37 കോടി രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്. എഡിജിപി മനോജ് എബ്രഹാമിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൈമാറിയത്.
പകുതി വില തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി. 34 കേസുകള്‍ ഇതിനോടകം കൈമാറി. എല്ലാ ജില്ലകളിലും പ്രത്യേകം സംഘം രൂപീകരിച്ചായിരിക്കും അന്വേഷണം.
37 കോടി രൂപയുടെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്. എഡിജിപി മനോജ് എബ്രഹാമിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൈമാറിയത്. ക്രൈം ബ്രാഞ്ച് എഡിജിപി അന്വേഷണത്തിന് നേതൃത്വം നല്‍കും.
പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന എംഎല്‍എമാര്‍, എംപിമാര്‍ ഉള്‍പ്പെടെ എല്ലാവരും ക്രൈം ബ്രാഞ്ച് അന്വേഷണ പരിധിയില്‍പ്പെടും. പകുതി വില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് എംപി ഡീന്‍ കുര്യാക്കോസ്, മാത്യു കുഴല്‍നാടന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെയും പ്രതി അനന്തു കൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ യുഡിഎഫ് എംപി ഡീന്‍ കുര്യാക്കോസ് 15 ലക്ഷം രൂപ മാത്രം തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കിയതായാണ് പ്രതിയുടെ മൊഴി. എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ ഏഴ് ലക്ഷം രൂപ കയ്യില്‍ വാങ്ങിയതായും അനന്തു പറഞ്ഞു. മൊഴിയുടെ വിശദാംശങ്ങള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു.
പ്രമുഖ പാര്‍ട്ടി നേതാവിന് 25 ലക്ഷം രൂപ നല്‍കിയത് തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് വഴിയാണെന്നും അനന്തു കൃഷ്ണന്‍ പറഞ്ഞു. മൂവാറ്റുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ച് ലക്ഷം രൂപ വായ്പ വാങ്ങി. മലയോര ജില്ലയിലെ യുഡിഎഫ് എംപി ഫ്രാന്‍സിസ് ജോര്‍ജിന് തെരഞ്ഞെടുപ്പ് ഫണ്ടിനായി ഒന്‍പത് ലക്ഷം രൂപ നല്‍കിയെന്നുമാണ് പ്രതിയുടെ മൊഴി. പണം നല്‍കിയതിന്റെ തെളിവുകള്‍ അനന്തു കൃഷ്ണന്‍ പൊലീസിന് നല്‍കി. എല്ലാ ഉന്നതരും പെടട്ടെ എന്നാണ് അനന്തു കൃഷ്ണന്‍ പൊലീസിനോട് പറഞ്ഞത്.
നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്.
വിദ്യാര്‍ഥിയായ അനുപമ പഠാനവശ്യവുമായി ബന്ധപ്പെട്ട് ലാപ്ടോപ്പ് ലഭിക്കുന്നതിനായാണ് പണം നല്‍കിയത്. 21,000 രൂപയോളം നല്‍കിയിട്ട് അഞ്ച് മാസത്തോളം കഴിഞ്ഞിട്ടും ലാപ്ടോപ് കിട്ടിയില്ല. അതിനിടെയാണ് സിഎസ്ആര്‍ ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ് കഥകള്‍ പുറത്തുവന്നത്.