fbwpx
പ്രണയം ... രതി... ആത്മസംഘർഷങ്ങൾ; കിം എന്ന ചലച്ചിത്ര മാന്ത്രികൻ
logo

ശാലിനി രഘുനന്ദനൻ

Last Updated : 11 Dec, 2024 12:51 PM

സമരിറ്റൻ ഗേളിലൂടെ ബെർലിൻ ചലച്ചിത്രമേളയിലും ത്രി അയേണിലൂടെ വെനീസ് ചലച്ചിത്രമേളയിലും മികച്ച സംവിധായകനായി തെര‍ഞ്ഞെടുക്കപ്പെട്ടു. 2011 ൽ കാൻഫെസ്റ്റിവെലിൽ അരിറാംഗ് എന്ന ഡോക്യമെന്ററിലിലൂടെ അതേ നേട്ടം ആവർത്തിച്ചു. ഇതോടെ മൂന്ന് പ്രധാന യൂറോപ്യൻ മേളകളിലും പുരസ്കാരം നേടുന്ന ആദ്യ ദക്ഷിണകൊറിയൻ സംവിധാകനായി കിം.

MOVIE





ആസ്വാദകർ കണ്ടു ശീലിച്ച സിനിമാ സംസ്കാരങ്ങളെ വെല്ലുവിളിച്ച ആവിഷ്കാരങ്ങൾ, രതിയും, വൈകാരിക പ്രകടനങ്ങളും, അതിതീവ്രമായ ആത്മസംഘർഷങ്ങളും എന്നുവേണ്ട അന്നോളം സിനിമ ഒളിച്ചുകടത്തിയ പലതിനേയും തുറന്നുകാണിച്ച സൃഷ്ടികൾ.സിനിമ എന്ന മാധ്യമത്തെ സ്വപ്നത്തിൽ പോലും കാണാതിരുന്ന കാലവും കടന്ന് സിനിമാലോകത്തിൻ്റെ നെറുകയിലേക്ക് നടന്നുകയറിയ കലാകാരൻ. കിം കി ഡൂക്ക് എന്ന സംവിധായകനെ ലോകസിനിമയിൽ വ്യത്യസ്തനാക്കിയ ഘടകങ്ങൾ ഏറെയാണ്. കിമ്മിന്റെ സിനിമകളിലൂടെ സിനിമാപ്രേമികൾ പുതിയ കാഴ്ചാശീലങ്ങളെ പരിചയിച്ചു. അന്താരാഷ്ട്ര സിനിമകളെ നെഞ്ചേറ്റിയ കേരളത്തിലെ ആരാധകർക്ക് അവരുടെ പ്രയപ്പെട്ട വിദേശ ചലച്ചിത്രകാരന്മാരുടെ പേരെടുത്താൽ ആദ്യസ്ഥാനങ്ങളിൽ തന്നെ കിം ഉണ്ടാകും എന്ന കാര്യത്തിൽ തർക്കമില്ല.

കിം ചിത്രങ്ങളിലെ ലൈംഗികതയും വയലൻസുമെല്ലാം വിമർശകരെ സജീവമാക്കി നിർത്തിയപ്പോൾ സിനിമപ്രേമികളെ ഉന്മാദത്തിൻ്റെ , ആസ്വാദനത്തിൻ്റെ വിവിധ തലങ്ങളിലേക്ക് കൈപിടിച്ചുയർത്തി. ലൗകിക സാത്വികഭാവങ്ങളിൽ ഒരഭിനവ ബുദ്ധനെ തന്നെ കിം വരച്ചിട്ടു.



1996ൽ ക്രോക്കഡൈൽ എന്ന ചിത്രവുമായി കിം സംവിധായകനായി അരങ്ങേറ്റം നടത്തി. പിന്നീട് തുടർവർഷങ്ങളിലും കിം ചിത്രങ്ങൾ പ്രേക്ഷകരിലേക്കെത്തി. വൈല്‍ഡ് ആനിമല്‍സ്, ബേഡ്കേജ് ഇന്‍, ദി ഐല്‍, അഡ്രസ് അണ്‍നോണ്‍, ബാഡ് ഗയ്, ദി കോസ്റ്റ് ഗാര്‍ഡ് തുടങ്ങി കത്തുന്ന പ്രമേയങ്ങളുമായെത്തെയിയ ചിത്രങ്ങൾ ഒരേ സമയം വിമർശകരെ വെല്ലുവിളിക്കുന്നതും ആസ്വാദകരെ അതിശയിപ്പിക്കുന്നതുമായിരുന്നു. അടിസ്ഥാനപരമായി മനുഷ്യൻ ഒരു ഹിംസാത്മ ജീവിയെന്ന് കിം തൻ്റെ ചിത്രങ്ങളിലൂടെ അടിവരയിട്ട് പറഞ്ഞു. മറയില്ലാത്ത സെക്സും, വയലൻസും, ബ്ലാക്ക് ഹ്യൂമറും കൊണ്ട് നെയ്തെടുത്ത കിം ചിത്രങ്ങളെ കൊറിയക്കാർ അത്ര കണ്ട് സ്വീകരിച്ചിരുന്നില്ല. എന്നാൽ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആ ശൈലിയെ നിറഞ്ഞ ആവേശത്തോടെ വരവേറ്റു.

