ഗോകുൽ മരിച്ച വിവരം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് അറിയിക്കുന്നതെന്നും കുടുംബം വെളിപ്പെടുത്തി
വയനാട് കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് ഗോകുലിൻ്റെ കുടുംബം. ഗോകുലിൻ്റെ മരണത്തിൽ അന്വേഷണം വേണം. ഗോകുൽ മരിച്ച വിവരം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് അറിയിക്കുന്നതെന്നും കുടുംബം വെളിപ്പെടുത്തി. കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയെ കുറിച്ച് അറിയില്ലെന്നും, ഗോകുലിന് 18 വയസ് തികഞ്ഞിട്ടില്ലെന്നും കുടുംബം അറിയിച്ചു.
അതേസമയം,ആദിവാസി യുവാവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.ഗോകുലിന്റെ മൃതദേഹം പോലും ബന്ധുക്കളെ കാണിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുവാവിൻ്റെ മരണത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ALSO READ: കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവ് ജീവനൊടുക്കി; മരിച്ചത് അമ്പലവയൽ സ്വദേശി ഗോകുൽ
കഴിഞ്ഞ ദിവസമാണ്, അമ്പലവയൽ, നെല്ലാറച്ചാൽ സ്വദേശി ഗോകുലിനെ കൽപ്പറ്റ പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 27ന് ഗോകുലും പെൺസുഹൃത്തും ചേർന്ന് നാടുവിടുകയും, പിന്നീട് കോഴിക്കോട് വച്ച് ഇരുവരേയും കണ്ടെത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയെ സഖിയിലേക്ക് മാറ്റുകയും, യുവാവിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിൽ തന്നെ നിർത്തുകയും ചെയ്തു. എന്നാൽ കേസിൽ ഗോകുലിനെ പ്രതി ചേർത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ബാത്ത് റൂമിൽ പോകണമെന്ന് പറഞ്ഞ് പോയ യുവാവ് തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷർട്ട് ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.