സാങ്കേതിക നടപടികൾ പൂർത്തിയാക്കി ഹർജി തിങ്കളാഴ്ച പരിഗണിക്കാനാണ് സാധ്യത
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി. പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ല. സാങ്കേതിക നടപടികൾ പൂർത്തിയാക്കി തലശ്ശേരി ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച ഹർജി പരിഗണിക്കാനാണ് സാധ്യത. ചടങ്ങിലേക്ക് നേരിട്ട് ക്ഷണിച്ചത് കണ്ണൂർ കളക്ടർ ആണെന്നാണ് ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നത്. കളക്ടർ അരുൺ കെ. വിജയനെതിരെ എഡിഎം ഓഫീസ് ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ദിവ്യയുടെ സംസാരം കളക്ടർ തടഞ്ഞില്ലെന്ന് ജീവനക്കാരിൽ ചിലർ പറഞ്ഞതായാണ് സൂചന. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിൻ്റെ കുടുംബത്തോട് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ മാപ്പ് പറഞ്ഞിരുന്നു. കത്തിലൂടെയായിരുന്നു കളക്ടർ ഖേദപ്രകടനം നടത്തിയത്. പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തിയാണ് കത്ത് കൈമാറിയത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബുവിനെ ചേമ്പറിൽ വിളിച്ചു സംസാരിച്ചിരുന്നതായി കത്തിൻ്റെ ഉള്ളടക്കത്തിൽ പറയുന്നുണ്ട്.
ഈ മാസം 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 14ാം തീയതി കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനം നൊന്താണ് നവീന്‍ബാബു ജീവനൊടുക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
ALSO READ: ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം; രക്ഷപെടാൻ പഴുത് ഉണ്ടാക്കരുത്: രമേശ് ചെന്നിത്തല
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതിന് പിന്നാലെ ആരോപണ വിധേയയായ പി.പി. ദിവ്യയെ ജില്ലാ പ്രസിൻ്റ് സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെ പി.പി. ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. യാത്രയയപ്പ് ദിവസം രാവിലെ ഒരു ഔദ്യോഗിക പരിപാടിയില്‍ വെച്ചാണ് ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്.
സംസാരിച്ചത് സദുദ്ദേശ്യത്തോടെയാണ്. ഏതെങ്കിലും തരത്തില്‍ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള ഒരു പ്രേരണയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധിയല്‍ക്കൊണ്ടു വരിക മാത്രമാണ് ചെയ്തതെന്നും പി.പി ദിവ്യ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.