ആര് ചോർത്തിയെന്നോ എന്തിന് ചോർത്തിയെന്നോ റിപ്പോർട്ടിൽ വ്യക്തതയില്ല
ഇ. പി. ജയരാജൻ്റെ ആത്മകഥ വിവാദത്തെ സംബന്ധിച്ചുള്ള റിപ്പോർട്ട് മടക്കി ഡിജിപി മനോജ് എബ്രഹാം. ആത്മകഥ ചോർന്നത് ഡിസി ബുക്‌സിൽ നിന്നു തന്നെയാണെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ആര് ചോർത്തിയെന്നോ എന്തിന് ചോർത്തിയെന്നോ റിപ്പോർട്ടിൽ വ്യക്തതയില്ല. ഇത് ചൂണ്ടിക്കാട്ടി സംഭവം വീണ്ടും അന്വേഷിച്ച് വ്യക്തത വരുത്തി റിപ്പോർട്ട് നൽകാനും ഡിജിപി നിർദേശം നൽകി.
അതേസമയം എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ പൂർത്തിയാക്കി പാർട്ടിയുടെ അനുമതിയോടെ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഇ.പി. ജയരാജൻ വ്യക്തമാക്കി. ആത്മകഥയുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തകൾ ആസൂത്രിതമാണെന്നും, പോളിങ് ദിനത്തിൽ ഇത്തരത്തിലുള്ള വാർത്ത പുറത്തുവിട്ടത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ഇ.പി. ആരോപിച്ചു.
തൻ്റെ ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അധികാരം തനിക്ക് മാത്രമാണെന്ന് വ്യക്തമാക്കിയ ഇ.പി, കൂലിക്ക് എഴുതിപ്പിക്കുന്ന രീതി ഇല്ലെന്നും പറഞ്ഞു. ആത്മകഥ എഴുതാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇപ്പോൾ പുറത്തു വന്ന ഒരു കാര്യവും താൻ എഴുതിയതല്ലെന്നും, സ്വന്തമായി എഴുതിയ ആത്മകഥ ഉടൻ പുറത്തു വരുമെന്നും ഇ.പി. ജയരാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
"എന്റെ കയ്യക്ഷരം മോശമാണ്. ഭാഷാശുദ്ധിയൊക്കെ വരുത്തി പ്രസിദ്ധീകരിക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്. അധികം താമസിക്കാതെ പുസ്തകം പ്രസിദ്ധീകരിക്കും. ഭാഷാശുദ്ധി വരുത്താനായി ഏൽപിച്ച ആളെ സംശയിക്കുന്നില്ല. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആരെങ്കിലും ഒക്കെ എന്തെങ്കിലും പങ്കുവെച്ചാൽ ഞാൻ അതിന് ഉത്തരവാദിയല്ല. വിവാദത്തിന് മറുപടി നൽകേണ്ടത് ഡിസി ബുക്‌സാണ്. അതിനാണ് വക്കീൽ നോട്ടീസ് കൊടുത്തത്," ഇ.പി. ജയരാജൻ വ്യക്തമാക്കി.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിലെ കരാർ സംബന്ധിച്ച് വീഴ്ച ചൂണ്ടിക്കാട്ടി ഡിസി ബുക്സ് പബ്ലിക്കേഷൻസ് മാനേജരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് കൊണ്ട് ഡിസി ബുക്‌സ് മേധാവി രവി ഡിസിയുടെ മൊഴിയിൽ ആത്മകഥ പ്രസിദ്ധീകരിക്കാൻ കരാർ ഉണ്ടായിരുന്നില്ലെന്നാണ് പറഞ്ഞിരുന്നത്. വിഷയത്തിൽ ഇ.പി. ജയരാജൻ്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്.