എന്താണ് യഥാര്‍ത്ഥത്തില്‍ സ്റ്റീഫന്റെ അഥവാ ഖുറേഷി അബ്‌റാമിന്റെ രാഷ്ട്രീയം? അത് കൃത്യമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്
പിതാവിന്റെയും പുത്രന്റെയും ഇടയില്‍ വിരിഞ്ഞ ഇരുട്ടിന്റെ പൂവ്, തമോഗോളങ്ങളുടെ എമ്പുരാന്‍.....
ഒരുപക്ഷെ മലയാളി പ്രേക്ഷകര്‍ ഇത്രയും പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സിനിമയുണ്ടാകില്ലെന്ന് തന്നെ പറയാം. ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം. ഒടുവില്‍ അബ്‌റാം ഖുറേഷി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയുടെ റിലീസിന് മുന്‍പ് പൃഥ്വിരാജ് പറഞ്ഞത്, എമ്പുരാന്‍ ഒരു ചെറിയ സിനിമയാണെന്നാണ്. എന്നാല്‍ എമ്പുരാന്‍ അത്ര ചെറുതല്ല. മലയാള സിനിമ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കാന്‍വാസിലാണ് പൃഥ്വിരാജ് സുകുമാരന്‍ എന്ന സംവിധായകന്‍ എമ്പുരാന്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇങ്ങനെയൊരു സിനിമ ഇതിന് മുമ്പ് മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്ന് നിസംശയം പറയാം.
എന്നാല്‍ എമ്പുരാന് മലയാളി പ്രേക്ഷകരുടെയും മോഹന്‍ലാല്‍ ആരാധകരുടെയും പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ സാധിച്ചിട്ടുണ്ടോ? ഇല്ലെന്ന് വേണം പറയാന്‍. സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്നും ഖുറേഷി അബ്‌റാമിലേക്കുള്ള മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം അത്രയ്ക്കങ്ങ് ഏറ്റിട്ടില്ല.
സയ്ദ് മസൂദിന്റെ കുട്ടിക്കാലത്തില്‍ നിന്നാണ് എമ്പുരാന്‍ യഥാര്‍ഥത്തില്‍ ആരംഭിക്കുന്നത്. നോര്‍ത്ത് ഇന്ത്യയിലെ ഒരു ഹിന്ദു മുസ്ലീം കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന എമ്പുരാന്‍ പിന്നീട് പോകുന്നത് ഇന്നത്തെ നെടുമ്പള്ളിയിലേക്കാണ്. സ്റ്റീഫന്‍ ഇല്ലാത്ത നെടുമ്പള്ളിയിലേക്ക്. ജതിന്‍ രാംദാസ് മുഖ്യമന്ത്രിയായ കേരളത്തിലേക്ക്. ദൈവപുത്രന്‍ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെ അല്ലാതെ ആരെയാണ് ആശ്രയിക്കുക എന്ന സിനിമയിലെ ഡയലോഗുപോലെ ജതിന്‍ രാംദാസ് എന്ന വഴിതെറ്റിപ്പോയ ദൈവ പുത്രനില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ സിനിമയില്‍ സ്റ്റീഫന്‍ അഥവ ഖുറേഷി അബ്‌റാം ഇറങ്ങി തിരിക്കുകയാണ്. ലോകത്തിന്റെ ഏത് അറ്റത്താണെങ്കിലും സ്വന്തം നാടിനെ സംരക്ഷിക്കാന്‍ അവനെത്തും എന്നതാണ് സിനിമ പ്രാഥമികമായി പറഞ്ഞു വെക്കുന്നത്.
