കാലിഫോർണിയയിൽ വ്യാഴാഴ്ച നടന്ന ടെസ്‌ലയുടെ 'വി റോബോട്ട്' ഇവൻ്റിലൂടെയാണ് ഈ ആൻഡ്രോയ്ഡ് മനുഷ്യരെ ഇലോൺ മസ്ക് അവതരിപ്പിച്ചത്
മുഴുവൻ സമയവും പണിയെടുക്കുന്ന, കൂടെയിരുന്ന് സംസാരിക്കുന്ന സ്നേഹമുള്ള റോബോട്ട്. 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ' സിനിമ കണ്ട് ഇതുപോലൊരു റോബോട്ട് തനിക്കും വേണമെന്ന് ആഗ്രഹിച്ചവരാണ് നമ്മളിൽ പലരും. ഇങ്ങനെ ആഗ്രഹിച്ചിരിക്കുന്നവരെ കണ്ട് 'ഒപ്റ്റിമസ് റോബോട്ട്' എന്ന മനുഷ്യസമാനമായ റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് ഇലോൺ മസ്കിൻ്റെ ടെസ്‌ല. കാലിഫോർണിയയിൽ വ്യാഴാഴ്ച നടന്ന ടെസ്‌ലയുടെ 'വി റോബോട്ട്' ഇവൻ്റിലൂടെയാണ് ഈ ആൻഡ്രോയ്ഡ് മനുഷ്യരെ ഇലോൺ മസ്ക് അവതരിപ്പിച്ചത്.
റാമ്പിലൂടെ സ്റ്റൈലായി നടന്ന് വന്ന റോബോട്ടുകളെ കണ്ട് പലരും വാ പൊളിച്ചു. റോബോർട്ടുകൾ ചെടി നനക്കുകയും, കുട്ടികളുമായി കളിക്കുകയും, പാനീയങ്ങൾ നിർമിക്കുന്നതുമെല്ലാം കണ്ടവർ ആശ്ചര്യത്തോടെ ചോദിച്ചു, സത്യത്തിൽ ഈ സ്യൂട്ടിന് പിന്നിൽ യഥാർഥ മനുഷ്യരാണോ?
"അധ്യാപനമാകട്ടെ, നിങ്ങളുടെ കുട്ടികളെ പരിപാലിക്കുന്ന ജോലിയാകട്ടെ, പലചരക്ക് സാധനങ്ങൾ വാങ്ങുന്നതാകട്ടെ, ഈ റോബോട്ടുകൾ നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യും. നിങ്ങളുടെ വളർത്തുനായയെ പുറത്തുകൊണ്ടുപോകാനും സുഹൃത്തുക്കൾക്ക് പാനീയങ്ങൾ ഉണ്ടാക്കാനും ഇവയ്ക്ക് പറ്റും. നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതെന്തും, ഇത് ചെയ്യും,” ലോഞ്ചിങ്ങിനിടെ ടെസ്‌ല സിഇഒ എലോൺ മസ്‌ക് പറഞ്ഞു.
റോബോർട്ടുകളുടെ ആതിഥ്യമര്യാദ കണ്ട് മസ്കിൻ്റെ അവകാശ വാദങ്ങൾ ശരിയെന്ന് കാണികളും സമ്മതിച്ചു. റോബോട്ടുകളുടെ വീഡിയോകൾ പുറത്തെത്തിയതോടെ ഇൻ്റർനെറ്റ് ലോകവും ആശ്ചര്യപ്പെട്ടു.
ഒപ്റ്റിമസ് റോബോട്ട് പാനീയം തയ്യാറാക്കുന്നു
"ഈ ഇവൻ്റിൽ പങ്കെടുത്തവർക്ക് അവരൊരു ടൈംട്രാവൽ യാത്രയിലാണെന്ന് തോന്നിയില്ലേ? ഇത് ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഒരു ഇവൻ്റ് തന്നെയായിരിക്കും". ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. റോബോട്ടിന് കാര്യങ്ങൾ പഠിക്കാനും ചർച്ച ചെയ്യാനും കഴിയുമെങ്കിൽ ഒരെണ്ണം വാങ്ങാമെന്നായിരുന്നു മറ്റൊരു എക്സ് യൂസറിൻ്റെ അഭിപ്രായം.
എന്തായാലും ലോകം മുഴുവൻ ഒപ്റ്റിമസ് റോബോട്ടിനെ വാങ്ങാനായി പേഴ്സ് തപ്പുകയാണ്. എന്നാൽ ചെറുതായി ഒന്ന് ഞെട്ടിക്കോളു, 20,000 മുതൽ 30,000 ഡോളർ, അഥവാ 25 ലക്ഷം രൂപക്കടുത്താണ് ഒപ്റ്റിമസ് റോബോട്ടിൻ്റെ വില. അതായത് പണിയെടുക്കാനുള്ള മടിക്ക് പരിഹാരമായി കാൽക്കോടിയെങ്കിലും കയ്യിൽ വേണമെന്ന് സാരം.