ടാൻസാനിയക്കാരായ രണ്ട് പ്രതികൾക്കുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം അടുത്ത ദിവസം നൽകും
അന്താരാഷ്ട്ര ലഹരിക്കടത്ത് കേസിൽ അന്വേഷണം മലയാളികളിലേക്കും നീങ്ങുന്നു. കേസിൽ കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്ത ടാൻസാനിയൻ യുവതിയെ കണ്ണൂർ ജയിലിലേക്ക് മാറ്റി. ടാൻസാനിയക്കാരായ രണ്ട് പ്രതികൾക്കുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം അടുത്ത ദിവസം നൽകും.
പഞ്ചാബിൽ നിന്നും കുന്ദമംഗലം പൊലീസ് പിടികൂടിയ ടാൻസാനിയൻ പൗരന്മാരായ രണ്ടുപേരുടെ അക്കൗണ്ടുകളിലേക്ക് 1.30 കോടി രൂപ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. കലഞ്ചന ഡേവിഡ് എൻടമി, സുഹൃത്ത് മയോങ്ക അറ്റ്ക ഹരുണ എന്നിവരുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ പണം കൈമാറ്റം ചെയ്ത മലയാളി യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെ റിമാൻഡിലായ ടാൻസാനിയൻ യുവതി അറ്റ്ക്ക ഹരുണ മയോങ്കയെ കണ്ണൂരിലെ വനിത ജയിലിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്താണ് യുവതിയെ കണ്ണൂരിലേക്ക് മാറ്റിയത്. റിമാൻഡിൽ കഴിയുന്ന രണ്ട് ടാൻസാനിക്കാരെയും അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. ഇവരെ വിശദമായി ചോദ്യം ചെയ്ത് മലയാളികൾ അടക്കമുള്ള കൂടുതൽ കണ്ണികളിലേക്ക് എത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. നോയിഡയിലെ ലഹരി ഉൽപ്പാദന കേന്ദ്രങ്ങളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.
ടാൻസാനിയയിലെ ജഡ്ജിയുടെ മകനാണ് ഡേവിഡ് എൻടമി. പഞ്ചാബിലെ പഗ്വാരയിലെ ലവ്ലി പ്രൊഫഷണല്‍ സര്‍വകലാശാലയിലെ ബിടെക് വിദ്യാര്‍ഥിയാണ്. പഞ്ചാബിൽ തന്നെ ബിബിഎക്ക് പഠിക്കുകയായിരുന്നു സുഹൃത്ത് മയോങ്ക അറ്റ്ക ഹരുണ. കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ എസ്. കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ മുഖ്യകണ്ണികളാണ് ഇവർ എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പഞ്ചാബിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഇവർ മയക്കുമരുന്ന് പ്രധാനമായും എത്തിച്ചിരുന്നത്.
Also Read: കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ; പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു
ജനുവരി 21ന് കുന്ദമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത ലഹരി കേസിന്റെ അന്വേഷണമാണ് ടാൻസാനിയക്കാരിലേക്ക് എത്തിയത്. കുന്ദമംഗലം കേസിൽ അറസ്റ്റിലായ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി ഇബ്രാഹിം മുസമില്‍ (27) കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി അഭിനവ് (24) എന്നിവര്‍ക്ക് രാസലഹരി ലഭിച്ച ഉറവിടം തേടിയായിരുന്നു പൊലീസ് അന്വേഷണം.