ഹരിയാനയിൽ തുടർച്ചയായ മൂന്നാം തവണയും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്ന ബിജെപിക്കും തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കോൺഗ്രസിനും ഇത് ഒരുപോലെ പ്രതീക്ഷയും നിരാശയും സമ്മാനിക്കുന്നു
ഹരിയാന തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലം പുറത്ത്‌വിട്ടു. ഹരിയാനയിൽ കോൺഗ്രസ് വിജയിക്കുമെന്നും ബിജെപി രണ്ടാം സ്ഥനത്തായിരിക്കുമെന്നാണ് പ്രവചനം. ഹരിയാനയിൽ തുടർച്ചയായ മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്ന ബിജെപിക്കും തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കോൺഗ്രസിനും ഇത് ഒരുപോലെ പ്രതീക്ഷയും നിരാശയും സമ്മാനിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ അഞ്ച് മണ്ഡലങ്ങൾ കോൺഗ്രസ് നേടിയിരുന്നു. ഇത്തവണ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നത്.
2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 90 സീറ്റുകളിൽ 40 സീറ്റുകൾ ബിജെപിയും 31 സീറ്റുകൾ കോൺഗ്രസ്സും 10 സീറ്റുകൾ ജനനായക് ജനതാ പാർട്ടിയും (ജെജെപി) നേടിയിരുന്നു. ജെജെപിയുടെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിക്കുകയും ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. മാർച്ചിൽ മനോഹർ ലാൽ ഖട്ടറിനെ മാറ്റി നയാബ് സിംഗ് സെയ്‌നിയെ ബി.ജെ.പി മുഖ്യമന്ത്രിയാക്കിയതോടെയാണ് സഖ്യം അവസാനിച്ചത്.
ALSO READ: രാഷ്ട്രീയ സഖ്യ സാധ്യതകളുടെ പരീക്ഷണശാലയാകുന്ന ഹരിയാന
ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ മത്സര രംഗത്തിറക്കിയ കോൺഗ്രസ്, ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധവും പ്രചരണ വിഷയമാക്കിയിരുന്നു. കർഷകരുടെ പ്രശ്നങ്ങളും കർഷക സമരവും, തൊഴിലില്ലായ്മ, അഗ്നിപഥ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ പ്രചരണ വിഷയമായെങ്കിലും ഹരിയാനയിലെ ജാതി സമവാക്യങ്ങളാകും നിർണായക ഘടകമാകുക. ഭൂപീന്ദർ സിങ് ഹൂഡയെ മുൻനിർത്തി ജാട്ട് വോട്ട് ബാങ്ക് സ്വന്തമാക്കാമെന്ന പ്രതീക്ഷയും കോൺഗ്രസ് പങ്കുവെച്ചിരുന്നു. ഒബിസി-ദളിത് വോട്ട് ബാങ്ക് കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം.