പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കും എന്നായിരുന്നു പ്രധാന വാഗ്ദാനം. തട്ടിപ്പ് പദ്ധതിക്കിട്ട പേര് വിമന്‍ ഓണ്‍ വീല്‍സ്.
കേരളം ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ തട്ടിപ്പാണ് സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് എന്നാണ് നിലവില്‍ പുറത്തുവരുന്ന സൂചനകള്‍. അതിസാധാരണക്കാരായ മനുഷ്യരില്‍ നിന്ന് ആയിരം കോടിയിലധികം രൂപയാണ് അനന്തു കൃഷ്ണനും സംഘവും കബളിപ്പിച്ചുകൊണ്ടുപോയത്. യഥാര്‍ഥ ചിത്രം പുറത്തുവരുമ്പോള്‍ തട്ടിപ്പിന്റെ വ്യാപ്തി ഇതിലും വലുതായേക്കാം. ബിജെപി, കോണ്‍ഗ്രസ് നേതാക്കളെ ഉദ്ഘാടന വേദിയിലെത്തിച്ച് വിശ്വാസ്യത പിടിച്ചുപറ്റിയായിരുന്നു ഈ വമ്പന്‍ തട്ടിപ്പ്.
ആട്, മാഞ്ചിയം, തേക്ക്, അത്ഭുതമരുന്നുകള്‍, ആധ്യാത്മികം, സോളാര്‍, പണമിരട്ടിപ്പ്, പുരാവസ്തു എന്നിങ്ങനെ വമ്പന്‍ തട്ടിപ്പുകള്‍ ഒരുപാട് കണ്ടതാണ് നമ്മുടെ നാട്. പക്ഷേ ഇന്നേക്കും കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ തട്ടിപ്പ് എന്ന രൂപത്തിലേക്കാണ് സിഎസ്ആര്‍ ഫണ്ട് തട്ടിപ്പിന്റെ വാര്‍ത്ത വളരുന്നത്.
വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ ലാഭത്തിലൊരു വിഹിതം സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ സമൂഹനന്മയ്ക്കായി നല്‍കണമെന്നത് നിയമപരമായ നിബന്ധനയാണ്. അങ്ങനെ മാറ്റിവയ്ക്കുന്ന പണത്തിന്റെ ഒരു ഓഹരി നേടിത്തരാം എന്ന പേരിലായിരുന്നു ഈ വമ്പന്‍ തട്ടിപ്പ് പരിപാടി. സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും തയ്യല്‍ മെഷീനും ലാപ്‌ടോപ്പും കാര്‍ഷികോപകരണങ്ങളുമെല്ലാം വാങ്ങിനല്‍കുമെന്ന് വാഗ്ദാനം ചെയ്ത് സാധാരണക്കാരുടെ പണം കവര്‍ന്നുകൊണ്ടു പോവുകയായിരുന്നു.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. കണ്ണൂരില്‍ നിന്ന് മാത്രം തട്ടിച്ചെടുത്തത് 700 കോടിയിലേറെ രൂപ. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം രണ്ടായിരത്തിലേറെ പരാതിക്കാരുണ്ട്. ഇടുക്കിയില്‍ നിലവിലെ പരാതിക്കാര്‍ 350. ആലപ്പുഴയിലെ കണക്ക് വരുന്നതേയുള്ളൂ. അനന്തു അറസ്റ്റിലായതോടെയാണ് വഞ്ചിക്കപ്പെട്ടവര്‍ പരാതിയുമായി എത്തിത്തുടങ്ങിയത്. ഈ വാര്‍ത്ത തയ്യാറാക്കുന്ന നിമിഷവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ മണിക്കൂറിലെ വലുപ്പമാകില്ല ഈ വമ്പന്‍ തട്ടിപ്പിന് വരും മണിക്കൂറുകളില്‍. 1000 കോടിയിലേറെയെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് തത്കാലം അനുമാനിക്കാം.
എന്‍ജിഒകളുടെ കോണ്‍ഫെഡറേഷന്‍ നേതാവെന്ന് കളവ് പ്രചരിപ്പിച്ചാണ് പ്രതി അനന്തു കൃഷ്ണന്‍ തട്ടിപ്പ് പദ്ധതിക്ക് കളമൊരുക്കിയത്. നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷണല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇയാള്‍ ചെറു കൂട്ടായ്മകളേയും സ്വയം സഹായ സംഘടനകളേയും വിശ്വസിപ്പിച്ചു. സംസ്ഥാനത്തുടനീളം വിപുലമായ മേളകള്‍ സംഘടിപ്പിച്ചായിരുന്നു വിശ്വാസ്യത നേടിയെടുത്തത്. തട്ടിപ്പിനായി 62 സീഡ് സൊസൈറ്റികള്‍ രൂപീകരിച്ചു!
