എക്സാലോജിക് കമ്പനി ഉടമ വീണ തൈക്കണ്ടിയില്‍, സിഎംആര്‍എല്‍ കമ്പനിയുടെ പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരാണ് കേസിൽ പ്രതികള്‍
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടിക്കേസ് രാഷ്ട്രീയമായി നേരിടുമെന്ന് സിപിഐഎം. കേസ് കേസായി കൈകാര്യം ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. പാർട്ടിക്ക് അതിനകത്ത് ഒരു പ്രശ്നവുമില്ല. കേസിനെ പാര്‍ട്ടിക്കെതിരായി ഉപയോഗിക്കുമ്പോഴാണ് രാഷ്ടീയമായി നേരിടുമെന്ന് പറഞ്ഞതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
എസ്എഫ്ഐഒ ഇടപെടൽ ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവിന് ഉറപ്പുണ്ടായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. തങ്ങൾക്ക് ലഭിക്കേണ്ട സേവനം കിട്ടിയിട്ടില്ല എന്ന് സിഎംആർഎൽ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെയൊരു കേസുമില്ല. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയ്ക്ക് സേവനം കൊടുത്തിട്ടുണ്ട്. അഴിമതിയില്ല, ദുരുപയോഗമില്ല എന്ന് കോടതി പറഞ്ഞിട്ടുണ്ട്. അഴിമതിയില്ല എന്ന് മൂന്ന് കോടതി പറഞ്ഞുവെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, സിഎംആര്‍എല്‍ - എക്സാലോജിക് കരാറില്‍ വീണാ വിജയനെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) പ്രതിചേര്‍ത്തതിനു പിന്നാലെ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ആവശ്യപ്പെട്ടു. നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത് ഈ കേസ് ഒത്തുതീർപ്പാക്കാനാണെന്ന് സംധാകരൻ ആരോപിച്ചു. ആരോപണത്തിന് കൃത്യമായ തെളിവുണ്ട്. മധുരയിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണം. അന്തസ്സും അഭിമാനവും ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം. പലനാൾ കള്ളൻ ഒരു നാൾ കുടുങ്ങും എന്നും സുധാകരൻ പറഞ്ഞു. സിപിഐഎമ്മിലെ കൂടുതൽ നേതാക്കൾക്ക് കേസിൽ പങ്കുണ്ടെന്ന് കരുതുന്നില്ല. മുഖ്യമന്ത്രി സമ്പാദിക്കുന്ന പണം മുഴുവനും മക്കൾക്കാണ്. മുഖ്യമന്ത്രി രാജി വെച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെപിസിസി അധ്യക്ഷൻ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണാ തൈക്കണ്ടിയില്‍, സിഎംആര്‍എല്‍ കമ്പനിയുടെ പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരാണ് കേസിൽ പ്രതികള്‍. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ പി. സുരേഷ് കുമാര്‍, ജോയിന്റ് എംഡി ശരണ്‍ എസ്. കര്‍ത്ത, ഓഡിറ്റര്‍ എ.കെ. മുരളീകൃഷ്ണന്‍, അനില്‍ ആനന്ദ് പണിക്കര്‍, സഹ കമ്പനികളായ നിപുണ ഇന്റര്‍നാഷണല്‍, സജ്‌സ ഇന്ത്യ, എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവരാണ് എസ്എഫ്ഐഒയുടെ പ്രതിപ്പട്ടികയിലുള്ളത്. വീണാ തെക്കണ്ടിയില്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കമ്പനി നിയമം അനുസരിച്ച് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയം നല്‍കിയ വിചാരണാ അനുമതി അനുസരിച്ചാണ് എസ്എഫ്‌ഐഒ നടപടി. സേവനം നല്‍കാതെ വീണാ തൈക്കണ്ടിയില്‍ 2.7 കോടി രൂപ കൈപ്പറ്റി. രാഷ്ട്രീയ നേതാക്കള്‍ക്ക് സിഎംആര്‍എല്‍ 182 കോടി രൂപ കോഴയായി നല്‍കി. കര്‍ത്തയുടെ മരുമകന്‍ ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മിഷന്‍ നല്‍കി. സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റിയെന്നിങ്ങനെയാണ് പ്രതികൾക്കെതിരെയുള്ള ആരോപണം.