ആർ. വേലപ്പൻ നായർ സംവിധാനം ചെയ്ത 'സ്ത്രീ' തിക്കുറിശ്ശിയുടെ സിനിമയിലെ നായകൻ എന്ന നിലയിലുള്ള അരങ്ങേറ്റം മാത്രമാണ്. അതിനു മുമ്പ് തന്നെ അരങ്ങ് സുകുമാരൻ നായരെ ഏറ്റെടുത്തിരുന്നു.
'മലയാളത്തിൽ ആദ്യമായി മനശാസ്ത്രപരമായ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം'- ഇങ്ങനെ ഒരു പരസ്യ വാചകത്തോടെയാണ് 1950 ഏപ്രിൽ 21ന് പാലക്കാട് ഗൗഡർ, കോഴിക്കോട് കോറണേഷൻ തിയേറ്ററുകളിൽ സ്ത്രീ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. തന്റെ ആദർശം തെളിയിക്കാനായി ലൈംഗികത്തൊഴിലാളിയായ ഒരു സ്ത്രീയുടെ മകളെ കല്ല്യാണം കഴിക്കുന്ന നായകൻ. എന്നാൽ വിവാഹ ബന്ധത്തിൽ തന്റെ കാമനകളെ തളച്ചിടാൻ അവൾ തയ്യാറാവുന്നില്ല. അവൾ തന്റെ മോഹങ്ങൾ നയിച്ച വഴിയേ പോകുന്നു. കഥാന്ത്യത്തിൽ തന്റെ കുഞ്ഞും അമ്മയുടെ പാത പിന്തുടരാതിരിക്കാൻ നായകൻ ആ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം. അന്ന് ഏറെ വിവാദങ്ങൾക്ക് കാരണമായ ഈ ചിത്രം സ്ത്രീ സമൂഹത്തെ ആകമാനം അവഹേളിക്കുന്നു എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. അത്തരം വായനകൾക്ക് ചിത്രത്തിന്റെ കഥ, സാഹചര്യം ഒരുക്കുന്നുണ്ട് താനും. ഇന്നത്തെ കാലത്തെ സിനിമാ വായനയുടെ ഉപകരണങ്ങൾ നായകന്റെ 'തോന്നലുകൾക്കും പ്രവൃത്തിക്കും' പുത്തൻ വായനകളും വിമർശനങ്ങളുമാകും മുന്നോട്ട് വയ്ക്കുക. എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ കോമളാ ഫിലിംസ് നിർമിച്ച 'സ്ത്രീ' മലയാളത്തിന് ആദ്യ സൂപ്പർസ്റ്റാറിനെ സമ്മാനിച്ച സിനിമ കൂടിയാണ്. തിക്കുറിശ്ശി എന്ന തിക്കുറിശ്ശി സുകുമാരൻ നായർ.
ആർ. വേലപ്പൻ നായർ സംവിധാനം ചെയ്ത 'സ്ത്രീ' തിക്കുറിശ്ശിയുടെ സിനിമയിലെ നായകൻ എന്ന നിലയിലുള്ള അരങ്ങേറ്റം മാത്രമാണ്. അതിനു മുമ്പ് തന്നെ അരങ്ങ് സുകുമാരൻ നായരെ ഏറ്റെടുത്തിരുന്നു. കവി, നാടക നടൻ, നാടകകൃത്ത്, കഥാകാരൻ, ഗനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹം. സ്ത്രീ, മായ, മാതൃക, ബ്രഹ്‌മചാരി, ജീവിതയാത്ര തുടങ്ങിയ നാടകങ്ങളിലൂടെ തന്റെ ശൈലിയും സമീപനവും ആദ്യം തന്നെ തിക്കുറിശ്ശി പ്രകടമാക്കിയിരുന്നു. മലയാള നാടക വേദിയിൽ പല വിപ്ലവകരമായ മാറ്റങ്ങളും പരീക്ഷിച്ച നാടകമായിരുന്നു തിക്കുറിശ്ശി രചിച്ച സ്ത്രീ. ഗായകരെ വേദിയുടെ മുൻനിരയിൽ നിന്ന് അദ്ദേഹം പിന്നണിയിലേക്ക് മാറ്റി. അതുവരെ നാടകങ്ങളിൽ പിൻപറ്റിയിരുന്ന തമിഴ് നാടക പാരമ്പര്യത്തിനു ബദലായി കഥകൾക്കും പരിചരണത്തിനും ഒരു മലയാളിത്തം കൊണ്ടുവന്നു. നാടകമായി അവതരിപ്പിച്ചപ്പോൾ തന്നെ നിശിത വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു സ്ത്രീ. ഈ നെഗറ്റീവ് പോപ്പുലാരിറ്റി കൂടിയാകണം നാടകത്തെ സിനിമയാക്കി മാറ്റാൻ നിർമാതാക്കളെ പ്രേരിപ്പിച്ചത്. തിക്കുറിശ്ശിയുടെ അഭിനയത്തിനും നിശിതമായ വിമർശനങ്ങൾ നിരൂപകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. നാടകം വിട്ടൊഴിയാത്ത സംഭാഷണങ്ങൾ അതിനാടകീയമായിട്ടാണ് തിക്കുറിശ്ശി അവതരിപ്പിച്ചത്. ഇത് ചലച്ചിത്ര ഭാഷയ്ക്ക് അനുയോജ്യമല്ലെന്നായിരുന്നു നിരൂപക പക്ഷം. എന്നാൽ സിനിമയേയും തിക്കുറിശ്ശിയേയും മലയാളി ഏറ്റെടുത്തു.
