കേസിൽ സംസ്ഥാന പൊലീസിൻ്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും, നിക്ഷ്പക്ഷ അന്വേഷണത്തിനായി കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചേർത്തല സ്വദേശിയായ മുരളീധരനാണ് ഹർജി നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സിപിഎം നേതാവ് പ്രതിയായ കേസിൽ സംസ്ഥാന പൊലീസിൻ്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും, നിക്ഷ്പക്ഷ അന്വേഷണത്തിനായി കേസ് കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
കഴിഞ്ഞ ദിവസം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുബത്തിൻ്റെ ഹർജി പരിഗണിച്ച ഹൈക്കോടതി സിബിഐയോട് നിലപാട് തേടിയിരുന്നു. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. എന്നാൽ നവീന്‍ ബാബുവിന്റെ മരണത്തെ എന്ത് അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഡിസംബര്‍ 8 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
എസ്‌ഐടി പേരിന് മാത്രമാണെന്നായിരുന്നു നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ പറഞ്ഞത്. ഹര്‍ജിയില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യ എന്ന പൊലീസ് നിഗമനം മുഖവിലയ്ക്കെടുക്കാന്‍ ആവില്ലെന്നും, അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കുടുംബത്തിൻ്റെ ഹര്‍ജിയില്‍ പറയുന്നു.
സെപ്റ്റംബര്‍ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന, എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.