രാഷ്ട്രീയ നേതാക്കളുടെ സൗഹൃദവും സാന്നിധ്യവുമായിരുന്നു തട്ടിപ്പിന്റെ മൂലധനം. ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണനെ വിവിധ വേദികളില്‍ പദ്ധതി ഉദ്ഘാടകനായി എത്തിച്ചു. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ പദ്ധതിയുടെ നിയമോപദേശകയാക്കി.
പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കും എന്നായിരുന്നു പ്രധാന വാഗ്ദാനം. തട്ടിപ്പ് പദ്ധതിക്കിട്ട പേര് വിമന്‍ ഓണ്‍ വീല്‍സ്. പകുതി പണം നേരിട്ട് അനന്തു കൃഷ്ണന്റെ അക്കൗണ്ടിലേക്ക് അയക്കണം. ബാക്കി തുക സിഎസ്ആര്‍ ഫണ്ടില്‍ നിന്നും കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ നിന്നും എത്തുമെന്ന് വാഗ്ദാനം. ഇത് വിശ്വസിച്ച ആയിരക്കണക്കിന് സ്ത്രീകള്‍ സ്‌കൂട്ടറിന്റെ പകുതി പണം പ്രതിയുടെ മൂന്ന് അക്കൗണ്ടുകളിലായി അയച്ചുനല്‍കി.
അനന്തു കൃഷ്ണന്റെ ഒറ്റ ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപ എത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ മൂന്ന് കോടി രൂപ മാത്രമാണ് നിലവില്‍ ശേഷിക്കുന്നത്. ബാക്കി പണം എവിടെ? ഈ നിമിഷം ഇതും അജ്ഞാതം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് കൊച്ചി യൂണിറ്റിലെ സംഘമാണ് തട്ടിപ്പ് അന്വേഷിക്കുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് ഇപ്പോള്‍ മരവിപ്പിച്ചിട്ടുണ്ട്. സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന എന്‍ജിഒകളും സംശയത്തിന്റെ നിഴലിലാണ്.
അധ്വാനത്തില്‍ നിന്ന് സ്വരുക്കൂട്ടിയും ചിട്ടി പിടിച്ചും വട്ടിപ്പലിശക്കെടുത്തും ഇത്തിരി കൂടി മെച്ചപ്പെട്ടൊരു ജീവിതപരിസരത്തിനായി സാധാരണക്കാരായ മനുഷ്യര്‍ നല്‍കിയതാണ് ഇപ്പോള്‍ പുറത്തുകൊണ്ടിരിക്കുന്ന ആയിരം കോടിയോ അതിലേറെയോ വരുന്ന തട്ടിപ്പ് പണത്തിന്റെ പെരുക്കക്കണക്ക്. ഇരകളെല്ലാവരും സ്ത്രീകളും കര്‍ഷകരും സാധാരണക്കാരും. തട്ടിച്ചുകടത്തിയ പണത്തിന്റെ വിയര്‍പ്പുമൂല്യം കണക്കിലെടുക്കേണ്ട, സംഖ്യയുടെ വലുപ്പത്തില്‍ തന്നെ, ഇന്നോളം കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാകും അത്.
ഒരു അനന്തു കൃഷ്ണന്‍ ഒറ്റയ്ക്ക് നടത്തിയതാണോ ഈ വമ്പന്‍ തട്ടിപ്പ്? ആരൊക്കെ ഈ പട്ടിണിപ്പണത്തിന്റെ പങ്കുപറ്റിയിട്ടുണ്ട്? തട്ടിച്ചെടുത്ത ആയിരം കോടിയിലധികം എവിടെ? വിദേശത്തേക്ക് കടത്തിയോ? എല്ലാത്തിനും ഉത്തരം കിട്ടുമെന്നും ഇടപെട്ടവരെല്ലാം കുടുങ്ങുമെന്നും പ്രതീക്ഷിക്കാം. കാത്തിരിക്കാം.