നടിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ബോബിയെ അറസ്റ്റ് ചെയ്തത്
നടിയുടെ ലൈംഗികാധിക്ഷേപ പരാതിയിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത സാഹചര്യത്തിലാണ് ബോബി ഇന്ന് വീണ്ടും മേൽ കോടതിയിൽ ജാമ്യപേക്ഷ നൽകുന്നത്. നിലവിൽ ബോബി കാക്കനാട് ജില്ലാ ജയിലിലാണ്. നടിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ബോബിയെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ചയാണ് പ്രതിയായ ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതി ജാമ്യപേക്ഷതള്ളിയത്. ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകിയാലും തുടർ ദിവസങ്ങളിൽ കോടതി അവധിയായതിനാൽ ബോബി ജയിലിൽ തന്നെ തുടരേണ്ടി വരും.
എന്നാൽ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷയെ എതിർക്കാൻ കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിൻ്റെ നീക്കം. ജാമ്യാപേക്ഷ കോടതിയിൽ എത്തിയാൽ ഉടൻ ബോബിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. കഴിഞ്ഞ ദിവസം ഹോസ്‌പിറ്റലിൽ അതിക്രമം നടത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കാനും പൊലീസ് നീക്കം നടത്തും. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ബോബി ചെമ്മണ്ണൂരുമായി കാക്കനാട്ടെ ജയിലിലേക്ക് പോകാനൊരുങ്ങിയ പൊലീസ് വാഹനം തടഞ്ഞ് ആളുകൾ പ്രതിഷേധിച്ചിരുന്നു. ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഹോസ്‌പിറ്റലിൽ നടന്ന ഈ അതിക്രമത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ എസ്ഐയ്ക്ക് എസിപി നിർദേശം നൽകി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതടക്കമുള്ള നടപടികളിലേയ്ക്ക് പൊലീസ് നീങ്ങും.
ALSO READ: ലൈംഗികാധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; 14 ദിവസം റിമാന്‍ഡിൽ
കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിയുമായി രംഗത്തെത്തിയത്. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍ നോട്ടത്തില്‍ പത്ത് പേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് ഏറ്റെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്ട് അടക്കം ജാമ്യമില്ലാത്ത വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. വയനാട് മേപ്പാടി ചുളുക്ക അഞ്ചു റോഡ് ഭാഗത്ത് വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പരാതി നൽകിയതിനു പിന്നാലെ, നടി മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. പരാതിയിൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നടിക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
നാല് മാസം മുൻപ് ബോബിയുടെ ക്ഷണപ്രകാരം, ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂം ഉദ്ഘാടനത്തിന് നടി പോയിരുന്നു. ഉദ്ഘാടന പരിപാടിക്കിടെ ബോബി ചെമ്മണ്ണൂരില്‍ നിന്ന് അശ്ലീല പരാമര്‍ശമുണ്ടായെന്നും, പലതവണ ഇത് ആവര്‍ത്തിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് നടി പൊലീസിൽ പരാതി നല്‍കിയത്.
ALSO READ: 'അടി കൊടുക്കാന്‍ കേരളത്തില്‍ ആരും ഇല്ലാതായിപ്പോയി'; ബോബി ചെമ്മണ്ണൂരിനെതിരെ ജി. സുധാകരന്‍
പല ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും ബോബിയുടെ പരാമര്‍ശത്തിലെ അശ്ലീലം ആഘോഷിക്കപ്പെട്ടു. ബോബി ചെമ്മണ്ണൂര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗീക ധ്വനിയുള്ള പരാമര്‍ശം നടത്തി. ബോബിയുടെ പരാമര്‍ശം പല ആളുകള്‍ക്കും അശ്ലീല അസഭ്യ കമന്റുകള്‍ ഇടാന്‍ ഊര്‍ജമായതായും നടി പരാതിയില്‍ ചൂണ്ടിക്കാട്ടി.