മോഹന്‍ലാലിന്റെ ഖുറേഷി അവതാരം ലോകത്തെ തന്നെ കൈയ്യിലിട്ട് അമ്മാനമാടുന്ന വലിയ ശക്തിയാണ്. സ്റ്റീഫന്റെ മറ്റൊരു മുഖമായ ഖുറേഷി അബ്‌റാമിലാണല്ലോ ലൂസിഫര്‍ അവസാനിക്കുന്നത്. എമ്പുരാനിലേക്ക് എത്തുമ്പോള്‍ ഇത് ഖുറേഷി അബ്‌റാമിന്റെ കഥയാണ്. തുടക്കം സയിദ് മസൂദിലാണെങ്കിലും സിനിമയില്‍ വളരെ കുറച്ച് ഭാഗം മാത്രമെ നമുക്ക് പൃഥ്വിരാജിനെ കാണാന്‍ സാധിക്കുകയുള്ളു. ലൂസിഫറിലെ പോലെ തന്നെ എമ്പുരാനിലും മോഹന്‍ലാല്‍ അവതരിക്കുന്നത് വളരെ വൈകിയാണ്. പണ്ട് ലൂസിഫറില്‍ സ്റ്റീഫന്‍ പറഞ്ഞത് പോലെ നന്മയും നന്മയും തമ്മിലല്ല, തിന്മയും തിന്മയും തമ്മിലാണ് യുദ്ധം. ആ യുദ്ധം തന്നെയാണ് എമ്പുരാനിലും തുടരുന്നത്.
ലൂസിഫര്‍ കേന്ദ്രീകരിച്ചിരുന്നത് കേരളത്തിലും കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിലും മാത്രമായിരുന്നെങ്കില്‍ എമ്പുരാനിലേക്ക് വരുമ്പോള്‍ അത് അങ്ങനെയല്ല. എമ്പുരാനില്‍ കഥ നടക്കുന്നത് കേരളത്തില്‍ മാത്രമല്ല. ലോകത്തിന്റെ പല ഭാഗങ്ങളിലുമായാണ്. ആരാണ് ഖുറേഷി അബ്‌റാം എന്നത് ഇന്ദ്രജിത്തിന്റെ ഗോവര്‍ദ്ധനെ പോലെ തന്നെ ലോകത്തിലെ പല ശക്തികേന്ദ്രങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ലൂസിഫറില്‍ കേരളമായിരുന്നു കൂടുതലും, നമുക്ക് അറിയുന്ന നമ്മള്‍ കണ്ട് വളര്‍ന്ന ലാന്‍ഡ്‌സ്‌കെയിപുകള്‍. എന്നാല്‍ എമ്പുരാനില്‍ കേരളം വളരെ കുറച്ച് മാത്രമെയുള്ളൂ. കൂടുതലും വിദേശ രാജ്യങ്ങളാണ്. അതും ഇടയ്ക്കിടെ മാറി മറയുകയാണ് ചെയ്യുന്നത്. ഖുറേഷി അബ്‌റാം ഈ ലോകത്തില്‍ വ്യാപിച്ച് കിടക്കുകയാണെന്ന് കാണിക്കാന്‍ പൃഥ്വിരാജ് വല്ലാതെ കഷ്ടപ്പെട്ട പോലെ നമുക്ക് തോന്നിപോകും പലപ്പോഴും.
ഇമോഷണല്‍ കണക്ഷനും ലൂസിഫറില്‍ ഒരു വലിയ ഘടകമായിരുന്നു. എന്നാല്‍ എമ്പുരാനിലേക്ക് വരുമ്പോള്‍ അത്തരം സീനുകള്‍ കുറവാണ്. ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നത് ഖുറേഷി അബ്‌റാമിലും സയ്ദ് മസൂദിലുമാണ്. സയ്ദ് മസൂദിന്റെ കുട്ടിക്കാലത്തെ സീനുകള്‍ ഒഴിച്ചാല്‍ വൈകാരികമായ സീനുകളൊന്നും തന്നെ എമ്പുരാനില്ലെന്ന് തന്നെ പറയേണ്ടി വരും.
ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ഖുറേഷി പൊരുതുന്നത് തിന്മയ്‌ക്കെതിരാണ്. ആ പോരാട്ടത്തെ ചിത്രീകരിച്ചിരിക്കുന്ന രീതി പക്ഷെ ചിന്നിചിതറിയ രൂപത്തിലാണ്. ലോകത്തിന്റെ പല ഭാഗത്തും ഖുറേഷി അബ്‌റാം എന്ന ശക്തി വ്യാപിച്ച് കിടക്കുകയാണെന്ന് പല തവണയായി പൃഥ്വിരാജ് പറഞ്ഞുവെക്കുന്നുണ്ട്. അത് പലതവണയായി പല രീതിയില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ ശ്രമിച്ചതുകൊണ്ടായിരിക്കാം ലൂസിഫര്‍ എന്ന സിനിമയ്ക്കുണ്ടായിരുന്ന പെര്‍ഫക്ഷന്‍ എമ്പുരാനില്ലെന്ന് വേണം പറയാന്‍.
