ശാരീരികമായി കഴിയുന്നിടത്തോളം ഇവിടെ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു 55 കാരനായ ബുക്കര്‍ തന്റെ മാരത്തൺ പ്രസംഗം ആരംഭിച്ചത്.
ട്രംപ് ഭരണകൂടത്തിൻ്റെ നയങ്ങൾക്കെതിരെ മാരണത്തൺ പ്രസംഗവുമായി റെക്കോർഡ് സ്ഥാപിച്ച് ഡെമോക്രാറ്റിക് സെനറ്റർ കോറി ബുക്കർ. 25 മണിക്കൂർ നീണ്ട പ്രസംഗത്തിലൂടെ യുഎസ് സെനറ്റിൽ പുതുചരിത്രമെഴുതിയിരിക്കുകയാണ് കോറി ബുക്കർ. തിങ്കളാഴ്ച രാത്രി ഏഴ് മണിക്ക് തുടങ്ങിയ പ്രസംഗം 25 മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടു. സൗത്ത് കരോലിനയിലെ സെനറ്റർ സ്ട്രോം തർമണ്ടിൻ്റെ 24 മണിക്കൂറും 18 മിനിറ്റും എന്ന മുൻ റെക്കോർഡ് ഇതോടെ കോറി ബുക്കർ മറികടന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ശതകോടീശ്വരനും ഡോജ് തലവനുമായ ഇലോൺ മസ്‌കിനെയും ലക്ഷ്യം വച്ചായിരുന്നു കോറി ബുക്കറുടെ പ്രസംഗം. ശാരീരികമായി കഴിയുന്നിടത്തോളം ഇവിടെ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു 55 കാരനായ ബുക്കര്‍ തന്റെ മാരത്തൺ പ്രസംഗം ആരംഭിച്ചത്. മണിക്കൂറുകൾ നീണ്ട പ്രസംഗത്തിനിടെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് സഹപ്രവര്‍ത്തകരായ ഡെമോക്രാറ്റ് സെനറ്റര്‍മാര്‍ ബുക്കറിന് ഇടവേളയെടുക്കാന്‍ സഹായിച്ചിരുന്നു. നിയമവാഴ്ച, ഭരണഘടന, അമേരിക്കൻ ജനതയുടെ ആവശ്യങ്ങൾ എന്നിവയോട് അവഗണന കാണിക്കുന്നതാണ് ട്രംപിന്റെ നയങ്ങളെന്ന് കോറി ബുക്കർ പ്രസംഗത്തിൽ ആരോപിച്ചു.
ALSO READ: പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം; ആളപായമോ, നാശ നഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല
1975ൽ പൗരാവകാശ നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ സ്‌ട്രോം തര്‍മോണ്ട് 24 മണിക്കൂറിലധികം നീണ്ട പ്രസംഗം അവതരിപ്പിച്ചത്. കറുത്തവർഗക്കാരുടെ വോട്ടവകാശത്തിന്റെ ഫെഡറൽ സംരക്ഷണം വിപുലീകരിക്കുന്ന ബിൽ തടയുകയെന്നതായിരുന്നു സ്ട്രോം തർമോണ്ടിൻ്റെ ലക്ഷ്യം. എന്നാൽ ഒരു പ്രത്യേക ബിൽ തടയാനോ നിയമനിർമാണത്തിലെ നടപടി വൈകിപ്പിക്കാനോ ആയിരുന്നില്ല കോറി ബുക്കറിൻ്റെ ലക്ഷ്യം. താൻ ഇവിടെയെത്തിയത് സ്ട്രോം തർമണ്ടോൻ്റെ പ്രസംഗം കൊണ്ടല്ലെന്നും കോറി ബുക്കർ പ്രസംഗത്തിൽ വ്യക്തമാക്കി.
ട്രംപിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള കോറി ബുക്കറിൻ്റെ പ്രസംഗം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്. നിരവധി ആരാധകർ കോറി ബുക്കറിൻ്റെ പ്രസംഗം എഡിറ്റ് ചെയ്ത് ടിക്ടോക്കിലുൾപ്പെടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.