മിന്‍റു കുമാര്‍ മിന്‍റുരാജ് എന്‍റർടെയ്ൻമെന്‍റ്, വികാസ് വെർമ എന്ന പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്
അല്ലു അർജുൻ ചിത്രമായ പുഷ്പ 2 ദ റൂള്‍ ന്‍റെ ഹിന്ദി വ്യാജപതിപ്പ് യൂട്യൂബിൽ. മിന്‍റു കുമാര്‍ മിന്‍റുരാജ് എന്‍റർടെയ്ൻമെന്‍റ്, വികാസ് വെർമ എന്ന പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. ഈ യൂട്യൂബ് ചാനൽ വഴി 26 ലക്ഷത്തോളം പേരാണ് ഇതിനകം സിനിമ കണ്ടത്.
ആറു ഭാഷകളില്‍ റിലീസ് ചെയ്ത സുകുമാർ സംവിധാനം ചെയ്ത ചിത്രം ആയിരം കോടി തിയേറ്റർ കളക്ഷനോട് അടുക്കുമ്പോഴാണ് വ്യാജ ഹിന്ദിപതിപ്പ് യൂട്യൂബില്‍ പ്രചരിക്കാന്‍ ആരംഭിക്കുന്നത്. ഇത് വടക്കേ ഇന്ത്യയിലെ സിനിമയുടെ കളക്ഷന് തിരിച്ചടിയായേക്കും. നിലവിൽ, മിന്‍റുകുമാര്‍ മിന്‍റുരാജ് എന്ന ചാനലിൽ നിന്നും സിനിമ നീക്കം ചെയ്തിട്ടുണ്ട്. തെലുങ്ക് ഫിലിം പ്രൊഡ്യൂസഴ്സ് കൗൺസിലിന്റെ ഭാഗത്തുനിന്നും പരാതി ഉയർന്നതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച പുഷ്പ 2ല്‍ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. റിലീസായി ആറു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 645 കോടിയാണ് പുഷ്പ 2 നേടിയത്. സിനിമയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങള്‍ വരുമ്പോള്‍ തന്നെ വാരാന്ത്യങ്ങളില്‍ വലിയ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്. ചിത്രം ഹിന്ദിയിൽ മാത്രം ₹120 കോടി നേടിയിട്ടുണ്ട്. ഹിന്ദിയില്‍ തെലുങ്ക് താരം അല്ലു അർജിന്‍റെ രണ്ടാമത്തെ നൂറുകോടി നേട്ടമാണിത്. പുഷ്പയുടെ ആദ്യഭാഗമാണ് ഇതിനു മുന്‍പ് 100 കോടി ക്ലബിലെത്തിയ അല്ലു അർജുന്‍ ചിത്രം.