗുജറാത്തിലെ മുസ്ലീം വംശഹത്യ തുറന്നു കാണിച്ചതിന് പിന്നാലെയാണ് ഹിന്ദുത്വ വാദികള്‍ എമ്പുരാനെതിരെ വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടത്. ചിത്രം റിലീസ് ആയതിന് പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ചിത്രം ബഹിഷ്‌കരിക്കാനും സംഘപരിവാര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
നിരവധി സംഘപരിവാര്‍ അനുകൂലികളാണ് താരങ്ങളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് താഴെ അസഭ്യവര്‍ഷവും അധിക്ഷേപ പരാമര്‍ശങ്ങളും നടത്തുന്നത്. എമ്പുരാന്റെ ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുകള്‍ പങ്കുവെച്ചും, പൃഥ്വിരാജിനെതിരെ ഫേസ്ബുക്ക് കുറിപ്പുകളുമായും പലരും രംഗത്തെത്തി. ഗുജറാത്ത് കലാപം അടക്കം ചൂണ്ടിക്കാട്ടി സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളാണ് നേതാക്കളെ ചൊടിപ്പിച്ചത്.
എമ്പുരാന്റെ സ്‌ക്രീനിങ് കമ്മിറ്റിയിലുള്ള ആര്‍എസ്എസ് നോമിനികള്‍ക്ക് നേരെ ബിജെപി കോർ കമ്മിറ്റിയിൽ വിമര്‍ശനമുയർന്നിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു വിമർശനം. ബിജെപിയുടെ സാംസ്‌കാരിക സംഘടനയായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജിഎം മഹേഷ് അടക്കം നാല് പേരാണ് സ്‌ക്രീനിങ് കമ്മിറ്റിയിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ സംഘടനാതല നടപടിയുണ്ടാകുമെന്ന സൂചനയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റിയില്‍ നല്‍കിയത്.