ഇന്നലെയാണ് ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ളവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്
നടൻ ഷൈൻ ടോം ചാക്കോ പ്രതിയായിരുന്ന കൊക്കെയ്ൻ കേസ് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. നടപടിക്രമങ്ങൾ പാലിക്കാതെ കുറ്റപത്രം സമർപ്പിച്ചതുകൊണ്ടാണ് പ്രതികളെ മുഴുവൻ കോടതി വെറുതെ വിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പൊലീസ് അതിക്രമവും വീഴ്ചയും ഉന്നയിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നടത്തിയ വാക്ക്ഔട്ട് പ്രസംഗത്തിലായിരുന്നു വി.ഡി.സതീശൻ്റെ ആരോപണം. ഇന്നലെയാണ് ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ളവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
ഷൈൻ ടോം ചാക്കോ അടക്കമുള്ള പ്രതികളെ സഹായിക്കാനാണ് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ കുറ്റപത്രം സമര്‍പ്പിച്ചത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ ആരോപണത്തിലെ വ്യംഗ്യം. ഷൈൻ ടോം ചാക്കോയുടെ പേര് പറയാതെയാണ് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ആരോപണം ഉന്നയിച്ചത്.
"ഇന്ന് രാവിലത്തെ പത്രം നോക്കിയപ്പോൾ കൊക്കെയ്ൻ കേസിലെ പ്രതികളെ എല്ലാം വെറുതെ വിട്ടിരിക്കുന്നു. എന്തുപറ്റിയത്? എൻഡിപിഎസ് കേസിൽ പ്രോപ്പറായിട്ടുള്ള പ്രൊസീജ്യർ ഫോളോ ചെയ്യാതെ കുറ്റപത്രം കൊടുത്തു. സഹായിക്കാൻ കൊടുത്തതാണ്", വി.ഡി. സതീശൻ പറഞ്ഞു.
പൊലീസ് പിടിച്ചതും ശിക്ഷിച്ചതും പ്രതിപക്ഷ നേതാവ് കാണില്ലെന്നായിരുന്നു എക്സൈസ് മന്ത്രി എം.ബി. രാജേഷിൻ്റെ മറുപടി. വെറുതെ വിട്ടതുമാത്രമേ കാണൂ. മൈക്രോസ്‌കോപ്പുമായി നടക്കുകയാണ് പ്രതിപക്ഷ നേതാവെന്നും മന്ത്രി പറഞ്ഞു.
പത്ത് വർഷം നീണ്ട കേസിലാണ് ഷൈൻ ടോം ചാക്കോ അടക്കം എല്ലാ പ്രതികളേയും വെറുതെ വിട്ടുകൊണ്ട് ഇന്നലെ എറണാകുളം അഡിഷനൽ സെഷൻസ് കോടതി വിധി വന്നത്. 2015 ജനുവരി 30 നാണ് എറണാകുളം കടവന്ത്രയിലെ ഫ്ലാറ്റിൽനിന്ന് ഷൈനും നാലു മോഡലുകളും പിടിയിലായത്. ഇവർക്ക് കൊക്കെയ്ൻ നൽകിയതായി പറയപ്പെടുന്ന നൈജീരിയൻ പൗരൻ ഒക്കാവോ ഷിഗോസി കോളിൻസ് അടക്കം പിടിയിലായിരുന്നു. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ൻ കേസായിരുന്നു ഇത്. അറസ്റ്റിലാകുമ്പോള്‍ ഇവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഫ്ലാറ്റിൽ നിന്നു കൊക്കെയ്ൻ കണ്ടെടുത്തെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. എന്നാൽ, കാക്കനാട്ടെ ഫൊറന്‍സിക് ലാബില്‍ രക്ത സാംപിളുകൾ പരിശോധിച്ചപ്പോൾ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്താനായില്ല. ഹൈദരാബാദ് കെമിക്കൽ അനലറ്റിക്കൽ ലാബിലെ പരിശോധനാ ഫലവും സമാനമായിരുന്നു. ന്യൂഡൽഹി ലാബിൽ നിന്ന് കൊക്കെയ്ൻ കണ്ടെത്താൻ വേണ്ട സൗകര്യമില്ലെന്ന മറുപടിയാണ് കിട്ടിയത്. 2018 ഒക്ടോബറിലാണ് കേസിൻ്റെ വിചാരണ തുടങ്ങിയത്. കേസിൽ ഷൈൻ ടോം ചാക്കോയടക്കം എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്.