Also Read: സ്വയംവരം മുതല്‍ പിന്നെയും വരെ; മലയാള സിനിമയിലെ 'അടൂർ ടച്ച്'
1951ൽ ഇറങ്ങിയ 'ജീവിതനൗക' തിക്കുറിശ്ശിയെ മലയാളിയുടെ മനസിൽ ഉറപ്പിച്ചു. തിക്കുറിശ്ശിയെന്ന സൂപ്പർസ്റ്റാറിന്റെ നിർമിതിയിലും ഈ സിനിമയ്ക്ക് വലിയ പങ്കുണ്ട്. വ്യത്യസ്തമായ പ്രചരണ തന്ത്രങ്ങളാണ് സിനിമയ്ക്കായി നിർമാതാക്കൾ ഉപയോഗിച്ചത്. എല്ലാ മാധ്യമങ്ങളിലും കാര്യമായ പരസ്യങ്ങളാണ് നൽകിയിരുന്നത്. സ്ത്രീ പ്രേക്ഷകരെ പ്രത്യേകമായി ലക്ഷ്യംവച്ചായിരുന്നു ഇത്തരം പരസ്യങ്ങൾ. നോട്ടുപുസ്തകം നെഞ്ചോട് ചേർത്തു വച്ച് നിൽക്കുന്ന നായിക ബി.എസ്. സരോജ. 'ഒരു ഉത്തമവനിതയുടെ ഹൃദയസ്പൃക്കായ കഥ' എന്ന ടാഗ് ലൈൻ. പിന്നെ പ്രേക്ഷകർക്ക് (അകത്തളങ്ങളിൽ വിനോദോപാധികൾ അന്വേഷിച്ചിരുന്ന സ്ത്രീകൾക്ക്) ഇരിപ്പുറയ്ക്കുമോ. 170 ദിവസം ഓടിയ ശേഷം കോഴിക്കോട് കോറണേഷനിൽ നിന്ന് ചിത്രം മാറ്റാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ തിയേറ്റർ ഉടമകൾ കാണികളോട് ഖേദം പ്രകടിപ്പിച്ചു പുറത്തിറക്കിയ പരസ്യം പോലുള്ള പ്രേരണകൾ കൂടിയായപ്പോൾ 'ജീവിത നൗക' കണ്ടില്ലെങ്കിൽ ജീവിതം വഴിമുട്ടിയെന്ന മട്ടിലായി മലയാളികൾ. അവർ നിരനിരയായി തിയേറ്ററുകളിലേക്ക് എത്തി. എൻ.എസ്. മാധവന്റെ 'ലന്തൻബത്തേരിയിലെ ലുത്തീനിയ' എന്ന നോവലിൽ ഈ സിനിമയ്ക്ക് പോക്ക് കടന്നുവരുന്നുണ്ട്. ആദ്യ കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിലേറിയതുപോലെ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തൽ പോലുമായി ഈ സിനിമ. മറ്റൊന്നു കൂടി ഈ സിനിമയിലൂടെ സംഭവിച്ചു, പോസ്റ്ററുകളിൽ തിളങ്ങിയത് നായികയാണെങ്കിലും സരോജയ്ക്കും പങ്കജവല്ലിക്കുമൊപ്പം സുന്ദരനായ തിക്കുറിശ്ശിയേയും പ്രേക്ഷകർ സോമനെയും മനസിൽ കയറ്റി.
