പി.സി. ജോര്‍ജിനോട് വാ അടച്ചിരിക്കാന്‍ പറയാന്‍ ഇത് അഫ്ഗാനിസ്ഥാനോ പാകിസ്താനോ അല്ലെന്നും ഷോൺ ജോർജ് പറഞ്ഞു
പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് മകന്‍ ഷോണ്‍ ജോര്‍ജും. പി.സി. ജോര്‍ജിന് മുന്നില്‍ വന്ന തെറ്റുകളെ ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഈ വിഷയത്തെ നിയമപരവും രാഷ്ട്രീയവുമായി തന്നെ നേരിടുമെന്നാണ് ഷോണ്‍ ജോര്‍ജ് പറഞ്ഞത്.
പി.സി. ജോര്‍ജിനോട് വാ അടച്ചിരിക്കാന്‍ പറയാന്‍ ഇത് അഫ്ഗാനിസ്ഥാനോ പാകിസ്താനോ അല്ല. 400 അല്ല 4000 പെണ്കുട്ടികള് ലൗ ജിഹാദിന് ഇരയായ കണക്കുണ്ട്. കണക്കുകള്‍ അവശ്യപ്പെട്ടാല്‍ തെളിവ് സഹിതം നല്‍കാന്‍ തയ്യാറാണ്. ലൗ ജിഹാദ് യാഥാര്‍ഥ്യമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമിണ്ടാവില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പി.സി. ജോര്‍ജിന്റെ ലൗജിഹാദ് പ്രസംഗത്തെ പിന്തുണച്ച് കെസിബിസി. പി.സി. ജോര്‍ജിന്റെ പ്രസംഗത്തില്‍ വിദ്വേഷ പരാമര്‍ശമില്ല. ഏതെങ്കിലും പ്രത്യേക മതത്തെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടായിട്ടില്ലെന്നും കെസിബിസി പറഞ്ഞു.
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം വെടക്ക് എന്ന ചൊല്ലിനെ അന്വര്‍ഥമാക്കാന്‍ ആരും ശ്രമിക്കേണ്ടതില്ല. ലഹരി ആക്രമണങ്ങളെ നിസാരവത്കരിക്കാനും വിഷയത്തില്‍ നിന്ന് വ്യതിചലനം ഉണ്ടാക്കാനുമുള്ള നീക്കവുമാണ് നടക്കുന്നതെന്നും കെസിബിസി ആരോപിച്ചു.
ക്രിസ്ത്യാനികള്‍ 24 വയസിനു മുന്‍പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകണമെന്നും 400 ഓളം പെണ്‍കുട്ടികളെ മീനച്ചില്‍ താലൂക്കില്‍ മാത്രം 'ലൗ ജിഹാദി'ലൂടെ നഷ്ടപ്പെട്ടുവെന്നുമായിരുന്നു പി.സിയുടെ പ്രസംഗം. ഇതില്‍ 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയതെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.
വിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തില്‍ തുടരവേയാണ് വീണ്ടും സമാനമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ജാമ്യ വ്യവസ്ഥയില്‍ പി.സി. ജോര്‍ജിനോട് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നതാണ്. പാലാ ളാലത്ത് കെ.സി.ബി.സി ലഹരി വിരുദ്ധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്.