ഒരു പ്രതീക്ഷയും സംസ്ഥാന ബിജെപി നേതൃത്വം പാർട്ടി അണികൾക്ക് വേണ്ടി മുന്നോട്ടുവയ്ക്കുന്നില്ല
പാലക്കാടിന് പിന്നാലെ വയനാട് ബിജെപിയിലും കൊഴിഞ്ഞുപോക്ക്. വയനാട് ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ ബിജെപി വിട്ട് കെ.പി. മധു. ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറിയശേഷം സംസ്ഥാന പ്രസിഡന്റോ ജില്ലാ പ്രസിഡന്റോ ഒന്ന് വിളിക്കുക പോലും ചെയ്തില്ല. അസുഖം വന്ന് കിടപ്പിലായിട്ടും പാർട്ടി നേതാക്കൾ തിരിഞ്ഞു നോക്കിയില്ല എന്നുൾപ്പടെ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് മധുവിന്റെ പടിയിറക്കം.
ഒരു പ്രതീക്ഷയും സംസ്ഥാന ബിജെപി നേതൃത്വം പാർട്ടി അണികൾക്ക് വേണ്ടി മുന്നോട്ടുവയ്ക്കുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിൽ കടുത്ത നിരാശ ഉണ്ടെന്നും കെ.പി. മധു പറഞ്ഞു. നരേന്ദ്രമോദിയേയും അമിത് ഷായേയും കണ്ടുകൊണ്ടാണ് കേരളത്തിൽ ബിജെപിയിലേക്ക് ആളുകൾ വരുന്നത്. എന്നാൽ അണികളെ യോജിപ്പിച്ചു കൊണ്ട് പോകാൻ കഴിയാത്ത നേതൃത്വമാണ് സംസ്ഥാനത്തുള്ളത്. ഇതിൽ നിരാശയും സങ്കടവുമുണ്ടെന്നും മധു പറഞ്ഞു.
രണ്ടു വിഭാഗം ആയാണ് സംസ്ഥാനത്ത് ബിജെപി പ്രവർത്തിക്കുന്നത്. ഇങ്ങനെയൊരു പാർട്ടിയിൽ ഇനി തുടരാൻ ആകില്ല. മറ്റൊരു പാർട്ടിയിലേക്ക് ഇപ്പോൾ ഇല്ലെന്നും മധു വ്യക്തമാക്കി. സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സഹകരിക്കാൻ വിളിച്ചിരുന്നുവെന്നും കെ.പി. മധു പറഞ്ഞു. മാസങ്ങൾക്കു മുമ്പ് കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ നടത്തിയ പരസ്യ പ്രതികരണത്തെ തുടർന്നാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും മധുവിനെ മാറ്റിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28 വരെ രണ്ടര വർഷം ബിജെപിയുടെ വയനാട് ജില്ലാ പ്രസിഡന്റായിരുന്നു മധു.
അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാരവാഹികൾ. കൊച്ചിയിൽ ചേർന്ന ബിജെപി യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കണമെന്നും ആവശ്യമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച റിപ്പോർട്ട് ലഭിക്കട്ടെയെന്നാണ് കെ. സുരേന്ദ്രന്റെ പ്രതികരണം. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കുക. അടുത്തമാസം 7, 8 തീയതികളിൽ ഭാരവാഹി യോഗം റിപ്പോർട്ട് ചർച്ച ചെയ്യും. അതുവരെ നേതാക്കൾക്കെതിരെ അച്ചടക്ക നടപടികൾ ഉണ്ടാകില്ല. എന്നാൽ നേതാക്കളുടെ പരസ്യപ്രസ്താവനകൾക്ക് വിലക്കുണ്ട്.