എസ്എസ്എൽസി പ്ലസ്ടു ഫലം നേരത്തെ തന്നെ പ്രഖ്യാപിക്കുമെന്നും വി. ശിവൻകുട്ടി
പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും ഏപ്രിൽ 23ന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ പാഠ്യപദ്ധതി പ്രകാശനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
16 വർഷത്തിനുശേഷമാണ് പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് പരിഷ്‌കരിക്കുന്നത്. പാഠ്യപദ്ധതി മികച്ച രീതിയിൽ പരിഷ്കരിക്കാൻ സാധിച്ചിട്ടുണ്ട്. വിജ്ഞാനം ഓരോ നിമിഷത്തിലും മാറുന്നതാണ്. അതിനാൽ അത്തരത്തിലുള്ള പരിഷ്കരണങ്ങൾ ആവശ്യമാണ്. വലിയ പരിശ്രമം തന്നെ പരിഷ്കരണത്തിന് പുറകിലുണ്ട്.
പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ വിദ്യാലയങ്ങളിൽ എത്തിച്ച് വിതരണം ചെയ്തു. ബാക്കി ക്ലാസുകളിലെ മുഴുവൻ പാഠപുസ്തകങ്ങളുടെയും വിതരണ ഉദ്ഘാടനമാണ് 23ന് നടക്കുക. യോഗ, കലാ, കായിക പരിശീലനത്തിനായി പ്രത്യേക പാഠപുസ്തകങ്ങളുണ്ട്. തൊഴിൽ പഠനത്തിനും പ്രത്യേക പാഠപുസ്തകങ്ങളുണ്ട്. ലഹരി വിരുദ്ധ പ്രവർത്തങ്ങൾക്ക് പ്രത്യേക പരിശീലനം നൽകും. പാഠപുസ്തകങ്ങളുടെ അച്ചടി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
മെയ് 10 ന് മുമ്പ് തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യും. മിനിമം മാർക്ക് എന്ന സമഗ്ര ഗുണമേന്മ പദ്ധതിയോട് ജനങ്ങൾക്ക് മികച്ച പ്രതികരണമാണ്. അധ്യാപക സംഘടനകൾ ഇതിനോട് സഹകരിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം ഏപ്രിൽ 30ന് മെഗാ സൂമ്പ ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി നിർവഹിക്കും. തിരുവനന്തപുരത്തെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ കുട്ടികൾ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾ പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ രണ്ടിന് ആലപ്പുഴയിൽ വച്ച് നടക്കും. എസ്എസ്എൽസി പ്ലസ്ടു ഫലം നേരത്തെ തന്നെ പ്രഖ്യാപിക്കുമെന്നും വി. ശിവൻകുട്ടി അറിയിച്ചു. എൻസിആർടി രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. അടുത്തമാസം രണ്ടിന് നടക്കുന്ന യോഗത്തിൽ പിഎംശ്രീ വിഷയത്തിൽ ബിജെപി ഇതര സർക്കാരുകളോട് കാണിക്കുന്ന നയം ഉന്നയിക്കുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.