ഇതോടെ ഈ വർഷം സംസ്ഥാനത്ത് നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു
ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോട്ട്. സുക്മ ജില്ലയിൽ ഏറ്റുമുട്ടലുണ്ടായതായി ഉപമുഖ്യമന്ത്രി വിജയ് ശർമ്മയാണ് അറിയിച്ചത്. സുക്മയിലെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ സുരക്ഷാ സേന വിജയം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ മൂന്ന് മാവോയിസ്റ്റുകൾ ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും വിജയ് ശർമ്മ വ്യക്തമാക്കി. സുക്മ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, കോബ്ര എന്നിവയിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം 219 മാവോയിസ്റ്റുകളാണ് സംസ്ഥാനത്ത് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്.