ഇതിന് പകരമായി 'മികച്ച നേതാവായ ബിബിക്ക്' എന്ന അടയാളപ്പെടുത്തിയ, ഇരുവരുമൊത്തുള്ള ചിത്രമാണ് ട്രംപ് നെതന്യാഹുവിന് സമ്മാനിച്ചത്
യുഎസ് സന്ദർശനത്തിനിടെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് പേജർ സമ്മാനിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒരു സ്വർണ പേജറും ഒരു സാധാരണ പേജറുമാണ് ട്രംപിന് നെതന്യാഹു സമ്മാനിച്ചത്. ഹിസ്ബുള്ളക്കെതിരെ 2024 സെപ്റ്റംബറില്‍ മൊസാദ് നടപ്പിലാക്കിയ പേജർ ഓപ്പറേഷനെ സൂചിപ്പിക്കുന്നതായിരുന്ന നെതന്യാഹുവിന്‍റെ ഉപഹാരം.
15 മാസക്കാലം നീണ്ട ഗാസ യുദ്ധത്തിന് താൽക്കാലിക വിരാമമിട്ട വെടിനിർത്തല്‍ കരാറിന്‍റെ ആദ്യഘട്ടം പൂർത്തിയാകുന്ന ഘട്ടത്തിലായിരുന്നു നെതന്യാഹുവിൻ്റെയും ട്രംപിൻ്റെയും കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ നെതന്യാഹുവിൻ്റെ ഉപഹാരമേറ്റുവാങ്ങിയ ട്രംപ്, പേജർ ആക്രമണത്തെ 'ഗംഭീര'മെന്ന് വിശേഷിപ്പിച്ചതായാണ് റിപ്പോർട്ട്. ഉറ്റസുഹൃത്തിന് തിരിച്ച് സമ്മാനം നൽകാനും ട്രംപ് മറന്നില്ല. 'മികച്ച നേതാവായ ബിബിക്ക്' എന്ന അടയാളപ്പെടുത്തിയ, ഇരുവരുമൊത്തുള്ള ചിത്രമാണ് നെതന്യാഹുവിന് ട്രംപ് സമ്മാനിച്ചത്.
മൂവായിരത്തോളം പേജറുകളും വാക്കിടോക്കികളും ഒരുമിച്ച് പൊട്ടിത്തെറിച്ച ആക്രമണമായിരുന്നു മൊസാദിൽ നടന്നത്. ഹിസ്ബുള്ളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു ഇത്. സെപ്റ്റംബർ 17, 18 തീയതികളിൽ ഉണ്ടായ പേജർ സ്ഫോടനങ്ങളെ തുടർന്ന്, 40ഓളം പേർ മരണപ്പെടുകയും, 3000ത്തോളം ഹിസ്ബുള്ള അംഗങ്ങൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി ഹിസ്ബുള്ള അംഗങ്ങൾക്ക് കൈകാലുകളിലെ വിരലുകളും, കാഴ്ചാശക്തിയും നഷ്ടപ്പെട്ടതായും റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. യുദ്ധക്കെടുതി നേരിടുന്ന പലസ്തീനികൾ ഈജിപ്ത്, ജോർദാൻ തുടങ്ങിയ മധ്യപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് മാറണമെന്ന നിർദേശവും ട്രംപ് ആവർത്തിച്ചു. നേരത്തെ യുഎസ് പ്രസിഡന്‍റിന്‍റെ ഈ നിർദേശം പലസ്തീനികളും ഇരു രാജ്യങ്ങളും തള്ളിക്കളഞ്ഞിരുന്നു. വെസ്റ്റ് ബാങ്ക് അധിനിവേശത്തിൽ അടുത്ത നാലാഴ്ചയ്ക്കുള്ളിൽ നിലപാട് പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു. നെതന്യാഹുവിൻറെ യുഎസ് സന്ദർശനത്തിനു പിന്നാലെ ഇരുനേതാക്കളുമൊന്നിച്ച് വിളിച്ചുചേർത്ത സംയുക്ത വാർത്താസമ്മേളനത്തിലായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനങ്ങൾ.
"ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും, ഞങ്ങൾ അതിനായി പരിശ്രമിക്കും. ഞങ്ങൾ അത് സ്വന്തമാക്കും", ട്രംപ് പറഞ്ഞു. ഗാസയിൽ പൊട്ടാത്ത ശേഷിക്കുന്ന ബോംബുകൾ അമേരിക്ക നീക്കം ചെയ്യുമെന്നും, 'സ്ഥലം നിരപ്പാക്കുമെന്നും', തകർന്ന കെട്ടിടങ്ങൾ നീക്കം ചെയ്യുമെന്നും, പ്രദേശത്തെ ജനങ്ങൾക്ക് പരിധിയില്ലാത്ത തൊഴിലവസരങ്ങളും വീടുകളും നൽകുന്ന സാമ്പത്തിക വികസനം സൃഷ്ടിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഗാസ പുനർനിർമ്മിക്കാനുള്ള ഏകമാർഗം ഇതുമാത്രമാണ് എന്ന് ട്രംപ് വാദിക്കുന്നു. എന്നാൽ ഇത്തരത്തിൽ വികസിക്കുന്ന പ്രദേശത്തേക്ക് തിരികെ എത്തുക പലസ്തീനികളല്ല എന്ന തരത്തിലുള്ള സൂചനയും ട്രംപിന്റെ വാക്കുകളിലുണ്ട്. ഗാസയിലെ രണ്ട് ദശലക്ഷം നിവാസികൾ മാനുഷിക താൽപ്പര്യങ്ങളുള്ള മറ്റ് രാജ്യങ്ങളിലേക്ക് പോകണം എന്നാണ് ട്രംപിന്റെ നിർേദശം.