എന്നാൽ ശശി തരൂരിനെതിരെ കടന്നാക്രമിക്കുകയാണ് കോൺഗ്രസ് മുഖപത്രമായ വീക്ഷണം
കേരളം നിക്ഷേപ സൗഹൃദമെന്ന ലേഖനം എഴുതിയതിൽ ശശി തരൂർ എംപിയെ പ്രശംസിച്ച് ദേശാഭിമാനി ലേഖനം. ശശി തരൂരിന്റെ ലേഖനം സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. വസ്തുതകളുടെ പിൻബലത്തിലാണ് തരൂരിന്റെ ലേഖനമെന്നും ദേശാഭിമാനി ലേഖനത്തിൽ പറയുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ വിമർശനമാണ് ലേഖനത്തിലുള്ളത്. ഇതൊന്നും ഈ നാട്ടിലല്ലെന്ന് പറയുന്ന പ്രതിപക്ഷ നേതാവിന് അസാമാന്യ തൊലിക്കട്ടിയാണെന്നാണ് വിമർശനം.
എന്നാൽ ശശി തരൂരിനെതിരെ കടന്നാക്രമിക്കുകയാണ് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. സർക്കാർ വിരുദ്ധ വികാരം ആളിക്കത്തുമ്പോൾ അതിന് ഊർജം പകരേണ്ടവർ അത് അണയ്ക്കാൻ വെള്ളം ഒഴിക്കുന്നത് വികലമായ രാഷ്ട്രീയ രീതിയാണെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്. ആരാച്ചാർക്ക് അഹിംസ അവാർഡോ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.
എൽഡിഎഫിന്റെ ഭരണക്കെടുതികൾക്കെതിരെ പോരാടുന്ന കോൺഗ്രസിനെ മുണ്ടിൽപിടിച്ച് പുറകോട്ട് വലിക്കുന്നത് ആത്മഹത്യാപരമായിരിക്കും. അനാവശ്യ വിവാദം സൃഷ്ടിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയപ്രതീക്ഷയെ കുരുതികൊടുക്കരുത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ സാഹചര്യങ്ങളും എൽഡിഎഫിന് എതിരായിരിക്കെ യുഡിഎഫ് പരാജയപ്പെട്ടാൽ വലിയ തിരിച്ചടിയാകും ഉണ്ടാകുകയെന്നും
വീക്ഷണം മുഖപ്രസംഗത്തിൽ പറയുന്നു.