fbwpx
ഇനി 'സിംഗിളല്ല', ചന്ദ്രനും 'മിംഗിളാകുന്നു'; കൂട്ടായെത്തുക 'മിനി മൂൺ'!!
logo

ന്യൂസ് ഡെസ്ക്

Posted : 14 Sep, 2024 08:32 PM

പുതുതായി കണ്ടെത്തിയ 'ആസ്റ്ററോയിഡ് 2024 പിടി5'നും പഴയ '2022 എൻഎക്സ് 1'ൻ്റെ പാതയോട് സാമ്യമുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്

WORLD


ഭൂമിയെ ഭ്രമണം ചെയ്യുന്ന ചന്ദ്രന് കൂട്ടായി ഒരു 'മിനി മൂൺ' കൂടിയെത്തുന്നു. സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെയാണ് ചന്ദ്രന് കൂട്ടായി 'ആസ്റ്ററോയിഡ് 2024 പിടി5' എന്നുപേരായ ഛിന്നഗ്രഹം എത്തുന്നത്. ഭൂമിയുടെ അടുത്തുകൂടി സഞ്ചരിക്കേണ്ട ഈ ഛിന്നഗ്രഹം ഗുരുത്വാകർഷണത്തിൻ്റെ ഫലമായാണ് ചന്ദ്രനൊപ്പം ഭൂമിയെ വലം വെക്കുക.

'ആസ്റ്ററോയിഡ് 2024 പിടി5' തുടർന്നുള്ള രണ്ട് മാസം (53 ദിവസം) ഭ്രമണപഥത്തിൽ തുടരുമെന്നാണ് നാസ കണ്ടെത്തിയിരിക്കുന്നത്. നാസയ്ക്ക് കീഴിലുള്ള മുന്നറിയിപ്പ് സംവിധാനമായ ആസ്റ്ററോയ്ഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (ATLAS) ഉപയോഗിച്ചാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്.

സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളാണ്‌ ഛിന്നഗ്രഹങ്ങൾ. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിലെ വസ്തുക്കളെയാണ്‌ ശാസ്ത്രലോകം പ്രധാനമായും ഛിന്നഗ്രഹങ്ങളായി കണക്കാക്കുന്നത്.

അമേരിക്കൻ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ഗവേഷണ കുറിപ്പുകളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, വെറും 10 മീറ്റർ (33 അടി) വ്യാസമുള്ള ഈ ഛിന്നഗ്രഹം വളരെ വലുതല്ല. ഭൂമിയെ ഭ്രമണം ചെയ്യുന്ന 53 ദിവസത്തെ പ്രവർത്തന കാലയളവിൽ, 'ആസ്റ്ററോയിഡ് 2024 പിടി5'ന് ഒരിക്കലും പൂർണമായും ഭ്രമണപഥത്തിൽ സഞ്ചരിക്കാൻ കഴിയില്ല. പകരം അത് ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൽ നിന്ന് തെന്നിമാറുന്നതിന് മുമ്പ് ഒരു 'ഹോഴ്‌സ് ഷൂ ലൂപ്പ്' മാതൃകയിലാണ് സഞ്ചരിക്കുക.

READ MORE: ഭീമന്‍ ഛിന്നഗ്രഹം ഭൂമിയോട് അടുക്കുന്നു; മുന്നറിയിപ്പുമായി നാസ

കാർലോസ് ഡി ലാ ഫ്യൂണ്ടെ മാർക്കോസും റൗൾ ഡി ലാ ഫ്യൂണ്ടെ മാർക്കോസും ചേർന്ന് തയ്യാറാക്കിയ ആർഎൻഎഎഎസ് റിപ്പോർട്ട് പ്രകാരം, ഭൂമിക്ക് ഛിന്നഗ്രഹങ്ങളെ അതിൻ്റെ ഭ്രമണപഥത്തിലേക്ക് വലിച്ചിടാനുള്ള ഒരു പ്രവണതയുണ്ട്. ഈ ഛിന്നഗ്രഹങ്ങൾ ചിലപ്പോൾ ഭൂമിക്ക് ചുറ്റും ഒന്നോ അതിലധികമോ തവണ മുഴുവനായി കറങ്ങിവരാമെങ്കിലും, മറ്റു അവസരങ്ങളിൽ ഭ്രമണപഥം പൂർത്തിയാക്കും മുമ്പേ അവ ഭൂമിയുടെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ നിന്ന് അകന്നുപോകാറാണ് പതിവ്.

ഭൂമിയുടെ ഗുരുത്വാകർഷണത്താൽ അകപ്പെട്ട മറ്റൊരു ഛിന്നഗ്രഹമായ '2022 എൻഎക്സ് 1', നേരത്തെ 2006 ജൂലൈ മുതൽ 2007 ജൂലൈ വരെ ഒരു വർഷത്തോളം ഭൂമിയെ ചുറ്റിക്കറങ്ങിയിരുന്നു. പുതുതായി കണ്ടെത്തിയ 'ആസ്റ്ററോയിഡ് 2024 പിടി5'നും പഴയ '2022 എൻഎക്സ് 1'ൻ്റെ പാതയോട് സാമ്യമുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

READ MORE: ഇത് സന്തോഷകരമായ സ്ഥലമാണ്; ഇവിടെ ജീവിക്കാൻ ഇഷ്‌ടപ്പെടുന്നു, ബഹിരാകാശത്ത് നിന്നും സുനിത വില്യംസ്


Also Read
user
Share This

Popular

KERALA
KERALA
ഇ.പിയുടെ ആത്മകഥ വിവാദം: ഡിസി ബുക്സിൽ അച്ചടക്ക നടപടി, പബ്ലിക്കേഷൻസ് മാനേജരെ സസ്‌പെൻഡ് ചെയ്തു