ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തെ ഭീകരാക്രമണമായി കണക്കാക്കുന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ചുകൊണ്ടായിരുന്നു ജയശങ്കറിൻ്റെ പ്രസ്താവന
ഇസ്രായേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തുമ്പോൾ, ഇത് വലിയ യുദ്ധമായി മാറുമോ എന്ന കാര്യത്തിൽ ഇന്ത്യയ്ക്ക് ആശങ്കയുള്ളതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യുദ്ധത്തിൽ നിന്ന് ഇരു രാജ്യങ്ങളെയും ഒഴിവാക്കാൻ റഷ്യയും യുക്രെയ്നുമായി ഇന്ത്യ ആശയവിനിമയം നടത്തിവരികയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. അമേരിക്കയിലെ കാർണഗീ എൻഡോവ്‌മെൻ്റ് സെൻ്റർ ഫോർ ഇൻ്റർനാഷണൽ പീസ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തെ ഭീകരാക്രമണമായി കണക്കാക്കുന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ചുകൊണ്ടായിരുന്നു ജയശങ്കറിൻ്റെ പ്രസ്താവന. ഇസ്രയേലിന് പ്രത്യാക്രമണം നടത്തേണ്ടതുണ്ടെന്ന കാര്യം മനസിലാക്കുന്നു. എന്നാൽ അന്താരാഷ്ട്ര മാനുഷിക നിയമം കണക്കിലെടുത്തായിരിക്കണം ഏതൊരു രാജ്യവും ആക്രമണം നടത്തേണ്ടത്. എതിർ രാജ്യത്തെ പൗരൻമാരുടെ ജീവന് വിലകൽപിച്ച് ജാഗ്രത പാലിച്ചായിരിക്കണം പ്രത്യാക്രമണമെന്നും എസ്. ജയശങ്കർ പറഞ്ഞു.
ALSO READ: 'ചെയ്തത് തെറ്റ്, വലിയ വില നൽകേണ്ടി വരും'; ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു
ഇസ്രായേൽ,ഹമാസ്,ലെബനൻ, ഇറാൻ എന്നിടങ്ങളിൽ നിലവിലുള്ള സംഘർഷങ്ങൾ മാത്രമല്ല, പശ്ചിമേഷ്യയിൽ നിലവിലുള്ള എല്ലാ സംഘർഷങ്ങളിലും ഇന്ത്യക്ക് ആശങ്കയുണ്ടെന്നും വിദേശകാര്യമന്ത്രി ഊന്നി പറഞ്ഞു.
അതേസമയം ഇസ്രയേലിലെ ടെൽ അവീവിൽ ഉൾപ്പെടെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സ്ഥീരികരിച്ചു. ഈ ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ ചെയ്തത് തെറ്റാണെന്നും ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.