സാധാരണയായി ഉണ്ടാകാറുള്ള ചീർലീഡേഴ്സോ വെടിക്കെട്ടോ ഒന്നും ഇന്നത്തെ മത്സരത്തിലില്ല
ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഐപിഎൽ താരങ്ങളും. ഇന്ന് ഹൈദരബാദ് രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൺറൈസേഴസ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള ആദരസൂചകമായി താരങ്ങളും മറ്റ് ഒഫീഷ്യൽസും കയ്യിൽ കറുത്ത ബാൻഡ് ധരിച്ചാണ് എത്തിയത്.
മാച്ച് ആരംഭിക്കുന്നതിന് മുൻപ് താരങ്ങളും മാച്ച് ഒഫീഷ്യല്‍സും സപ്പോര്‍ട്ടിംഗ് സ്റ്റാഫും കാണികള്‍ ഒന്നാകെയും ഒരു മിനുട്ട് മൗനമാചരിക്കുകയും ചെയ്തു. സാധാരണയായി ഉണ്ടാകാറുള്ള ചീർലീഡേഴ്സോ വെടിക്കെട്ടോ ഒന്നും ഇന്നത്തെ മത്സരത്തിലില്ല. ടോസ് വേളയിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയും സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസും പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു. ഇന്നത്തെ മത്സരത്തിൽ ബിസിസിഐ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
വൈകിട്ട് 7.30നാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്- മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ മത്സരം ആരംഭിച്ചത്. എട്ട് കളികളില്‍ എട്ട് പോയന്‍റുള്ള മുംബൈ ഇന്ത്യൻസ് പോയന്‍റ് പട്ടികയില്‍ ആറാമതാണ്. ഏഴ് കളികളില്‍ നാലു പോയന്‍റ് മാത്രമുള്ള ഹൈദരാബാദ് ആകട്ടെ പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്.
ALSO READ: കുൽഗാമിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ടിആർഎഫ് കമാൻഡറെ സൈന്യം വളഞ്ഞതായി റിപ്പോർട്ട്
ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി, ഗൗതം ഗംഭീർ, ശുഭ്മാൻ ഗിൽ, പാർഥിവ് പട്ടേൽ, ആകാശ് ചോപ്ര, മനോജ് തിവാരി, യുവരാജ് സിംഗ്, ഇഷാന്ത് ശർമ, ഇർഫാൻ പത്താൻ, സുരേഷ് റെയ്ന തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങൾ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.