എല്ലാവരും പിന്തുണയ്ക്കുന്ന ഒരാളെ കണ്ടെത്തുകയെന്നതാണ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ നേരിടുന്ന പ്രധാന വെല്ലുവിളി
മിഷേൽ ബാർണിയർ അവിശ്വാസ വോട്ടില്‍ പുറത്തായതോടെ, വലിയ അനിശ്ചിതത്വത്തിലേക്കാണ് ഫ്രഞ്ച് രാഷ്ട്രീയം പോകുന്നത്. പുതിയ പ്രധാനമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ പ്രഖ്യാപനം. ആരാകും അതെന്നാണ്, ലോകം ഉറ്റുനോക്കുന്നത്. എല്ലാവരും പിന്തുണയ്ക്കുന്ന ഒരാളെ കണ്ടെത്തുകയെന്നതാണ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മുന്‍ സോഷ്യലിസ്റ്റ് ബെർണാഡ് കാസെന്യൂവ് മുതല്‍ 73കാരനായ മുതിർന്ന റിപബ്ലിക്കന്‍ ഫ്രാങ്കോയിസ് ബേറോ വരെയുണ്ട്, സാധ്യതാപട്ടികയിൽ. പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെകോർനു, ആഭ്യന്തരമന്ത്രി ബ്രൂണോ റീട്ടെയ്‌ലോ എന്നിവരുമുണ്ട്.
സെബാസ്റ്റ്യൻ ലെകോർനു & ബ്രൂണോ റീട്ടെയ്‌ലോ
റിപ്പബ്ലിക്കൻ പാർട്ടി വിട്ട് മാക്രോണിനൊപ്പം അണിനിരന്നവരാണ് ബാർണിയർ മന്ത്രിസഭാംഗങ്ങളായ സെബാസ്റ്റ്യൻ ലെകോർനുവും, ബ്രൂണോ റീട്ടെയ്‌ലോയും. മന്ത്രിസഭയിലെ സുപ്രധാനമായ പ്രതിരോധം ലെകോർനുവിന്‍റെയും ആഭ്യന്തരം റീട്ടെയ്‌ലോയും കെെയ്യിലായിരുന്നു. മാക്രോണിന്‍റെ വിശ്വസ്തരായ ഇരു നേതാക്കള്‍ക്കും ബജറ്റ് ലക്ഷ്യംവെച്ചുള്ള കെയർടേക്കർ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യത.
ALSO READ: സിറിയയിൽ അലെപ്പോയ്ക്കും ഹമായ്ക്കും പിന്നാലെ ഹംസോ? നഗരത്തിൽ നിന്ന് പലായനം ചെയ്തത് ആയിരക്കണക്കിന് പേർ
ഫ്രാങ്കോയിസ് ബെയ്റൂവോ ബെർണാഡ് കാസെന്യൂവോ
മുതിർന്ന നേതാക്കളെ പരിഗണിക്കുന്ന പക്ഷം 73കാരനായ ഫ്രാങ്കോയിസ് ബെയ്റൂവോ ബെർണാഡ് കാസെന്യൂവോ ആയിരിക്കും മാക്രോണിന്‍റെ നോമിനി. 2002, 2007, 2012 വർഷങ്ങളിൽ പ്രസിഡൻ്റ് പദത്തിലേക്ക് മത്സരിച്ച ബെയ്റൂവിന്‍റെ ഡെമോക്രാറ്റിക് മൂവ്‌മെൻ്റ് പാർട്ടി മാക്രോണിന്‍റെ അടുത്ത സഖ്യകക്ഷികളിലൊന്നാണ്. ജനകീയ അടിത്തറയുള്ള നേതാക്കളിലൊരാളായ ബെയ്റൂവിനെ തെരഞ്ഞെടുത്താൽ, മാക്രോണ്‍ ലക്ഷ്യംവയ്ക്കുന്ന മധ്യ രാഷ്ട്രീയ സർക്കാർ സംഭവിക്കും.
ബെർണാഡ് കാസെന്യൂവ്
മുന്‍ പ്രധാനമന്ത്രിയും മുന്‍ സോഷ്യലിസ്റ്റ് നേതാവുമായ ബെർണാഡ് കാസെന്യൂവ് ഫ്രാന്‍സ് അണ്‍ബോയുമായുള്ള സഖ്യത്തെ എതിർത്താണ് 2022ല്‍ സോഷ്യലിസ്റ്റ് പാർട്ടി വിട്ടത്. മധ്യ-ഇടതുപക്ഷക്കാരനായ കാസെന്യൂവിനെ പ്രധാനമന്ത്രിയായി നിയമിക്കുക എന്നാല്‍ സോഷ്യലിസ്റ്റ് അനുകൂലികളെ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് അകറ്റാനും പ്രസിഡന്‍റ് നിയന്ത്രണമുള്ള സർക്കാർ രൂപീകരണത്തിനും മാക്രോണിനെ സഹായിക്കും. എന്നാൽ കാസെന്യൂവിനെ നിയമിച്ചാല്‍ അടുത്ത അവിശ്വാസ പ്രമേയമെന്ന പ്രതിജ്ഞയിലാണ് ഇടതുപക്ഷ ഫ്രാന്‍സ് നിര.
ALSO READ: 'സംഭല്‍' സംഭവവികാസങ്ങള്‍; ഒരു സര്‍വെയില്‍ നിന്ന് എളുപ്പത്തിലൊരു വര്‍ഗീയ കലാപം
സേവ്യർ ബെർട്രാൻഡ്
ഈ തെരച്ചിലില്‍ മാക്രോണ്‍ നടത്തിയ മറ്റൊരു കൂടിക്കാഴ്ച സേവ്യർ ബെർട്രാൻഡുമായാണ്. സേവ്യർ ബെർട്രാൻഡിന്‍റെ മധ്യ-വലതുപക്ഷ രാഷ്ട്രീയത്തോടായിരിക്കും ഭരണസഖ്യം കൂടുതല്‍ പൊരുത്തപ്പെടുകയെന്നതാണ് കാരണം. ബാർണിയറിനൊപ്പം മാക്രോണിന്‍റെ പരിഗണനയിൽ ഉണ്ടായിരുന്ന ഇരുനേതാക്കളും ഷോർട്ട് ലിസ്റ്റിലെത്തുന്ന പക്ഷം, മുന്‍തൂക്കം, സേവ്യർ ബെർട്രാൻഡിനായിരിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു.
അസംബ്ലി പിരിച്ചുവിടാന്‍ 2025 ജൂലൈ വരെ കാത്തിരിക്കണം. അതിനാൽ ഹ്വസ്വ കാലയളവ് മാത്രം ആയുസുള്ള സർക്കാരായിരിക്കും ഇത്. രാജിവെച്ച ബാർണിയറിനെ കെയർടേക്കർ പ്രധാനമന്ത്രിയായി പുനർനിയമിക്കാന്‍ മാക്രോണ്‍ തന്ത്രപരമായ തീരുമാനമെടുക്കുന്ന സാഹചര്യവുമുണ്ട്. പക്ഷേ, വീണ്ടും അവിശ്വാസ പ്രമേയമൊഴിവാക്കാന്‍ ബജറ്റ് ബില്ലില്‍ നിന്ന് പിന്മാറി പ്രതിപക്ഷ സഖ്യത്തെ അനുനയിപ്പിക്കേണ്ടി വരും മാക്രോണിന് എന്നുമാത്രം.