ദലിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി. കെ. പ്രഭാകരനെയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം സസ്‌പെൻഡ് ചെയ്തത്
ദിവ്യ എസ്. അയ്യർ ഐഎഎസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമൻ്റ് ഇട്ട ദളിത് കോൺഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു. ദലിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി. കെ. പ്രഭാകരനെയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം സസ്‌പെൻഡ് ചെയ്തത്. ദിവ്യ എസ്. അയ്യർ, സിപിഐഎം നേതാവ് കെ. കെ. രാഗേഷിനെ പുകഴ്ത്തിക്കൊണ്ട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കർണന് പോലും അസൂയ തോന്നുന്ന കെ. കെ. ആർ കവചമെന്നായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുള്ള രാഗേഷിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ദിവ്യ പോസ്റ്റിട്ടത്.
അവരുടെ കുറിപ്പിൻ്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തതു കൊണ്ട് "ദിവ്യയ്ക്ക് ഔചിത്യബോധമില്ല" എന്ന വി. എം. സുധീരൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ്, കാഞ്ഞിരമറ്റം സ്വദേശി ടി.കെ. പ്രഭാകരൻ, അശ്ലീലം നിറഞ്ഞ വാക്കുകൾ കൊണ്ട് ദിവ്യ എസ്. അയ്യരെ അപമാനിച്ചത്. കോൺഗ്രസ് സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല ഇയാളുടെ പരാമർശം എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് ഇയാളെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുന്നതെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അറിയിച്ചു.