വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കെ.കെ. കൊച്ച്
ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് (76) അന്തരിച്ചു. ഇന്ന് രാവിലെ 11.20 നായിരുന്നു അന്ത്യം. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കോട്ടയം ജില്ലയിലെ കല്ലറയില്‍ 1949 ഫെബ്രുവരി 2 നാണ് ജനനം. സംഘാടകനും എഴുത്തുകാരനുമാണ് കെ.കെ. കൊച്ച്. കെ.എസ്.ആര്‍.ടിസിയില്‍ നിന്ന് സീനിയര്‍ അസിസ്റ്റന്റായി 2001 ല്‍ വിരമിച്ചു. ആനുകാലികങ്ങളിലും ടിവി ചാനല്‍ ചര്‍ച്ചകളിലും ദലിത്പക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഇടപെടുന്നു.
കേരളത്തിലെയും ഇന്ത്യയിലെയും ദളിത് കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്ത മൗലിക ചിന്തകനാണ് കെ.കെ. കൊച്ച്.
'ദലിതന്‍' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികള്‍