ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമാണ് ഇത്തവണ ഡൽഹിയിൽ രേഖപ്പെടുത്തിയത്
കാൽനൂറ്റാണ്ടിന് ശേഷം ഡെൽഹിയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് അഭിപ്രായ സർവേ ഫലങ്ങൾ. പ്രധാനപ്പെട്ട എല്ലാ ഏജൻസികളുടെയും എക്സിറ്റ് പോളുകളിൽ ബിജെപിക്കാണ് മുൻതൂക്കം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ആംആദ്മി തരംഗത്തിന് സാക്ഷ്യം വഹിച്ച ഡെൽഹി ഇത്തവണ വിധി തിരുത്തുമെന്നാണ് പ്രവചനം. കോൺഗ്രസ് ഇത്തവണയും കാര്യമായ മുന്നേറ്റമുണ്ടാക്കില്ലെന്നും എക്സിറ്റ് ഫോൾ ഫലങ്ങൾ.
ബിജെപിക്ക് കേവല ഭൂരിപക്ഷം പ്രവചിച്ചാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. 35 മുതൽ 60 വരെ സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് വിവിധ സർവേകളുടെ പ്രവചനം. ബിജെപി 60 വരെ സീറ്റുകൾ നേടുമെന്നാണ് പീപ്പിൾസ് പൾസ് സർവേ ഫലം. ആംആദ്മി പാർട്ടി 10 മുതൽ 19 വരെ സീറ്റുകൾ നേടുമെന്നും കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കാനാകില്ലെന്നും പീപ്പിൾസ് പൾസ് പ്രവചിക്കുന്നു.
ബിജെപി 39 മുതൽ 49 വരെ സീറ്റുകളും, എഎപി 21 മുതൽ 31 സീറ്റുകളും കോൺഗ്രസ് ഒരു സീറ്റും നേടുമെന്നാണ് പി മാർക്ക് സർവേ ഫലങ്ങൾ. മെട്രിസ് ബിജെപിക്ക് 40 സീറ്റുകളും , എഎപിക്ക് 37 സീറ്റുകളും, കോൺഗ്രസിന് ഒരു സീറ്റും പ്രവചിക്കുന്നു.
പീപ്പിൾസ് ഇൻസൈറ്റ് ബിജെപി 44 സീറ്റുകളും, എഎപി 29 സീറ്റുകളും, കോൺഗ്രസ് രണ്ട് സീറ്റുകളും നേടുമെന്ന് പ്രവചിച്ചു. ചാണക്യ മാത്രമാണ് കോൺഗ്രസിന് മൂന്ന് സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചിച്ചിട്ടുള്ളത്. 44 സീറ്റുകൾ വരെ നേടി ബിജെപി അധികാരത്തിലെത്തുമെന്നാണ് ചാണക്യയുടെ സർവേഫലങ്ങൾ.
എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി എഎപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. എക്സിറ്റ് പോൾ ഫലങ്ങളും യാഥാർത്ഥ്യവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് എഎപിയുടെ പ്രതികരണം.അതേസമയം എക്സിറ്റ് പോൾ ഫലങ്ങളിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. അഴിമതി വിരുദ്ധ സർക്കാരിനായി ഡെൽഹിയിലെ ജനം വിധിയെഴുതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പ്രതികരിച്ചു.
എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെയുള്ള അഴിമതി ആരോപണമാണ് ബിജെപിയുടെ പ്രധാന ആയുധം. എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ തങ്ങളുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എഎപി പ്രചാരണം നടത്തിയത്. ശക്തമായ വെല്ലുവിളി ഉയർത്തി കോൺഗ്രസും ഇത്തവണ മത്സര രംഗത്തുണ്ട്. വോട്ടിംഗ് ദിനത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയത്.
അരവിന്ദ് കെജ്‌രിവാള്‍ ഇത്തവണയും ന്യൂഡല്‍ഹിയിലെ സീറ്റില്‍ നിന്നാണ് മത്സരിക്കുന്നത്. ബിജെപിയുടെ പര്‍വേഷ് വര്‍മയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതുമാണ് എതിരാളികള്‍. അതിഷി കല്‍കാജി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് നേതാവ് അല്‍കാ ലാംബയും ബിജെപിയുടെ രമേഷ് ബിന്ധൂരിയുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍. എഎപിയുടെ മനീഷ് സിസോദിയ, ബിജെപിയുടെ താര്‍വിന്ദര്‍ സിംഗ് മര്‍വ, കോണ്‍ഗ്രസിൻ്റെ ഫര്‍ഹാദ് സുരി, സത്യേന്ദര്‍ ജെയിന്‍, കര്‍ണെയില്‍ സിങ് എന്നിവരും മത്സരിക്കുന്നു.
