കേരളത്തിൽ 10ൽ അധികം കേസുകളിൽ നടപടിക്രമം തുടരുന്നതായി ഇഡി അറിയിച്ചു
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ കടുത്ത നടപടികള്‍ക്കൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായവർക്ക് പണം തിരികെ നൽകാൻ നടപടിയെടുക്കും. ഇഡി ഡെപ്യൂട്ടി ഡയറക്ടർ സിമിയുടെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കാരക്കോണം മെഡിക്കൽ കോളേജ് കോഴക്കേസിൽ ഏഴ് കോടിയിലധികം പ്രതികൾ തട്ടിയെടുത്തിരുന്നു. അതിൽ 95 ലക്ഷം കണ്ടുകെട്ടി. വിചാരണ തുടങ്ങുന്നതിനു മുൻപ് തന്നെ രക്ഷിതാക്കൾക്ക് പണം തിരികെ നൽകുന്നുവെന്നും ഇഡി അറിയിച്ചു. നിലവിൽ ആറ് പേരുടെ 80 ലക്ഷത്തിലധികം തിരികെ നൽകി. പല ഇഡി ഓഫീസുകളിലും പണം തിരിച്ച് കൊടുത്തിട്ടുണ്ട്.
Also Read: വിദ്വേഷ പരാമർശ കേസ്: പി.സി. ജോർജ് കോടതിയിൽ കീഴടങ്ങി
കേരളത്തിൽ 10ൽ അധികം കേസുകളിൽ നടപടിക്രമം തുടരുന്നതായി ഇഡി അറിയിച്ചു. കരുവന്നൂർ കേസിൽ നടപടി തുടരുന്നു. 128 കോടിയോളം കണ്ടുകെട്ടിയിട്ടുണ്ട്. പണം നഷ്ടമായവർക്ക് ബാങ്ക് വഴി തിരികെ നൽകാനാണ് ഉദ്ദേശ്യം. ബാങ്കിലാണ് എല്ലാ രേഖകളും ഉള്ളതെന്നും കണ്ടുക്കെട്ടിയ മുഴുവൻ തുകയും ബാങ്കിന് തിരികെ നൽകാനാണ് തീരുമാനമെന്നും ഇഡി വ്യക്തമാക്കി. കണ്ടല ബാങ്കിലും നടപടി ക്രമങ്ങൾ തുടരുന്നു. ഹൈറിച്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചു. സ്വത്തും കണ്ടുകെട്ടിയിട്ടുണ്ട്. ബഡ്സ് അതോറിറ്റിയും സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്. ഇഡി കണ്ടുകെട്ടിയ സ്വത്തും ബഡ്സ് അതോറിറ്റിയോട് ഏറ്റെടുക്കാൻ നിർദേശിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് ഡപ്യൂട്ടി ഡയറക്ടർ കൂട്ടിച്ചേർത്തു.