2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണങ്ങള്‍ക്ക് ശേഷം ഇസ്രയേലിന് പരസ്യ പിന്തുണ നല്‍കിയ നേതാക്കളിലൊരാളാണ് മെലോണി
യുഎന്‍ സമാധാന സേനയ്ക്ക് നേരെ ഇസ്രയേല്‍ ആക്രമണങ്ങള്‍ നടന്നതിനു പിന്നാലെ ലബനന്‍ സന്ദർശിക്കാന്‍ ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി. ഒക്ടോബർ 18ന് യുദ്ധബാധിത പ്രദേശം സന്ദർശിക്കുമെന്ന് മെലോണി അറിയിച്ചു. സമാധാന സേനയിൽ നിയോഗിക്കപ്പെട്ട ഇറ്റാലിയൻ സൈനിക ട്രൂപ്പുകൾക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ലബനനില്‍ യുണിഫിലിലും (UNIFIL), പ്രാദേശിക പരിശീലനം നൽകുന്ന മിബിലിലും (MIBIL) ഇറ്റാലിയൻ സേന സേവനം അനുഷ്ഠിക്കുന്നുണ്ട്. ലബനനിലെ യുഎന്നിൻ്റെ ഇടക്കാല സേനയിൽ 1,000 ഇറ്റാലിയൻ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് സൈനികരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം. സമാധാന സേനയെ പിന്‍വലിക്കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ അഭിപ്രായത്തെയും മെലോണി വിമർശിച്ചു. ഹിസ്ബുള്ള ബന്ദികളാക്കാന്‍ സാധ്യതയുള്ളതിനാല്‍ മേഖലയില്‍ നിന്ന് പിന്‍മാറണമെന്നായിരുന്നു സമാധാന സേനയോടുള്ള നെതന്യാഹുവിന്‍റെ നിർദേശം.
Also Read: ലബനനില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത് ഇസ്രയേല്‍ വ്യോമാക്രമണം; 21 പേർ കൊല്ലപ്പെട്ടു
"ഇസ്രയേലിൻ്റെ ഏകപക്ഷീയമായ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ സേനയെ പിൻവലിച്ചാല്‍ അത് വലിയ തെറ്റായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ദൗത്യത്തിൻ്റെയും ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യതയെ തന്നെയും തകർക്കും", മെലോണി പറഞ്ഞു.
ദിവസേന യുദ്ധം നടക്കുന്ന മേഖല സന്ദർശിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ തീരുമാനം, വിഷയത്തില്‍ രാജ്യത്തിന്‍റെ കടുത്ത നിലപാടാണ് സൂചിപ്പിക്കുന്നത്. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണങ്ങള്‍ക്ക് ശേഷം ഇസ്രയേലിന് പരസ്യ പിന്തുണ നല്‍കിയ നേതാക്കളിലൊരാളാണ് മെലോണി. ഇസ്രയേലിന്‍റെ എല്ലാ തെരഞ്ഞെടുപ്പുകളോടും യോജിക്കാന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ മെലോണിയുടെ നിലപാട്.
Also Read: "കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ട, നമുക്ക് സംഗീതം കേൾക്കാം" തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നൃത്തച്ചുവടുകളുമായി ട്രംപ്
ഇസ്രയേൽ സൈനികരും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിൽ ഗുരുതരമായ ഏറ്റുമുട്ടലുകൾ നടക്കുന്ന ദക്ഷിണ ലബനനിൽ അതിർത്തി രേഖയിലാണ് ശത്രുത നിരീക്ഷിക്കാനായി യുഎൻ സമാധാന സേന നിലയുറപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 1ന് ലബനനില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചതിനു ശേഷം 20 തവണ യുണിഫില്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഇവയില്‍ പലതും നേരിട്ടുള്ള ആക്രമണങ്ങളായിരുന്നു. കഴിഞ്ഞ ആഴ്ച അഞ്ച് സമാധാന സേനാംഗങ്ങള്‍ക്കാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ പരുക്കേറ്റത്.