ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്. തന്റെ കൈ പിടിച്ച് കറക്കിയെന്നും ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
സമ്മതം ഇല്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചു. ഒരു ഉദ്ഘാടന പരിപാടിക്കിടെ സമ്മതമില്ലാതെ നെക്ലേസ് ധരിപ്പിച്ചു. അതിന് ശേഷം അനുവാദമില്ലാതെ തന്റെ കൈയ്യിലും ശരീരത്തിലും അനുവാദമില്ലാതെ സ്പര്‍ശിച്ച് കൈയ്യില്‍ പിടിച്ച് അനുവാദമില്ലാതെ കറക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്.
മാലയുടെ പിന്‍ഭാഗം കാണൂ എന്ന് ദ്വയാര്‍ഥ പ്രയോഗം നടത്തി എന്നും പരാതിയില്‍ പറയുന്നു. പൊതു പരിപാടിക്കിടെ പൊതുജന മധ്യത്തില്‍വെച്ചാണ് ഈ അധിക്ഷേപം നടത്തിയതെന്നും അദ്ദേഹം പറയുന്നു.
അതിന് ശേഷം ഒരു യൂട്യൂബ് ചാനല്‍ വഴിയും ലൈംഗിക അധിക്ഷേപം നടത്തി. പ്രതികാര ബുദ്ധിയോടെ വീണ്ടും പരസ്യ ലൈംഗിക അധിക്ഷേപം നടത്തുകയാണ് ബോബി ചെമ്മണ്ണൂര്‍ ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ബോബി ചെമ്മണ്ണൂര്‍ നടത്തിയിട്ടുള്ളതെന്നും ഹണി റോസ് പരാതിയില്‍ പറയുന്നു.
പൊലീസ് കഴിഞ്ഞ ദിവസം രാത്രിയാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ബോബിയുടെ ഫോണ്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ബോബി നടത്തിയ സമാനമായ മറ്റ് പരാമര്‍ശങ്ങളുടെ ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിച്ചു. ഭാരതീയ ന്യായ സംഹിതയിലെ ഐ.ടി ആക്ട് 67 ((ഇലക്ട്രോണിക് മീഡിയ വഴി അശ്ലീല പ്രചരണം), 75 (4) (സ്ത്രീത്വത്തെ അപമാനിക്കൽ, കുറ്റകരമായ ലൈംഗിക അധിക്ഷേപം) എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്.