പിന്നീടങ്ങോട്ട് മലയാളി തിക്കുറിശ്ശി എന്ന ബഹുമുഖ പ്രതിഭയെ അനുഭവിച്ചറിഞ്ഞു. ശരിയോ തെറ്റോ, പൂജാപുഷ്പം, സരസ്വതി, പളുങ്കുപാത്രം, അച്ഛന്റെ ഭാര്യ, ഉർവശി ഭാരതി എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. പതിനഞ്ചു ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചു. കെടാവിളക്ക്, തിക്കുറിശ്ശിക്കവിതകൾ, ഇനി ഈ കണ്ണീർ മാത്രം എന്നിങ്ങനെ കാവ്യസമാഹാരങ്ങളിറക്കി. മലയാളിക്ക് ഇന്ന് സുപരിചിതമായ പല സിനിമാ നടന്മാരുടെയും പേരിന് ചന്തം കൂട്ടി. ചിലരുടെ പേര് അപ്പാടെ മാറ്റി. അബ്ദുൾ ഖാദറിനെ പ്രേംനസീറാക്കിയതും മാധവൻ നായരെ മധുവും കെ. ബേബി ജോസഫിനെ ജോസ് പ്രകാശ് ആക്കിയതും നാവിൽ സരസ്വതിയും വികട സരസ്വതിയും ഒരേ മീറ്ററിൽ തുളുമ്പുന്ന ഈ കലാകാരൻ തന്നെ.
Also Read: സത്യജിത് റേ: ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം
1997 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ 'ജനാധിപത്യം' ആണ് തിക്കുറിശ്ശിയുടെ അവസാന ചിത്രം. മുത്തച്ഛൻ, അമ്മാവൻ, റിട്ടയേഡ് തമ്പുരാൻ വേഷങ്ങൾ നിരവധി ഈ കാലയളവിൽ അദ്ദേഹത്തിന് ചെയ്യേണ്ടി വന്നിട്ടുണ്ട്. വന്നുപോകുന്ന ആ ചെറിയ അവസരങ്ങളില്‍ തന്റെ മുദ്ര ശേഷിപ്പിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ടെങ്കിലും കഥാപാത്രത്തിന്റെ ആഴമില്ലായ്മയാണ് പലപ്പോഴും ഈ നടന് തിരിച്ചടിയായത്. 1984ൽ ഇറങ്ങിയ പ്രിയദർശന്റെ കഥയിൽ നിന്ന് ശ്രീനിവാസൻ ആദ്യമായി തിരക്കഥയും സംഭാഷണവും എഴുതിയ 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിൽ ഫ്രെയിമിൽ വെറുതെ നിൽക്കുമ്പോൾ പോലും തിക്കുറിശ്ശിയിലെ നടൻ അഭിനയിച്ചുകൊണ്ടേയിരിക്കുന്നത് കാണാം. സംഭാഷണം പറഞ്ഞ് പ്രിയൻ സ്‌റ്റൈലിൽ നിറഞ്ഞാടുന്ന നെടുമുടി വേണുവിന് ഒരു വെല്ലുവിളിയെന്നപോലെ. സിബി മലയിലിന്റെ സംവിധാനത്തിൽ 1990ൽ പുറത്തിറങ്ങിയ 'ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ' കഥാപാത്രം ഇതിന്റെ നേർവിപരീതമാണ്. മഹാഭാരതത്തിലെ ശകുനിയും ധൃതരാഷ്ട്രരും സംയോജിച്ച ഈ കഥാപാത്രത്തെ തിക്കുറിശ്ശി അനശ്വരമാക്കുന്നു. കൊട്ടാരത്തിലെ ഉപചാപങ്ങളുടെ കേന്ദ്രമാകുന്ന മതിലകത്ത് ചെറിയച്ചൻ തമ്പുരാനിലെ ക്രൂരതയും കുശാഗ്രതയും അയാളുടെ ചുറ്റും പ്രസരിക്കുന്ന നിഗൂഢതയും നിസാരമായ ചലനങ്ങളിലൂടെയും സംഭാഷണങ്ങളിലെ വ്യതിയാനങ്ങളിലൂടെയുമാണ് തിക്കുറിശ്ശി കാണിയെ അനുഭവിപ്പിക്കുന്നത്. അയാൾ ശകുനിയാണ് എന്ന് തോന്നിപ്പിക്കുന്നു. അതേ നിമിഷം ഒറ്റ മുറുക്കിപ്പിടുത്തത്തിൽ ഭീമനെയും ഞെരുക്കിത്തീർക്കാൻ കെൽപ്പുള്ള ധൃതരാഷ്ട്രർ ആണെന്നും. പ്രായമേറുകയല്ല, ആ അഭിനേതാവിന് മധുരമേറുകയായിരുന്നു.
