fbwpx
പരമാധികാര, ജനാധിപത്യ സോഷ്യലിസ്റ്റ്, മതനിരപേക്ഷ റിപ്പബ്ലിക്കായി തുടരുന്ന ഇന്ത്യൻ ഭരണഘടന
logo

കവിത രേണുക

Last Updated : 26 Nov, 2024 04:02 PM

രാജ്യം നിയമ ദിവസമായി ആചരിച്ചു പോന്നിരുന്ന, നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിക്കുന്നത് 2015ല്‍ മോദി സര്‍ക്കാരാണ്.

NATIONAL


'നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍ ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയില്‍ വെച്ച്, 1949 നവംബറിന്റെ ഈ ഇരുപത്താറാം ദിവസം ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായി തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു'

 -ഭരണഘടനയുടെ ആമുഖം



ലോകത്തെ തന്നെ ഏറ്റവും വലിയതും വിപുലവുമായ ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഭരണഘടന മാറ്റിയെഴുതാന്‍ എല്ലാതരത്തിലുമുള്ള ശ്രമങ്ങള്‍ നടത്തുന്ന മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ തന്നെയാണ് സുപ്രധാനമായ മറ്റൊരു ഭരണഘടനാ ദിനം കൂടി കടന്നുവരുന്നത്. ഇത്തവണത്തെ ഭരണഘടനാ ദിനത്തിനുള്ള മറ്റൊരു പ്രത്യേകത ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയത് കഴിഞ്ഞ ദിവസമാണ് എന്നതാണ്.


42-ാം ഭേദഗതി നിയമ പ്രകാരം 1976 ല്‍ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്‍ജി. എന്നാല്‍ ഭേദഗതി വരുത്തി 44 വര്‍ഷത്തോടടുത്ത് (2020ല്‍) ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ ഒഴിവാക്കാന്‍ തക്കതായ ഒരു കാരണവും ഇല്ലെന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിരീക്ഷിക്കുന്നത്. ബിജെപി മുന്‍ രാജ്യസഭാംഗം സുബ്രഹ്‌മണ്യന്‍ സ്വാമി, അശ്വിനി കുമാര്‍ ഉപാധ്യായ, ബല്‍റാം സിങ് എന്നിവരുടെ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.



ഭരണഘടനയും ബിജെപി സര്‍ക്കാരും


ഇന്ത്യാ വിഭജനം നടത്തിയത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും പാകിസ്താന്‍ രൂപീകരിച്ചത് മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് ഇന്ത്യ എന്നുമാണ് ഹിന്ദുത്വവാദികള്‍ പ്രധാനമായും ഉയര്‍ത്തുന്ന ആശയം. സവര്‍ക്കറും ബാല്‍ താക്കറെയും അടക്കമുള്ളവര്‍ ഇതേ ആശയം പങ്കുവെച്ചവരുമായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്കായി ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഭരണഘടന പൂര്‍ണായും ഉള്‍ക്കൊള്ളാന്‍ ഒരിക്കലും ഹിന്ദുത്വവാദികള്‍ക്ക് കഴിഞ്ഞിരുന്നുമില്ല.

ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളും ആവശ്യങ്ങളും ബിജെപിയും ആര്‍എസ്എസും ഹിന്ദുത്വ സംഘടനകളും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 2008ല്‍ ബിജെപി ഈ പദങ്ങള്‍ക്കെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി അന്ന് ഈ ആവശ്യം റദ്ദാക്കുകയായിരുന്നു. എന്തിനാണ് കമ്യൂണിസവുമായി ബന്ധപ്പെട്ട് മാത്രം സോഷ്യലിസം എന്ന വാക്കിനെ നോക്കി കാണുന്നത് എന്നും അന്ന് കോടതി ചോദിച്ചു.


ALSO READ: ഇന്ന് ഭരണഘടനാ ദിനം; രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികള്‍

2014ല്‍ വന്‍ ഭൂരിപക്ഷത്തില്‍ കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിച്ചതും നടപ്പാക്കിയതുമായ നിയമങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. ഇതിനോട് ചേര്‍ന്ന് തന്നെയാണ് സജീവമായി ഭരണഘടനയും ആമുഖവുമൊക്കെ ചര്‍ച്ചയാകുന്നതും.

രാജ്യം നിയമ ദിവസമായി ആചരിച്ചു പോന്നിരുന്ന, നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിക്കുന്നത് 2015ല്‍ മോദി സര്‍ക്കാരാണ്. ഭരണഘടനയുടെ ശില്‍പ്പിയായ ഡോ. ബിആര്‍ അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ ഇതേ ബിജെപി തന്നെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന് 2015ന്റെ തുടക്കത്തില്‍ തന്നെ ആവശ്യപ്പട്ടതും.

