വോട്ടെണ്ണിയപ്പോൾ രേഖപ്പെടുത്തിയതിനേക്കാൾ 504,313 വോട്ടുകള്‍ അധികമുണ്ടെന്നാണ് കണ്ടെത്തല്‍.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളുടെയും കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ദേശീയ മാധ്യമമായ 'ദ വയര്‍' റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം മഹാരാഷ്ട്രയില്‍ 66.05 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. അതായത് ആകെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം 64,088,195 ആണ്.
ഇതില്‍ 30,649,318 പേര്‍ സ്ത്രീകളും 33,437,057 പുരുഷന്മാരും 1820 പേര്‍ മറ്റുള്ളവരുമാണ്. എന്നാല്‍ എണ്ണിയ വോട്ടുകളുടെ ആകെ എണ്ണം 64,592,508 ആണ്. അതായത് 504,313 വോട്ടുകള്‍ അധികമുണ്ടെന്നാണ് കണ്ടെത്തല്‍.
എട്ട് നിയസഭാ മണ്ഡലങ്ങളില്‍ വോട്ട് രേഖപ്പെടുത്തിയ എണ്ണത്തേക്കാള്‍ കുറവ് വോട്ടുകളാണ് എണ്ണിയ വോട്ടുകള്‍. ബാക്കിയുള്ള 280 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകളാണ് എണ്ണിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
അഷ്തി, ഒസ്മനാബാദ് എന്നീ മണ്ഡലങ്ങളിലാണ് വോട്ടില്‍ വലിയ വ്യത്യാസമുള്ളത്. പോള്‍ ചെയ്തതിനേക്കാള്‍ 4538 അധികം വോട്ടുകളാണ് അഷ്തിയില്‍ എണ്ണിയത്. 4155 വോട്ടുകളുടെ വ്യത്യാസമാണ് ഒസ്മനാബാദില്‍ കണ്ടെത്തിയത്.
ആകെ എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മിലുള്ള ശരാശരി വ്യത്യാസം 1751 വോട്ടുകളാണെന്നും വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.