2003 ൽ ഇറങ്ങിയ സിപ്രിംഗ് സമ്മർ ഫാൾ വിന്‌റർ ആന്റ് സ്പ്രിംഗ് എന്ന ചിത്രത്തിലൂടെ കിം എന്ന സംവിധായകൻ ലോകസിനിമാ ഭൂപടത്തിൽ തൻ്റേതായ സ്ഥാനം നേടിയെടുക്കുന്നത്.മനുഷ്യ ജീവിതത്തിന്റെ ആത്മീയവും ഭൗതികവുമായ ജീവിതത്തിൻ്റെ സമ്മിശ്ര ഭാവം അതിൽ കാണാം. മനുഷ്യജീവിതത്തിൻ്റെ സംഘർഷങ്ങളുമായി, പ്രകൃതിയുടെ നിയമങ്ങളിലൂടെ, ഋതുഭേദങ്ങളിലൂടെ സഞ്ചരിച്ച ചിത്രം. ഒരു കവിത പോലെ മനോഹരമായി മനുഷ്യതൃഷ്ണയെ അവതരിപ്പിച്ച ദി ബോ,പ്രണയവും രതിയും കെട്ടുപിണഞ്ഞ ത്രി അയേൺ,അതിർത്തി വലകളിൽ കുടുങ്ങി പോയ മീൻ പിടുത്തക്കാരനെ അടയാളപ്പെടുത്തിയ ദി നെറ്റ്, തുടങ്ങി മറ്റൊരാളോട് കഥപറഞ്ഞ് ഫലിപ്പിക്കാനാകാത്ത വിധം ആസ്വാദകരെ ഭ്രമിപ്പിച്ച അവേശക്കാഴ്ചകൾ പലതായിരുന്നു.


Also Read; ചരിത്രം! ഗോൾഡൻ ഗ്ലോബിൽ രണ്ട് നോമിനേഷൻ നേടി പായൽ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'


സമരിറ്റൻ ഗേളിലൂടെ ബെർലിൻ ചലച്ചിത്രമേളയിലും ത്രി അയേണിലൂടെ വെനീസ് ചലച്ചിത്രമേളയിലും മികച്ച സംവിധായകനായി തെര‍ഞ്ഞെടുക്കപ്പെട്ടു. 2011 ൽ കാൻഫെസ്റ്റിവെലിൽ അരിറാംഗ് എന്ന ഡോക്യമെന്ററിലിലൂടെ അതേ നേട്ടം ആവർത്തിച്ചു. ഇതോടെ മൂന്ന് പ്രധാന യൂറോപ്യൻ മേളകളിലും പുരസ്കാരം നേടുന്ന ആദ്യ ദക്ഷിണകൊറിയൻ സംവിധാകനായി കിം.



പിയാത്തയും, മൊബിയസും പോലുള്ള ചിത്രങ്ങളിലെ ലൈംഗിക അതിപ്രസരവും, ക്രൂരതയും, രക്തച്ചൊരിച്ചിലുമൊന്നും അത്ര നിസാരമായി ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് കഴിഞ്ഞതുമില്ല. പലരും തീയേറ്ററുകളിൽ കുഴഞ്ഞു വീണു. എഴുന്നേറ്റ് പുറത്തേക്കോടി. വിമർശകർ രൂക്ഷമായ ഭാഷയിൽ കിമ്മിനെ കുത്തിനോവിച്ചു. ക്രൂരമായ വിഷ്വലുകൾ തീയേറ്ററുകളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയപ്പോൾ അക്രമകാരിയായ ചലച്ചിത്രകാരനെന്ന് ക്രിട്ടിക്കുകൾ കിമ്മിനെ മുദ്രകുത്തി. അതിനിടെ ജീവിതത്തിലും കിം വിവാദനായകനായി. മൊബിയസിൽ അഭിനയിച്ച നടിതന്നെ കിമ്മിനെതിരെ ആരോപണവുമായി രംഗത്തുവന്നു. ആ സമയം കിം പൊതുവേദികളിൽ നിന്ന് അകന്നു.തുടർന്ന് കിമ്മിൻ്റെ ആവിഷ്കാരങ്ങളിൽ പലതിനും കത്രിക വീണു. എന്നാൽ അനധികൃതമായി ഡൗൺലോഡ് ചെയ്തും തന്റെ ചിത്രങ്ങൾ കാണാനാണ് കിം പ്രേക്ഷകരോട് പറഞ്ഞു.


