fbwpx
അവകാശികളില്ലാത്ത കാര്‍, കാറിനുള്ളില്‍ 52 കിലോ സ്വര്‍ണവും 11 കോടി രൂപയും; സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി
logo

ന്യൂസ് ഡെസ്ക്

Last Updated : 05 Feb, 2025 05:02 PM

വനത്തിനുള്ളില്‍  ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഇന്നോവയിലായിരുന്നു 52 കിലോ സ്വര്‍ണവും 11 കോടി രൂപയും കണ്ടെത്തിയത്

NATIONAL


കഴിഞ്ഞ ഡിസംബറിലാണ് മധ്യപ്രദേശിലെ ഭോപ്പാലില്‍ ആദായനികുതി വകുപ്പും ലോകായുക്ത പൊലീസും നടത്തിയ റെയ്ഡില്‍ കിലോക്കണക്കിന് സ്വര്‍ണവും കോടിക്കണക്കിന് രൂപയും കണ്ടെത്തിയത്. വനത്തിനുള്ളില്‍  ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഇന്നോവയിലായിരുന്നു 52 കിലോ സ്വര്‍ണവും 11 കോടി രൂപയും കണ്ടെത്തിയത്.

അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ അഴിമതിയിലേക്കാണ് അന്വേഷണം വിരല്‍ചൂണ്ടിയത്. കാറില്‍ കണ്ടെത്തിയ സ്വര്‍ണവും പണവും ആരുടേതാണെന്നതായിരുന്നു ആദ്യത്തെ ചോദ്യം. ഇഡിയും ആദായ വകുപ്പും റവന്യൂ ഇന്റലിജന്‍സും (DRI) ലോകായുക്തയും സംയുക്തമായി നടത്തുന്ന അന്വേഷണം ചെന്നെത്തിയത് മധ്യപ്രദേശ് ഗതാഗത വകുപ്പിലെ മുൻ കോൺസ്റ്റബിൾ സൗരഭ് ശര്‍മ എന്നയാളിലാണ്.



സൗരഭ് ശര്‍മയുടെ സാമ്രാജ്യം

2024 ഡിസംബറില്‍ നടന്ന റെയ്‌ഡോടു കൂടിയാണ് സൗരഭ് ശര്‍മയുടെ അദൃശ്യ സാമ്രാജ്യം വെളിച്ചത്തായി തുടങ്ങിയത്. സൗരഭ് ശര്‍മയുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍ നടന്ന റെയ്ഡില്‍ പണവും സ്വര്‍ണവും സ്വത്തും ഉള്‍പ്പെടെ എട്ട് കോടിയുടെ അനധികൃത സമ്പാദ്യമാണ് കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് ഭോപ്പാലിലെ കാട്ടിനുള്ളില്‍ ഇന്നോവയും പണവും സ്വര്‍ണവും കണ്ടെത്തിയത്.

ഒരു പൊലീസുകാരനില്‍ നിന്ന് തുടങ്ങിയ അന്വേഷണത്തില്‍ പുറത്തു വന്നത് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരുമെല്ലാം ഉള്‍പ്പെടുന്ന മധ്യപ്രദേശ് മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞ വന്‍ ശൃംഖലയാണ്. പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ത്രിശൂല്‍ കണ്‍സ്ട്രക്ഷന്‍സ് ഉടമ രാജേഷ് ശര്‍മ അടക്കമുള്ളവരുടെ വീടുകളിലും റെയ്ഡ് നടന്നു. ശര്‍മയുടെ പത്തോളം ലോക്കറുകളും 5 ഏക്കര്‍ ഭൂമി വാങ്ങിയതിന്റെ രേഖകളും കണ്ടെടുത്തു. കെട്ടിട നിര്‍മാതാക്കള്‍ക്കിടയില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് കോടി രൂപയും ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളും ഭൂമിയും സ്വത്തും സമ്പാദിച്ചതുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിരുന്നു.


ALSO READ: കാട്ടിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ ഇന്നോവ; കാറിനുള്ളില്‍ 52 കിലോ സ്വര്‍ണ ബിസ്കറ്റും 10 കോടി രൂപയും ! 



കൂട്ടിച്ചേര്‍ക്കാനാകാത്ത പൊരുത്തക്കേടുകള്‍


കണ്ടുകെട്ടിയ സ്വത്തുക്കളെക്കുറിച്ചുള്ള ലോകായുക്തയുടെ റിപ്പോര്‍ട്ടിങ്ങില്‍ വലിയ പൊരുത്തക്കേടുകള്‍ കോടതി രേഖകളിലൂടെ വെളിപ്പെട്ടത്തോടെ ആശയക്കുഴപ്പം വര്‍ധിച്ചു. ആദ്യ ഘട്ടത്തില്‍ 7.98 കോടി രൂപ കണ്ടെത്തിയെന്ന് പറഞ്ഞ ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പിന്നീട് സ്വര്‍ണവും വെള്ളിയും അടക്കം വെറും 55 ലക്ഷം രൂപയുടെ വസ്തുക്കള്‍ മാത്രമാണ് കണ്ടെത്തിയതെന്ന് തിരുത്തി. ഈ പൊരുത്തക്കേടുകള്‍ അഴിമതി വിരുദ്ധ അന്വേഷണ ഏജന്‍സിയുടെ അവഗണനയിലേക്കോ, അല്ലെങ്കില്‍ മനപ്പൂര്‍വമായി തെറ്റിദ്ധരിപ്പിക്കുന്നതിലേക്കോ ആണ് വിരല്‍ചൂണ്ടുന്നത്.



