ഇന്നലെയാണ് പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴി പൂഴിക്കാട്ടുവീട്ടിൽ മേഘ മധുവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മേഘയ്ക്ക് ഐബി ഉദ്യോഗസ്ഥനായ യുവാവുമായി അടുപ്പം ഉണ്ടായിരുന്നു എന്നാണ് പിതൃ സഹോദരൻ പറയുന്നത്. മേഘയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിവില്ലെന്ന് അറിയിച്ച കുടുംബം ഐബിക്കും പേട്ട പൊലീസിനും പരാതി നൽകി.
മേഘയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് ബന്ധത്തിൽ നിന്നും പിന്മാറിയതായാണ് പിതൃ സഹോദരൻ പറയുന്നത്. ഇതിന്റെ മനോവിഷമത്തിലാണ് മേഘ ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നതെന്നും പിതൃ സഹോദരൻ ബിജു കൂട്ടിച്ചേർത്തു.
ഇന്നലെയാണ് പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴി പൂഴിക്കാട്ടുവീട്ടിൽ മേഘ മധുവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 24 കാരിയായ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘ യൂണിഫോമിൽ ഇവിടേക്ക് എത്തുകയായിരുന്നുവെന്നാണ് നിഗമനം. യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുന്നതായി കണ്ടതായി ലോക്കോ പൈലറ്റ് പേട്ട സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചിരുന്നു. പൂനെ-കന്യാകുമാരി എക്സ്പ്രസ് ട്രെയിൻ അരമണിക്കൂറോളം പിടിച്ചിട്ട ശേഷമാണ് മൃതദേഹം മാറ്റിയത്. സംഭവത്തിന് പിന്നാലെ ഇൻ്റലിജൻസ് ബ്യൂറോ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥയാണ് മേഘ.