എന്നാൽ മനസാന്നിധ്യം വീണ്ടെടുത്ത സിനിമാപ്രേമികൾ വീണ്ടും വീണ്ടും കിം ചിത്രങ്ങൾക്കായി നീണ്ട വരികളിൽ കാത്തുനിന്നു. തിക്കിതിരക്കിയും. നിന്നും, നിലത്തിരുന്നും, മലയാളികളുൾപ്പടെയുള്ള പ്രേക്ഷകർ കിം ചിത്രങ്ങൾക്കായി സ്വന്തം കണ്ണും കാതും നീക്കി വച്ചു. സ്ഥിരം സദാചാരമൂല്യങ്ങളും, പൊതു ബോധവും, ലൈംഗികതയുടെ അതിർ വരമ്പുകളുമെല്ലാം മാറ്റിവച്ച് അവർ കിം ചിത്രങ്ങളെ ഏറ്റെടുത്തു. ഒപ്പം ഏറെ ഗൗരവത്തോടെ വിമർശിച്ചു.പൊതുസമൂഹത്തെ ഭയന്ന് സാധാരണ മനുഷ്യർ ഉള്ളിലടിച്ചമർത്തിവച്ച വികാരങ്ങളേയും വിചാരങ്ങളേയും കിം നിർവചിക്കാൻ‌ കൂടി ശ്രമിച്ചിരുന്നു എന്നു വിലയിരുത്തി. ഇരുപതോളം ചിത്രങ്ങൾക്കാണ് കിം ജീവൻ നൽകിയത്. അതിനിടയിൽ അരിറാംഗ് മാത്രം വേറിട്ടു നിൽക്കുന്നു. കൊറിയൻ നാടോടിഗാനത്തിന്റെ പേരായ അരിറാംഗ്. കിമ്മിനെ സംബന്ധിച്ചിടത്തോളം അത് സ്വന്തം ജീവിതമായിരുന്നു.


ഡ്രീം എന്ന ചിത്രത്തിലെ നായികയുടെ തൂങ്ങിമരണം ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച അപകടം. കഴുത്തിൽ കുരുക്കുമുറുകിയ നായികയെ കിം തന്നെ രക്ഷപ്പെടുത്തിയെങ്കിലും അത് അദ്ദേഹത്തിന് മാനസികാഘാതം ഏൽപ്പിച്ചിരുന്നു. ചിത്രം ലോകപ്രശസ്തമായെങ്കിലും കിം വിഷാദലോകത്തിലേക്ക് എടുത്തെറിയപ്പെട്ടു. പിന്നീട് മൂന്നുവർഷക്കാലം അരിരാംഗ് മലനിരകളിലെ ഏകാന്ത ജീവിതം. താനനുഭവിച്ച ഏകാന്തതയുടെ ലോകത്തെ, അതിജീവനത്തെ കിം ക്യാമറയിൽ പകർത്തി ലോകത്തിന് നൽകി.

കിമ്മിൻ്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ .....

‘മനുഷ്യനെപ്പറ്റി എനിക്കു പഠിപ്പിച്ചു തന്നെ പാഠങ്ങൾ, പ്രകൃതിയോടു നന്ദി പറയാൻ എന്നെ പഠിപ്പിച്ച നാളുകൾ....

അതെല്ലാമാണ് അറിറാങ്.....

