മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെംഗളൂരു എഫ്‌സി വിജയിച്ചു
ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്രമെഴുതി മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകനും ബെംഗളൂരു എഫ്‌സിയുടെ പ്രധാന സ്ട്രൈക്കറുമായ സുനിൽ ഛേത്രി. ഐഎസ്എൽ പങ്കെടുത്ത 15 ടീമുകൾക്കെതിരെയും ഗോളടിച്ച ആദ്യ താരമെന്ന അപൂർവ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഛേത്രി. മുഹമ്മദൻസിനെതിരായ മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെയാണ് ഛേത്രി ചരിത്രത്തിലിടം പിടിച്ചത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെംഗളൂരു എഫ്‌സി വിജയിച്ചു.
ബുധനാഴ്ചത്തെ മത്സരത്തിൽ എട്ടാം മിനിറ്റിൽ ലോബി മൻസോക്കിയുടെ ഗോളിൽ മുഹമ്മദൻസാണ് ആദ്യം മുന്നിലെത്തിയത്. സമനില ഗോൾ കണ്ടെത്താൻ 82-ാം മിനിറ്റ് വരെ ബെംഗളൂരുവിന് കാത്തിരിക്കേണ്ടി വന്നു. പെനാൽറ്റിയിലൂടെ സുനിൽ ഛേത്രി സമനില ഗോൾ കണ്ടെത്തുകയായിരുന്നു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ 99ാം മിനിറ്റിൽ ഫ്ലോറന്റ് ഒഗിയറിൻ്റെ സെൽഫ് ഗോളിലൂടെ ബെംഗളൂരു ജയവും നിർണായകമായ മൂന്ന് പോയിൻ്റും സ്വന്തമാക്കി.
2015ൽ മുംബൈ സിറ്റി താരമായാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഛേത്രി അരങ്ങേറ്റം കുറിച്ചത്. മുംബൈ സിറ്റിക്കൊപ്പം 17 മത്സരങ്ങളിൽ നിന്നായി ഏഴ് ഗോളുകൾ അടിച്ചുകൂട്ടി. 2017ൽ ബെംഗളൂരു എഫ്‌സി ഐഎസ്എല്ലിന്റെ ഭാഗമായതോടെ സുനിൽ ഛേത്രി അവിടേക്ക് കൂടുമാറി. ആ വർഷം ബെംഗളൂരുവിനെ ഐഎസ്എൽ ചാംപ്യന്മാരാക്കാനും ഛേത്രിക്ക് കഴിഞ്ഞു. ഐഎസ്എല്ലിൽ 164 മത്സരങ്ങൾ കളിച്ച ഛേത്രി ഇതുവരെ 65 ഗോളുകൾ നേടിയിട്ടുണ്ട്.