രണ്ട് പേരെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും ചെന്താമരയ്ക്ക് ഇപ്പോഴും കൊലവെറി തീർന്നിട്ടില്ല. പുഷ്‌പയെ കൈവിട്ടതിൽ മാത്രമാണ് നിരാശ. ഇന്ന് എലവഞ്ചേരി അഗ്രോ എക്യുപ്സ് എന്ന സ്ഥാപനത്തിലെത്തിച്ചാണ് പ്രതി ചെന്താമരയുമായി തെളിവെടുപ്പ് നടത്തിയത്.
നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര റിമാൻഡിൽ.കുറ്റബോധമില്ലെന്നും എൻ്റെ കുടുംബത്തെ തകർത്തെന്നും ചെന്താമര മാധ്യമങ്ങളോട് പറഞ്ഞു. ചെന്താമരയെ കൊലപാതകത്തിനുപയോഗിച്ച കത്തി വാങ്ങിയ സ്ഥാപനത്തിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തി . എന്നാൽ ചെന്താമര ഇവിടെ നിന്ന് കത്തി വാങ്ങിയിട്ടില്ലെന്ന് സ്ഥാപന ഉടമ മാധ്യമങ്ങളോട് പ്രതികരിച്ചു. കത്തി മേടിച്ചതിന് തെളിവുകൾ ഉണ്ടെന്നായിരുന്നു ആലത്തൂർ ഡിവൈഎസ്പിയുടെ പ്രതികരണം.
രണ്ട് പേരെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും ചെന്താമരയ്ക്ക് ഇപ്പോഴും കൊലവെറി തീർന്നിട്ടില്ല. പുഷ്‌പയെ കൈവിട്ടതിൽ മാത്രമാണ് നിരാശ. ഇന്ന് എലവഞ്ചേരി അഗ്രോ എക്യുപ്സ് എന്ന സ്ഥാപനത്തിലെത്തിച്ചാണ് പ്രതി ചെന്താമരയുമായി തെളിവെടുപ്പ് നടത്തിയത്. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും ലക്ഷ്മിയെയും കൊല്ലാൻ ഉപയോഗിച്ച കത്തി മേടിച്ചത് ഇവിടെ നിന്നാണെന്ന് പ്രതി മൊഴി നൽകിയിരുന്നത്. എന്നാൽ ചെന്താമരയ്ക്ക് കത്തി വിറ്റിട്ടില്ല എന്നായിരുന്നു സ്ഥാപന ഉടമയുടെ പ്രതികരണം
ചെന്താമര കത്തി വാങ്ങിയതിന് തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂർ ഡിവൈഎസ്പി വ്യക്തമാക്കി. ചെന്താമര കാട് വെട്ടാനെന്ന് പറഞ്ഞ് എലവഞ്ചേരിയിലെ മറ്റൊരു കടയിൽ നിന്നും കത്തി വാങ്ങിയിരുന്നു. ഇവിടെയും തെളിവെടുപ്പ് നടത്തി. കടയുടമ ചെന്താമരയെ തിരിച്ചറിഞ്ഞു.ഇന്നലെ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടന്നതെങ്കിൽ, ഇന്ന് മുപ്പതോളം പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചെന്താമരയുമായി പൊലീസ് പ്രദേശത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. കനത്ത പൊലീസ് സുരക്ഷയിൽ നടത്തിയ തെളിവെടുപ്പിൽ, ഒരു കൂസലുമില്ലാതെയാണ് പ്രതി പൊലീസിനോട് കൊലപാതക വിവരങ്ങൾ വ്യക്തമാക്കിയത്. ആലത്തൂർ കോടതി രണ്ടു ദിവസത്തെ കസ്റ്റഡി അനുവദിച്ചതിനെ തുടർന്നാണ് ഇന്നലെ പ്രതി ചെന്താമരയുമായി അന്വേഷണ സംഘം തെളിവെടുപ്പിനായി പോത്തുണ്ടിയിലെ ബോയൻ കോളനിയിലെത്തിയത്. 40 മിനിറ്റാണ് തെളിവെടുപ്പ് നീണ്ടത്.
അയൽവാസിയായ സുധാകരനെയും, അമ്മ ലക്ഷ്മിയെയും എങ്ങനെ കൊന്നുവെന്ന് ഒരു കൂസലുമില്ലാതെ വിശദീകരിച്ചു. പിന്നീട് കൊലപാതകത്തിന് ശേഷം ആയുധം ഒളിപ്പിച്ച ചെന്താമരയുടെ വീട്, മൊബൈൽ ഫോൺ ഉപേക്ഷിച്ച സ്ഥലം, ഒളിവിൽ പോയ സ്ഥലം, പ്രതിയെ കണ്ടെത്തിയ സ്ഥലം എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തി. ജനുവരി 27നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനും, അമ്മ ലക്ഷ്മിയും കൊല്ലപ്പെട്ടത്. ജനുവരി 28 ന് പ്രതി ചെന്താമരയെ അറസ്റ്റ് ചെയ്തു.