ലൂസിഫറിനേക്കാള്‍ സീരിയസായ സിനിമയാണ് എമ്പുരാന്‍ എന്ന് ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എമ്പുരാന്‍ പറയാന്‍ ശ്രമിച്ച വിഷയത്തിന് ആ സീരിയസ്‌നെസ് ഉണ്ടെങ്കിലും അത് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായകനോ തിരക്കഥാകൃത്തിനോ സാധിച്ചിട്ടില്ല. സിനിമ കൊണ്ട് അവര്‍ പറയാന്‍ ഉദ്ദേശിച്ചത്, അബ്‌റാം ഖുറേഷിയുടെ തിന്മയ്‌ക്കെതിരെയുള്ള പോരാട്ടത്തെയാണ്. എന്നാല്‍ ഇത്തവണ ഖുറേഷി അബ്‌റാമിന് നേരിടാന്‍ ഒരുപാട് തിന്മകളുണ്ട്. സ്വന്തം നാടായ കേരളത്തിലും പിന്നെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ലോകത്തിന്റെ വിവധ ഭാഗങ്ങളിലുമെല്ലാം ലൂസിഫര്‍ എന്ന അബ്‌റാം ഖുറേഷി തിന്മയ്‌ക്കെതിരായി പൊരുതുകയാണ്. എന്നാല്‍ ആ പോരാട്ടത്തെ വേണ്ടത്ര തീവ്രതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ പൃഥ്വിരാജിന് ആയിട്ടില്ലെന്ന് വേണം പറയാന്‍.
അതേസമയം ഒരു മോഹന്‍ലാല്‍ ആരാധകന് തിയേറ്ററില്‍ ഇരുന്ന രോമാഞ്ചം കൊള്ളാനുള്ള സീനുകള്‍ സിനിമയില്‍ ഉടനീളം പൃഥ്വിരാജ് പ്രതിഷ്ഠിച്ചിട്ടുണ്ട്. അപ്പോഴും ശക്തമായൊരു സ്ട്രക്ചര്‍ ഇല്ലായ്മ എമ്പുരാന്റെ പോരായ്മയാണ്. നേരത്തെ പറഞ്ഞത് പോലെ അവിടെ ഇവിടെയായി ചിന്നിചിതറി കിടക്കുകയാണ് സീനുകളെല്ലാം. അതിനെ എങ്ങനെയോ കൂട്ടിയോജിപ്പിച്ച് വെച്ച പോലെയാണ് പ്രേക്ഷകന് എമ്പുരാന്‍ കാണുമ്പോള്‍ കിട്ടുന്ന ഐഡിയ.
സിനിമ പറയുന്ന രാഷ്ട്രീയത്തെ കുറിച്ചും പറഞ്ഞുവെക്കേണ്ടതുണ്ട്. എന്താണ് യഥാര്‍ഥത്തില്‍ സ്റ്റീഫന്റെ അഥവാ ഖുറേഷി അബ്‌റാമിന്റെ രാഷ്ട്രീയം? അത് കൃത്യമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ആശയങ്ങളെ ശക്തമായി തുറന്നു കാട്ടുന്നുകൂടിയുണ്ട് എമ്പുരാന്‍. കേരളത്തെ വിഴുങ്ങാനെത്തുന്ന അത്തരം ശക്തികളെ എതിര്‍ക്കുകയാണ് സിനിമയില്‍ സ്റ്റീഫന്‍ എന്ന ഖുറേഷി അബ്‌റാം ചെയ്യുന്നത്.
മലയാള സിനിമയെ സംബന്ധിച്ച് എമ്പുരാന്‍ ഒരു പുതിയ അറ്റംറ്റാണ്. കെജിഎഫും, ബാഹുബലിയുമെല്ലാം കേരളത്തിലെ തിയേറ്ററുകളില്‍ ആഘോഷമായപ്പോള്‍ അത്തരമൊരു ബിഗ് കാന്‍വാസ് സിനിമ മലയാളത്തിന് സാധ്യമാകുമോ എന്ന് നമ്മള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമല്ലോ. അതിനുള്ള ഉത്തരം കൂടിയാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ പ്രേക്ഷകര്‍ക്ക് തന്നത്.