അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവരുടെ മധ്യസ്ഥ ശ്രമങ്ങൾ ഏതാണ്ട് ഫലം കണ്ടുതുടങ്ങിയപ്പോൾ ഇസ്രയേൽ വെച്ച നിർദേശങ്ങൾ ചർച്ചയുടെ വഴിയടച്ചു
ഇസ്രയേൽ - ഇറാൻ ആക്രമണങ്ങൾക്ക് വഴിതുറന്നതോടെ ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ പാതിവഴിയിൽ മുടങ്ങി. ഇതോടെ മാസങ്ങളായി തുടരുന്ന പലസ്തീൻ ജനതയുടെ സമാധാന പ്രത്യാശയ്ക്ക് മേൽ വീണ്ടും ഇരുളുവീണു. ഗാസ വെടിനിർത്തൽ വഴി ബന്ദിമോചനം ആവശ്യപ്പെട്ട് പല തവണ തെരുവിലിറങ്ങിയിട്ടും ആക്രമണം നിർത്തിയില്ല ഇസ്രയേൽ. അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവരുടെ മധ്യസ്ഥ ശ്രമങ്ങൾ ഏതാണ്ട് ഫലം കണ്ടുതുടങ്ങിയപ്പോൾ ഇസ്രയേൽ വെച്ച നിർദേശങ്ങൾ ചർച്ചയുടെ വഴിയടച്ചു.
ALSO READ: "ഇതെല്ലാം രക്തദാഹിയായ ചെന്നായയെ ഇല്ലാതാക്കും"; മിസൈൽ ആക്രമണങ്ങൾ പൊതുസേവനം, ഇസ്രയേൽ ജയിക്കില്ല: ഖമേനി
പശ്ചിമേഷ്യ ശാന്തമാക്കാനുള്ള ലോകരാജ്യങ്ങളുടെ ശ്രമം തടയപ്പെട്ടു. ഒപ്പം ലബനനിലും ഗാസയിലും വെസ്റ്റ്ബാങ്കിലും ഇസ്രയേൽ ആക്രമണം ശക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിൽ 99 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. ഒക്ടോബർ ഏഴിന് ശേഷം ഗാസയിൽ 41,000 ആളുകൾ കൊല്ലപ്പെട്ടെന്നും ഒരു ലക്ഷത്തോളം പേർക്ക് പരിക്കേറ്റുമെന്നുമാണ് റിപ്പോർട്ട്. ലബനൻ യുദ്ധത്തോടെ സ്ഥിഗതികൾ വഷളായി എന്ന് കരുതുന്നവരുമുണ്ട്. വെടിനിർത്തലിന് ശ്രമം തുടർന്നിട്ടും സമാധാന ശ്രമങ്ങൾക്ക് ഹമാസ് തയ്യാറല്ലെന്നുമാണ് യു.എസ് വാദം.
ALSO READ: ബെയ്റൂട്ടില്‍ വ്യോമാക്രമണം; ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീനെ ലക്ഷ്യം വെച്ച് ഇസ്രയേൽ
ഹിസ്ബുള്ളയുടെ ആക്രമണമാണ് ഗാസ ചർച്ചയ്ക്ക് വിഘാതമെന്ന് ഇസ്രയേലും പറയുന്നു. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് അവസാനിക്കാതെ ഗാസ ചർച്ചയിൽ പുരോഗതി ഉണ്ടാകില്ലെന്നും റിപ്പോർട്ടുണ്ട്. ലബനനിൽ 21 ദിവസത്തെ വെടിനിർത്തൽ അമേരിക്ക ഉൾപ്പടെ ആവശ്യപ്പെട്ടെങ്കിലും ഇസ്രയേൽ നിരാകരിച്ചു. നസ്റള്ള വധം കാര്യങ്ങളെ സങ്കീർണവുമാക്കി. ലബനനൊപ്പം ഗാസയിലും ആക്രമണം ശക്തമാക്കിയ ഇസ്രയേലിൻ്റെ 'എൻഡ് ഗെയിം' ലോകരാജ്യങ്ങൾ ഇപ്പോൾ ഉറ്റുനോക്കുകയാണ്.