കണ്ണൂർ ടൗൺ പൊലീസിൽ നിന്നും ശ്രീ കണ്ഠപുരം പൊലീസിൽ നിന്നുമാണ് രേഖകൾ ശേഖരിച്ചത്
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദ പെട്രോൾ പമ്പിൻ്റെ സാമ്പത്തിക ഇടപാടുകൾ ഇഡി ശേഖരിച്ചു. കണ്ണൂർ ടൗൺ പൊലീസിൽ നിന്നും ശ്രീകണ്ഠാപുരം പൊലീസിൽ നിന്നുമാണ് രേഖകൾ ശേഖരിച്ചത്. ഇതുവരെ ലഭിച്ചത് ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ കണക്കുകൾ മാത്രം. 70 ലക്ഷം രൂപയുടെ ഇടപാടുകൾ ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
രണ്ട് കോടി രൂപയാണ് വിവാദ പെട്രോൾ പാമ്പുമായി ബന്ധപ്പെട്ട് പ്രശാന്തൻ നൽകിയിരുന്നത്. ബാങ്കിടപാടുകൾ സംബന്ധിച്ച രേഖകൾ ആണ് ഇഡി ഇപ്പോൾ പരിശോധിച്ചത്. പ്രശാന്താണ് രണ്ട് കോടി രൂപ എവിടെ നിന്ന് വന്നു എന്നും ഇഡി പരിശോധിക്കും. 70 ലക്ഷം രൂപ പണമായാണോ വാങ്ങിയതെന്നും ഇഡി പരിശോധിക്കും.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ കളക്ടറുടെ മൊഴിയെടുത്തു. കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി ക്യാംപ് ഹൗസിലെത്തിയാണ് കളക്ടറുടെ മൊഴി രേഖപ്പെടുത്തിയത്.
നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യയെ പൂർണമായും മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപറഞ്ഞിരുന്നു.
ദിവ്യയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അടിയന്തരമായാണ് പുറത്താക്കിയതെന്നും സർക്കാർ ഒരു തരത്തിലുള്ള പരിഗണനയും നൽകുകയില്ലെന്നും ഇടതു മുന്നണി യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വേഗത്തിൽ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദിവ്യയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടാൽ സംഘടനാപരമായ നടപടി വരെ ഉണ്ടാകുമെന്ന സൂചനയാണ് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി നൽകിയത്.
നവീൻ ബാബുവിന്റെ മരണം ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ തിരിച്ചടിയാകുമെന്ന വിമർശനം മുന്നണി യോഗത്തിൽ ഉയരും മുൻപേയാണ് അധ്യക്ഷ പ്രസംഗത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതോടെ ഘടകകക്ഷികൾ ആരും ഇക്കാര്യത്തിലുള്ള വിമർശനം ഉന്നയിച്ചില്ല.