വിവാദങ്ങളും രാഷ്ട്രീയ വാഗ്വാദങ്ങളും നിറഞ്ഞ പ്രചരണ കാലത്തിനൊടുവിലാണ് ഡൽഹി പോളിംഗ് ബൂത്തിലെത്തുന്നത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തിറങ്ങിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് പ്രചാരണം നയിച്ചു. അരവിന്ദ് കെജ്‌രിവാളും അതിഷിയുമായിരുന്നു എഎപിയുടെ പ്രധാന പ്രചാരകർ. മദ്യനയ അഴിമതിയിൽ തുടങ്ങി, കെജ്‌രിവാളിൻ്റെ വസതി മോടിപിടിപ്പിച്ചതും കടന്ന്, യമുനയിലെ മലിനീകരണത്തിൽ വരെ അവസാനനാളുകളിൽ പ്രചാരണമെത്തി. ഡൽഹിയിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയിൽ മോദി ഉയർത്തിയ ശീഷ് മഹൽ ആരോപണം തെരഞ്ഞെടുപ്പിൻ്റെ തലേന്ന് ലോക്‌സഭയിലും ആവർത്തിച്ചു.
Also Read; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: സീലംപൂരിൽ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് ബിജെപി, നിഷേധിച്ച് പൊലീസ്
എഴുപതിൽ യഥാക്രമം 67, 62 സീറ്റുകൾ വീതം നേടിയാണ് 2015ലും 2020ലും ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ഭരണത്തുടർച്ചയിൽ കുറഞ്ഞൊന്നും ഇക്കുറിയും എഎപി പ്രതീക്ഷിക്കുന്നില്ല. 1993 മുതൽ 98 വരെ ബിജെപി അധികാരത്തിലിരുന്ന സംസ്ഥാനമാണ് ഡൽഹി. ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഡൽഹിയിൽ ബിജെപി മിന്നും പ്രകടനം നടത്തിയപ്പോഴും കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പകളിലും രണ്ടക്കത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്രാവശ്യം വലിയ മുന്നേറ്റമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി. കഴിഞ്ഞ രണ്ടുവട്ടവും സംപൂജ്യരായ കോൺഗ്രസ് ആശ്വസിക്കാനുള്ള വകയാണ് തേടുന്നത്. പ്രത്യേകിച്ച് തുടർച്ചയായി 15 വർഷം ഡൽഹിയിൽ അധികാരത്തിലിരുന്ന പാർട്ടിയെന്ന നിലയിൽ.
ബജറ്റിൽ പ്രഖ്യാപിച്ച ആദായനികുതി ഇളവുകൾ ഡൽഹിയിലെ മധ്യവർഗത്തെ സ്വാധീനിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. കഴിഞ്ഞ രണ്ട് തവണയും 50 ശതമാനത്തിലധികം വോട്ടുകൾ നേടി ഡെൽഹിയിലെ ലോക്സഭാ സീറ്റുകളെല്ലാം വിജയിച്ചതും ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ജനസംഖ്യയുടെ 42 ശതമാനം വരുന്ന, ബിഹാർ, കിഴക്കൻ യുപി എന്നിവിടങ്ങളിലെ പ്രദേശങ്ങളടങ്ങുന്ന പൂർവാഞ്ചൽ മേഖലയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ഡൽഹിയിലെ പ്രധാന വോട്ടുബാങ്ക്. ബിജെപിക്കും എഎപിക്കും സ്വാധീനമുള്ള ഈ വോട്ടുകൾ തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും. ദളിത് -പിന്നാക്ക, ന്യൂനപക്ഷ വോട്ടുകളിലാണ് കോൺഗ്രസിൻ്റെ കണ്ണ്.
13 ശതമാനമുള്ള മുസ്ലിം വോട്ടുകൾ നിർണായകമായ എട്ട് മണ്ഡലങ്ങളുണ്ട്. ഈ വോട്ടുകളിൽ ഒരുപങ്ക് ലക്ഷ്യമിട്ടാണ് അസദുദീൻ ഒവൈസിയുടെ എഐഎംഐഎം മത്സരരംഗത്തുള്ളത്. 17 ശതമാനത്തോളമുള്ള ദളിത് വോട്ടുകൾ, 25-ഓളം മണ്ഡലങ്ങളിൽ ജയപരാജയങ്ങളെ സ്വാധീനിക്കും. അഞ്ച് ശതമാനമുള്ള സിഖ് വോട്ടുകളും പത്തോളം മണ്ഡലങ്ങളിൽ നിർണായകമാണ്. ന്യൂനപക്ഷ-ദളിത് വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു ഇത്തവണ കോൺഗ്രസിൻ്റെ പ്രചാരണമേറെയും. ന്യൂനപക്ഷ വോട്ടുകളിൽ കോൺഗ്രസ് വിള്ളൽ വീഴ്‌ത്തുമോയെന്ന ആശങ്കയും എഎപി ക്യാമ്പിലുണ്ട്. അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി അധികാരത്തിലെത്തിയ കെജ്‌രിവാളിന് എഎപി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ പൊള്ളയെന്ന് തെയിക്കാൻ തെരഞ്ഞെടുപ്പ് ജയിച്ചേ തീരൂ.