2015 ജനുവരി 26ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പത്രങ്ങളില്‍ നല്‍കിയ ഭരണഘടനയുടെ ആമുഖം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരസ്യത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ ഇല്ലായിരുന്നു. ഇത് അന്ന് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

ALSO READ: ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ ഒഴിവാക്കാനാകില്ല; ഹർജികള്‍ തള്ളി സുപ്രീം കോടതി

ബിജെപി നേതാവും അന്നത്തെ ടെലികോം മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് ഈ പരസ്യത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് രംഗത്തെത്തിയത്. നമുക്ക് അത് ആവശ്യമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നാലെ ശിവസേന അടക്കമുള്ള സമാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതേ അഭിപ്രായവുമായി രംഗത്തെത്തി. എന്നാല്‍ ജനാധിപത്യ വിശ്വാസികളും പ്രതിപക്ഷവും ഇതില്‍ കടുത്ത അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷവും സമാനമായ നടപടികളുമായി കേന്ദ്രം മുന്നിട്ടിറങ്ങി.

2023ല്‍ പുതിയ പാര്‍ലമെന്റില്‍ ജനപ്രതിനിധികള്‍ എത്തിയ ആദ്യ ദിനം എല്ലാ അംഗങ്ങള്‍ക്കും നല്‍കിയ ഭരണഘടനയുടെ പകര്‍പ്പുകളില്‍ നിന്നും സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഒഴിവാക്കിയതായി അന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയും ശക്തമായി തന്നെ പ്രതിഷേധിക്കുകയും ചെയ്തത് രാജ്യം കണ്ടതാണ്.


സെക്കുലര്‍, സോഷ്യലിസ്റ്റ് പദങ്ങളുടെ കടന്നുവരവ്

സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയും ഏറെകാലമായി ബിജെപിയും ആരോപിക്കുന്നതു പോലെ അടിയന്തരാവസ്ഥക്കാലത്താണ് ഭരണഘടനയുടെ ആമുഖത്തില്‍ സെക്കുലര്‍ സോഷ്യലിസ്റ്റ്, അഖണ്ഡത എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. പരമാധികാരം ജനാധിപത്യം എന്നീ വാക്കുകള്‍ക്കിടയിലായാണ് സോഷ്യലിസ്റ്റ്, മതേതരത്വ എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. രാജ്യത്തിന്റെ ഐക്യം പ്രതിപാദിക്കുന്നിടത്ത് 'രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും എന്ന പദം കൂടി കൂട്ടിച്ചേര്‍ത്തു. 1976 ഡിസംബര്‍ 18നാണ് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യപ്പെട്ടത്. അത് ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ചതുമാണ്.

ബിജെപിയും മോദി സര്‍ക്കാരും പ്രധാനമായും ശ്രമിക്കുന്നത് സെക്കുലറിസം, സോഷ്യലിസം എന്ന പദങ്ങളുടെ ആശയത്തോടുള്ള വിയോജിപ്പ് ഊട്ടിയുറപ്പിക്കാനാണ്. എന്നാല്‍ ഏറ്റവും അവസാനമായി കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ സുപ്രീം കോടതി നല്‍കിയ വിധിയും ഇന്ത്യന്‍ ജനാധിപത്യത്തിന് ആശ്വാസം നല്‍കുന്നതാണ്. ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ്, സെക്കുലര്‍ ജനാധിപത്യ റിപ്പബ്ലിക്കായി തന്നെ തുടരുമെന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയായിരുന്നു വിധിയിലൂടെ സുപ്രീം കോടതി. സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ ആ അര്‍ഥത്തില്‍ തന്നെ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ച സുപ്രീം കോടതി ഈ ഹര്‍ജികളില്‍ കോടതിയുടെ വിശദ പരിശോധന അര്‍ഹിക്കുന്നില്ലെന്നുകൂടി വ്യക്തമാക്കുകയാണ്.


KERALA
അലവലാതി പാർട്ടിയായി ബിജെപി മാറി, സുരേന്ദ്രൻ തുടരണമോയെന്ന് നേതൃത്വം തീരുമാനിക്കട്ടെ: വെള്ളാപ്പള്ളി നടേശൻ
Also Read
user
Share This

Popular

KERALA
KERALA
തൃശൂർ നാട്ടികയിലെ അപകടം: മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