കാറിന്റെ ഉടമ ഇപ്പോഴും അജ്ഞാതന്‍



രാജ്യത്തെ പ്രമുഖ ഏജന്‍സികളെല്ലാം സംയുക്തമായി അന്വേഷിച്ചിട്ടും കാട്ടിനുള്ളില്‍ കണ്ടെത്തിയ വെളുത്ത ഇന്നോവയുടെ ഉടമ ഇപ്പോഴും കാണാമറയത്ത് തന്നെ എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ചേതന്‍ ഗൗര്‍ എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. സൗരഭ് ശര്‍മയുമായി അടുത്ത ബന്ധമുള്ളയാളാണ് ചേതന്‍ ഗൗര്‍. എന്നാല്‍, കാറിലെ പണവും സ്വര്‍ണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ചേതന്‍ ഗൗറിന്റെ വാദം. ഇതുവരെ കണ്ടെത്താനാകാത്ത 'ഏതോ' ഡ്രൈവര്‍ക്ക് കാറ് വാടകയ്ക്ക് നല്‍കിയിട്ടുണ്ടെന്നാണ് ഗൗര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്, കാണാമറയത്തിരിക്കുന്ന ഡ്രൈവര്‍ ആരാണെന്ന് ഇപ്പോഴും അജ്ഞാതം.

അതേസമയം, റെയ്ഡ് നടന്ന രാത്രി സൗരഭ് ശര്‍മയുടെ വീടിന് സമീപത്തായി ഇതേ വെള്ള ഇന്നോവയുള്ളതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നിട്ടും ലോകായുക്തയ്ക്ക് വാഹനം തടയാനോ പിടിച്ചെടുക്കാനോ കഴിഞ്ഞില്ല. പ്രമഖര്‍ ഉള്‍പ്പെട്ട കേസില്‍ ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ ചോര്‍ന്നിരിക്കാമെന്നും തെളിവുകള്‍ നീക്കാന്‍ സമയം നല്‍കിയെന്നുമെന്ന സംശയത്തിലേക്ക് എത്തുന്നതും ഇതോടുകൂടിയാണ്.



അതിര്‍ത്ത് കടന്ന് അന്വേഷണം



നിലവില്‍ മധ്യപ്രദേശിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകായണ് ഉദ്യോഗസ്ഥര്‍. സ്വര്‍ണക്കടത്ത് അടക്കമുള്ള സാധ്യതകളാണ് അന്വേഷണ സംഘം തിരയുന്നത്. സൗരഭ് ശര്‍മയുടെ സാമ്പത്തിക ഇടപാടുകള്‍ ദുബായ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലടക്കമുണ്ടെന്നാണ് സൂചന. 52 ജില്ലകളിലെ ഗതാഗത ഉദ്യോഗസ്ഥരെ പ്രതികളായ 100 കോടി രൂപയുടെ ഇടപാടുകളാണ് ഇതുവരെ പുറത്തു വന്നത്.


രാഷ്ട്രീയപ്പോര്



മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍, കേസ് കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിച്ച ദിഗ്വിജയ് സിങ് ഇഡി, ഐടി വകുപ്പിന്റെ അന്വേഷണത്തിന്മേല്‍ പ്രത്യേക നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അഴിമതിക്കെതിരെ നിരന്തരമായ പോരാട്ടമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പോരാട്ടത്തില്‍ പ്രതിജ്ഞാബദ്ധരാണെന്നുമായിരുന്നു ആരോപണത്തിന് മറുപടിയായി ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ പ്രതികരണം.

നിലവില്‍ സൗരഭ് ശര്‍മയും സഹായികളായ ചേതന്‍ ഗൗര്‍, ശരദ് ജെയ്‌സ്വാള്‍ എന്നിവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കോടികളുടെ അനധികൃത സ്വര്‍ണവും പണവും കണ്ടെത്തിയ കേസില്‍ ഈ മൂവര്‍ സംഘത്തിനപ്പുറത്തേക്ക് ഒരാളെ പോലും പിടികൂടാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല.

Also Read
user
Share This

Popular

NATIONAL
KERALA
ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ; ഡൽഹിയുടെ വിധി കാത്ത് മുന്നണികൾ