വിജയദശമിയോട് അനുബന്ധിച്ച് ആർഎസ്എസ് ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു
തീവ്ര നിലപാടുകാരും മാര്‍ക്സിസ്റ്റുകളുമാണ് രാജ്യത്തിന്‍റെ പ്രഖ്യാപിത ശത്രുക്കളെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത്. ധർമമാണ് ഇന്ത്യയുടെ സത്ത. ഏതെങ്കിലും മതത്തെ അത് പ്രതിനിധീകരിക്കുന്നില്ലെന്നും ഭാഗവത് പറഞ്ഞു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമിയോടനുബന്ധിച്ച് നടന്ന വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള തലത്തിൽ രാജ്യം ശക്തിപ്പെട്ടുവെങ്കിലും ഇന്ത്യക്കെതിരെ ഗൂഢാലോചന നടക്കുന്നു. ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ വികാരമുണ്ടായത് ഇതിൻ്റെ ഭാഗമാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷക്ക് സർക്കാർ സാധ്യമായതെല്ലാം ചെയ്യണമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.
തീവ്രനിലപാടുകാരും സാംസ്കാരിക മാര്‍ക്സിസ്റ്റുകളും രാജ്യത്തിന്‍റെ പരമ്പരാഗത സാംസ്കാരിക മൂല്യങ്ങളെ തകർക്കുകയാണ്. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ബദൽ രാഷ്ട്രീയമെന്ന പേരിൽ വിനാശകരമായ അജണ്ടയെ അവർ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും മോഹൻ ഭാഗവത് പറഞ്ഞു.
കൊല്‍ക്കത്ത ആർജി കാർ ആശുപത്രിയിലെ ബലാത്സംഗ കൊലപാതകം ഏറ്റവും വലിയ നാണക്കേടാണ്. സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തമാണ്. കുറ്റകൃത്യം നടന്നിട്ടും ഇരയ്ക്ക് നീതി നിഷേധിക്കപ്പെട്ടത് നിരാശാജനകമാണ്. കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നു. കുറ്റകൃത്യങ്ങളും, സങ്കുചിത രാഷ്‌ട്രീയവും, വിഷലിപ്‌തമായ സംസ്കാരവും സമൂഹത്തെ നശിപ്പിക്കുമെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.