കോടന്നൂർപൂരം ബാറിന് മുന്നിൽ വച്ച് കൂട്ടംകൂടി നിന്നിരുന്ന ഒൻപത് പേർ അടങ്ങുന്ന സംഘം അഖിൽ സഞ്ചരിച്ചിരുന്ന ഓട്ടോ ദേഹത്ത് തട്ടിയെന്ന് ആരോപിച്ചാണ് തർക്കമുണ്ടാക്കിയത്
തൃശൂർ കോടന്നൂരിൽ ബാറിൽ മദ്യപിക്കാനെത്തിയ യുവാക്കളുടെ സംഘം ഓട്ടോറിക്ഷക്കാരനെ ക്രൂരമായി മർദിച്ചതായി പരാതി. പാറളം സ്വദേശി അഖിൽ കൃഷ്ണനാണ് മർദനത്തിനിരയായത്. കോടന്നൂർപൂരം ബാറിന് മുന്നിൽ വച്ച് കൂട്ടംകൂടി നിന്നിരുന്ന ഒൻപത് പേർ അടങ്ങുന്ന സംഘം അഖിൽ സഞ്ചരിച്ചിരുന്ന ഓട്ടോ ദേഹത്ത് തട്ടിയെന്ന് ആരോപിച്ചാണ് തർക്കമുണ്ടാക്കിയത്. ഇവരോട് സംസാരിക്കുന്നതിനിടയിൽ സംഘം ചേർന്ന് പ്രതികൾ യുവാവിനെ ആക്രമിക്കുകയായിരുന്നു.
ബൈക്കിന്റെ താക്കോലും ഹെൽമറ്റും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഖിൽ ചികിത്സയിലാണ്. സംഭവത്തിൽ ചേർപ്പ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അക്രമം നടത്തിയ സംഘം ഒളിവിലാണെന്നും പ്രതികൾക്കായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
ALSO READ: കേരള സർവകലാശാലയിൽ SFI പ്രതിഷേധം; പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ്
തൃശൂർ കൊടുങ്ങല്ലൂരിലും മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. വയോധികനും സുഹൃത്തുമായ മതിലകം സ്വദേശി പറക്കോട്ട് സെയ്തുമുഹമ്മദിനെയാണ് എറിയാട് അത്താണി ചെട്ടിപ്പറമ്പിൽ ഷാജു കെട്ടിടത്തിന്റെ മുകളിൽ നിന്നും തള്ളിയിട്ടത്. കഴിഞ്ഞ ദിവസം രാത്രി കൊടുങ്ങല്ലൂർ മുനിസിപ്പൽ ബസ് സ്റ്റാൻ്റിന് സമീപമായിരുന്നു സംഭവം.
കെട്ടിടത്തിൻ്റെ ടെറസിന് മുകളിൽ ഇരുന്ന് മദ്യപിക്കുകയായിരുന്ന ഷാജുവും സെയ്തുതുമുഹമ്മദും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് സാജു സെയ്തുമുഹമ്മദിനെ തള്ളി താഴെയിടുകയുമായിരുന്നു. സംഭവത്തിൽ ഷാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ സെയ്തുമുഹമ്മദിനെ ആദ്യം തൃശൂർ മെഡിക്കൽ കോളേജിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.