സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, കുട്ടികളുടെ സുരക്ഷ എന്നിവ സമൂഹത്തിൽ ഗുരുതരമായ ആശങ്കകളുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
സ്ത്രീകൾക്ക് നീതി ലഭിക്കണമെങ്കിൽ രാജ്യത്ത് കോടതി വിധികൾ വേഗത്തിൽ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയുടെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. കൊൽക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗ കൊലയിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, കുട്ടികളുടെ സുരക്ഷ എന്നിവ സമൂഹത്തിൽ ഗുരുതരമായ ആശങ്കകളുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിരവധി കർശനമായ നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ട്. എന്നാൽ അത് പ്രാവർത്തികമാക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ചടങ്ങിൽ സംസാരിക്കവെ മോദി പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ എത്ര വേഗത്തിൽ കോടതി തീരുമാനങ്ങൾ എടുക്കുന്നുവോ അത്രയും ഉപകാരപ്പെടും. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം ആളുകൾക്ക് ഇതുവഴി സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കുമെന്നും മോദി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ഉൾപ്പടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് മോദി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കേന്ദ്ര നിയമ നിർമാണവും കർശന നടപടികളും ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മോദിക്ക് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. നേരത്തെ മോദിക്ക് ഈ വിഷയത്തിൽ കത്തയച്ചിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും മമത പറഞ്ഞിരുന്നു.