2021 ഓഗസ്റ്റിലാണ് പ്രതി അരുൺ രാജ് മൂലക്കോണം സ്വദേശി സന്തോഷ്, പോങ്ങുംമൂട് സ്വദേശി സജീഷ് എന്നിവരെ കൊലപ്പെടുത്തിയത്
അരുൺ രാജ്
മാറനല്ലൂർ ഇരട്ട കൊലക്കേസിൽ പ്രതി അരുൺ രാജിന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 25 വർഷം വരെ പരോൾ അനുവദിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 2021 ഓഗസ്റ്റിലാണ് പ്രതി അരുൺ രാജ് മൂലക്കോണം സ്വദേശി സന്തോഷ്, പോങ്ങുംമൂട് സ്വദേശി സജീഷ് എന്നിവരെ കൊലപ്പെടുത്തിയത്.
മൂലക്കോണം കുക്കിരിപ്പാറ ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ക്വാറിയിൽ പാറ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിയും കൊല്ലപ്പെട്ട സന്തോഷും സജീഷും തമ്മിൽ തർക്കമുണ്ടായിരുന്നു. പാറ ക്വാറിയുടെ നടത്തിപ്പുകാരനായിരുന്നു സന്തോഷ്. ഈ പാറമടയിലെ തൊഴിലാളിലും സുഹൃത്തുമായിരുന്നു കൊല്ലപ്പെട്ട സജീഷ്. അരുൺ രാജും സുഹൃത്തുക്കളും ചേർന്ന് അനധികൃതമായി പാറപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് മാറനല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് സന്തോഷ് പ്രതിയെ മർദിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിൽ ചെന്നെത്തിയത്.
സംഭവ ദിവസം സന്തോഷിന്റെ വീട്ടിൽ നടന്ന മദ്യ സത്കാരത്തിൽ പ്രതി അരുൺ രാജും പങ്കെടുത്തിരുന്നു. കൂട്ടുകാർ പിരിഞ്ഞ ശേഷം രാത്രി 11.45നാണ് കൊലപാതകം നടന്നത്. പാറ തുരക്കാനുപയോഗിക്കുന്ന ജാക്ക് ഹാമർ ഉപയോഗിച്ചായിരുന്നു കൊലപാതകം. കഴുത്തിന് വിടിവാള്‍ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കൃത്യത്തിനു ശേഷം പുലർച്ചെ പ്രതി മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.