ഹമാസ് ആക്രമണം നടത്തിയതിന് ശേഷം ദീർഘകാലം തങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതും വീഡിയോയിൽ നിന്നും വ്യക്തമാണ്
ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഹമാസ് നേതാവ് യഹ്യ സിൻവാർ വീടിനു താഴെയുള്ള തുരങ്ക പാതയിലൂടെ രക്ഷപ്പെടുന്ന പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ. ഇസ്രയേലി ഡിഫൻസ് ഫോഴ്‌സ് പങ്കുവെച്ച വീഡിയോയിൽ, സിൻവാർ ഭൂഗർഭ ഒളിസങ്കേതത്തിലേക്ക് സാധനസാമഗ്രികൾ നീക്കുന്നതായി കാണാം. ഹമാസ് ആക്രമണം നടത്താൻ തയ്യാറെടുത്താൽ ദീർഘകാലം തങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതും വീഡിയോയിൽ നിന്നും വ്യക്തമാണ്.
ഖാൻ യൂനിസിലെ വീടിനു താഴെയുള്ള തുരങ്കത്തിലൂടെ സിൻവാറും ഭാര്യയും കുട്ടികളും കടന്നു പോകുന്നതായും ഭക്ഷണം, വെള്ളം, കിടക്കകൾ, തലയണ, ടിവി, എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങൾ നീക്കുന്നത് വീഡിയോ ഫൂട്ടേജിൽ കാണിക്കുന്നു. സിൻവാറിൻ്റെ ഭാര്യയുടെ കൈയ്യിൽ 32,000 ഡോളർ വിലയുള്ള ബിർക്കിൻ ബാഗ് ഉണ്ടായിരുന്നതായും ഇസ്രയേൽ സൈന്യം പറഞ്ഞു.
ALSO READ: തലയിൽ വെടിയുണ്ട തുളച്ചു കയറി, വിരലുകൾ വെട്ടി മാറ്റിയ നിലയിൽ; യഹ്യ സിൻവാറിൻ്റെ പോസ്റ്റുമോർട്ടത്തിലെ വിശദാംശങ്ങൾ പുറത്ത്
1,200-ലധികം ഇസ്രയേൽ പൗരന്മാരെ കൊല്ലുകയും, ഇസ്രയേലും ഹമാസും തമ്മിലുള്ള പൂർണ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്ത ആക്രമണത്തിൻ്റെ സൂത്രധാരനായിരുന്നു സിൻവാർ. ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ട ശേഷമാണ് സംഘടനയുടെ രാഷ്ട്രീയ വിഭാഗത്തിൻ്റെ ചുമതലയേറ്റെടുത്ത് യഹ്യ ഹമാസിൻ്റെ തലവനായത്. ഇതിനു മുന്‍പ് ഹമാസിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം തലവനായിരുന്നു സിന്‍വാര്‍. കൊലപാതകം, അട്ടിമറി എന്നീ കുറ്റങ്ങള്‍ക്ക് 23 വര്‍ഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. 100 ശതമാനം പ്രതിബദ്ധതയും അത്രയും അക്രമാസക്തനുമായ മനുഷ്യനെന്നാണ് സിന്‍വാറിനെ എതിരാളികളായ ഇസ്രയേല്‍ വിശേഷിപ്പിച്ചത്.