മലയാളിയെ പരിഭ്രമിക്കുന്ന തരത്തിൽ ഒട്ടേറെ തമാശകളും പറഞ്ഞിരുന്നു തിക്കുറിശ്ശി. പലതിലും ശ്ലീവും അശ്ലീലവും തമ്മിലുള്ള അതിരുകൾ ഭേദിക്കപ്പെട്ടു. അതിൽ ഏതെടുക്കണം എന്നത് കേൾവിക്കാരന്റെ വിവേചനാധികാരം എന്ന മട്ടിലായിരുന്നു സൂപ്പർസ്റ്റാറിന്റെ വാഗ്വിലാസം. നായകനും നായികയും ഒരു കയ്യകലത്തിൽ നിന്ന് പ്രേമിച്ചിരുന്ന മലയാള സിനിമാ രീതിയെ തിക്കുറിശ്ശി പരിഹസിച്ചെതെങ്ങനെയെന്ന് രവി മോനോൻ, 'കുറ്റിക്കാട്ടിൽ ഇരിക്കുമ്പോൾ തിക്കുറിശ്ശിക്ക് തോന്നിയ കുസൃതി; മലയാളത്തിലെ ആദ്യ അശ്ലീലരംഗം പിറന്ന കഥ' എന്ന പേരിൽ എഴുതിയിട്ടുണ്ട്. 'മാഞ്ഞിടാതെ മധുരനിലാവേ' എന്ന യുഗ്മ ഗാനം പാടി രസിച്ച ശേഷം വികാരപരവശരായ നായകനും നായികയും കുറ്റിക്കാട്ടിൽ മറയുന്നു. പ്രേക്ഷകന് അവിടെ നടക്കുന്നതെന്തെന്ന് ബോധ്യപ്പെടുത്താനായി കുറ്റിക്കാട് അനങ്ങുന്നു. ഇതാണ് രംഗം. എന്നാൽ കുറ്റിക്കാടിനുളളിൽ വച്ച് തിക്കുറിശ്ശി ക്യാമറയിൽ പതിയുന്നില്ലെങ്കിൽ കൂടി നായിക മിസ് കുമാരിയെ ചുംബിക്കുന്നു. ഇത് അവരെ ഞെട്ടിക്കുന്നുണ്ട്. പറയുമ്പോൾ ഇത് തിക്കുറിശ്ശിയുടെ 'കുസൃതി' എന്നോ ശ്ലീലതയെ മറിച്ചിടലെന്നോ പറയാമെങ്കിലും അതിൽ തമാശയ്ക്ക് അപ്പുറം ചില കാര്യങ്ങളുണ്ട്. ഈ കഥ ശരിയാണെങ്കിൽ ആ ഉമ്മ കുമാരിയുടെ സമ്മതത്തോടെ അല്ലെങ്കിൽ അത് കടന്നുകയറ്റമാണ്. എങ്കിൽ അത് തമാശയുടെ (കുസൃതിയുടെ) ഏത് വകഭേദത്തിൽപ്പെടുത്താം?
Also Read: കെ.ജി. ജോർജ്: മലയാളിയിലെ കാണിയെ വെല്ലുവിളിച്ച തന്‍റേടി
എൺപതു വർഷത്തെ തന്റെ സർഗ ജീവിതത്തിൽ ഇത്തരത്തിൽ നിരവധി വൈരുദ്ധ്യങ്ങൾ കൂടി കൊണ്ട് നടന്നിരുന്നു തിക്കുറിശ്ശി. തിക്കുറിശ്ശിയുടെ ജീവിതകഥ പൂർണമാക്കുന്നതും ഈ വൈരുദ്ധ്യങ്ങൾ തന്നെയാണ്. ഒരു പക്ഷേ ഏത് നക്ഷത്രത്തിലേക്കും കാൽകുത്തുവാൻ ഇത്തരത്തിൽ ചില തമോഗർത്തങ്ങളെ കടക്കണമായിരിക്കും. ഉപരിതലത്തിലെ കാഴ്ച മാത്രമാണ് ലക്ഷ്യമെങ്കിൽ ഇത്രയും മെനക്കെടേണ്ട കാര്യവുമില്ല! താരം സുന്ദരം എന്ന് കുറിച്ചിട്ട് മടങ്ങാം. അങ്ങനെ ചെയ്താൽ തന്നെ അത് തിക്കുറിശ്ശി സ്‌റ്റൈൽ ആവില്ല.