സിപിഎം-ബിജെപി ഡീല്‍ കാരണമാണ് കേസ് എങ്ങുമെത്താതെ പോയതെന്നാണ് ടി.എന്‍ പ്രതാപൻ
കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് എംവി ഗോവിന്ദന്‍. കേസ് കൈമാറിയിട്ടും ഇഡി അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് ചോദ്യം. പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി. എതിര്‍ പാര്‍ട്ടികള്‍ക്കെതിരായ ആരോപണങ്ങള്‍ ഇഡിയെ ഉപയോഗിച്ച് അന്വേഷിക്കുമ്പോള്‍, ഈ കേസ് എന്തുകൊണ്ടാണ് ഇഡി അന്വേഷിക്കാത്തതെന്നും എം.വി ഗോവിന്ദന്‍ ചോദിച്ചു.
എല്‍ഡിഎഫ് നേരത്തെ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ശരിവയ്ക്കുന്നതാണ് ബിജെപി ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലെന്ന് എല്‍ഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രതികരിച്ചു. ചാക്കു കെട്ടുകളിലാക്കി കുഴല്‍ പണം ബിജെപി ഓഫീസിലേക്കെത്തിച്ചു എന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് തിരൂര്‍ സതീശ് സ്വകാര്യ നടത്തിയത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനുമായി പണവുമായി എത്തിയ ധര്‍മ്മരാജന്‍ കൂടിക്കാഴ്ച നടത്തി എന്ന് കൂടി പറയുന്നുണ്ട്. ബിജെപി നേതാക്കളുടെ അറിവോടു കൂടിയാണ് ധര്‍മ്മരാജന് താമസ സൗകര്യമൊരുക്കിയതെന്നും ഇദ്ദേഹം പറയുന്നുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് 35 കോടി രൂപ ബിജെപി കേരള ഘടകത്തിന് കുഴല്‍പ്പണമായി എത്തി എന്നാണ് വാര്‍ത്തകളിലൂടെ വ്യക്തമായത്. കുഴല്‍പ്പണം കൊടകരയില്‍ വച്ച് കവര്‍ന്ന കേസാണ് കേരള പൊലീസ് അന്വേഷണം നടത്തിയത്. കവര്‍ച്ച കേസിലെ പ്രതികളെ പിടി കൂടിയെങ്കിലും ഉറവിടം സംസ്ഥാനത്തിന് പുറത്തായതിനാല്‍ ഇതു സംബന്ധിച്ച് ഇഡി അന്വേഷിക്കണമെന്ന് കേരള പൊലിസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ ഇഡി ഈ കേസില്‍ ചെറു വിരലനക്കിയില്ല. ഇക്കാര്യം പല സന്ദര്‍ഭങ്ങളിലും എല്‍ഡിഎഫ് ജില്ലാ കമിറ്റി പരസ്യ പ്രസ്താവനയിലൂടെ ഉന്നയിച്ചിട്ടുണ്ട്. ജില്ലയിലെ യുഡിഎഫോ വലതു മാധ്യമങ്ങളോ ഇക്കാര്യത്തില്‍ യാതൊരു തരത്തിലും പ്രതികരിക്കാന്‍ തയ്യാറായില്ല. കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസിലും ഇഡി നടപടി എടുത്തില്ല.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേരള പൊലിസും തുടര്‍ നടപടികള്‍ സ്വീകരിക്കണം. ഇഡി ഇക്കാര്യത്തില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണം. ബിജെപി കേന്ദ്ര സംസ്ഥാന നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രതികരിച്ചു.
ബിജെപിയുടെതല്ല കള്ളപ്പണമെങ്കില്‍ ഇഡി അക്കാര്യം അന്വേഷിച്ച് കണ്ടെത്തട്ടെയെന്ന് എ.എ. റഹീം പ്രതികരിച്ചു. ഇഡി പണി പിന്നെ എന്താണ്? നോട്ട് കയ്യില്‍ വെക്കാന്‍ പാടില്ല എന്ന് പറഞ്ഞ മോദിയുടെ അഭിപ്രായമെന്താണെന്നും എ.എ. റഹീം ചോദിച്ചു.
തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൊടകര കുഴല്‍പ്പണ കേസില്‍ പുനരന്വേഷണം വേണമെന്ന് മുന്‍ എംപി ടി.എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു. സിപിഎം-ബിജെപി ഡീല്‍ കാരണമാണ് കേസ് എങ്ങുമെത്താതെ പോയതെന്നാണ് ടി.എന്‍. പ്രതാപന്റെ ആരോപണം.
കൊടകര കുഴല്‍പ്പണ കേസിലെയും കുട്ടനല്ലൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെയും പ്രതികള്‍ ഒന്നാണെന്നായിരുന്നു മുന്‍ എംഎല്‍എ അനില്‍ അക്കരെയുടെ ആരോപണം. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസും കൊടകര കേസും പരസ്പരം ഡീല്‍ ആക്കുകയാണുണ്ടായതെന്നും അനില്‍ അക്കരെ പറഞ്ഞു.