2019ൽ പുറത്തിറങ്ങിയ ‘ഡിസോൾവ്’ ആണ് കിമ്മിൻ്റെ അവസാന ചിത്രം


Also Read; ഹാരി പോട്ടര്‍ സീരീസ് വരുന്നു; 2025ല്‍ ഷൂട്ടിംഗ് ആരംഭിക്കും


പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ കിംകി ഡൂക്കിനെ പ്രേക്ഷകർ സ്വീകരിച്ചത് അദ്ദേഹത്തെ തന്നെ ഞെട്ടിച്ചുകൊണ്ടായിരുന്നു. ഡിസംബർ മഞ്ഞിനേക്കാൾ കുളിരുള്ള ഓർമ്മയായിരുന്നു അന്ന് തലസ്ഥാനത്തെത്തിയ സിനിമാ പ്രേമികൾക്ക് കിം സമ്മാനിച്ചത്. ചലച്ചിത്രമേളകളിൽ ഇത്തവണ കിമ്മിൻ്റെ പടമില്ലേ എന്നന്വേഷിച്ചിരുന്നവർക്ക് അത്തവണ കിം തന്നെ നേരിട്ടുവരുന്നതറിഞ്ഞ് ആവേശം നിറഞ്ഞു. ഡയലോഗുകൾ മനസിലാക്കാൻ സബ്ടൈറ്റിൽ ആവശ്യമെങ്കിലും മലയാളി പ്രേക്ഷർക്ക കിമ്മിൻ്റെ ഫ്രെയിമുകൾ തിരിച്ചറിയാനും, ആ മുഖത്തെ ഭാവങ്ങൾ അറിയാനും അതാവശ്യമായിരുന്നില്ല. തെരുവുകളിൽ നടക്കാനിറങ്ങിയ കിമ്മിനെ അവർ തിരിച്ചറിഞ്ഞു, അടുത്തു ചെന്നു സ്നേഹം അറിയിച്ചു. ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ ഉച്ചത്തിൽ കിമ്മിന് ജന്മദിനാശംസകൾ നേർന്ന മലയാളിപ്രേക്ഷകരുടെ സ്നേഹത്തിനുമുന്നിൽ മുന്നിൽ ആ സംവിധായകൻ കൈകൂപ്പി. ദ്വിഭാഷിയുടെ സഹായത്തോടെ തന്റെ ആരാധകരോട് സംവദിച്ചു. അവർക്കായി പാട്ടുപാടി. ഇത്തരമൊരു സ്നേഹം നേടിയെടുക്കാൻ റഷ്യൻ മാസ്റ്റർ ചലച്ചിത്രകാരന്മാർക്കോ യൂറോപ്പിലെയോ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേയോ ചലച്ചിത്ര വിസ്മയങ്ങൾക്കോ കഴിഞ്ഞിട്ടുണ്ടോയെന്ന് സംശയമാണ്.


തെക്കൻ കൊറിയയിൽ വടക്കൻ ഗ്യോങ് സാങ് പ്രൊവിൻസിലെ ബോംഘ്വയിലാണ് കിം ജനിച്ചത്. സിനിമ എന്ന കലാരൂപത്തെ ഒരു തവണപോലും കണാൻ സാധിക്കാതിരുന്ന ബാല്യ കൗമാരങ്ങളും അരക്ഷിതമായ ജീവിത സാഹചര്യങ്ങളും കടന്ന് കിം പാരീസിലെത്തി. ചിത്രകലയായിരുന്നു ലക്ഷ്യമെങ്കിലും അവിടെ വച്ച് ജീവിതത്തിലാദ്യമായി കണ്ട സിനിമ എന്ന കാലാരൂപം കിമ്മിനെ റീലുകളുടെ ലോകത്തേക്കെത്തിച്ചു. ഒരു സിനിമ പോലെ തന്നെ ആ ജീവിതവും. 2020 ഡിസംബർ 11 ന്, തൻ്റെ 59 ാം വയസിൽ ലാത്വിയയിലെ ഒരു നഗരത്തിൽ വച്ച് ഈ ലോകത്തോട് വിട പറഞ്ഞ കിം എന്ന സിനിമാ മാന്ത്രികനെ ആരാധകർക്ക് അത്രെളുപ്പത്തിൽ മറക്കാനാകുമായിരുന്നില്ല.ഓരോ രംഗങ്ങളിലും പ്രേക്ഷകരെ ത്രസിപ്പിച്ച, അല്ലെങ്കിൽ ഭീതിയുണർത്തിയ അദ്ദേഹത്തിൻ്റെ കലാ സൃഷ്ടികൾ അവർ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്നു..... ഇനിയുമേറെപ്പേരിലേക്ക് കൈമാറിക്കൊണ്ടിരിക്കുന്നു.

NATIONAL
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: കരട് ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ
Also Read
user
Share This

Popular

NATIONAL
KERALA
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: കരട് ബില്ലിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