16 അംഗ അസം പൊലീസ് സംഘമാണ് ഗൂഗിൾ മാപ്സ് ഉപയോഗിച്ച് വഴിതെറ്റി നാഗാലാൻഡിലെ മൊകോക്‌ചുങ് ജില്ലയിൽ എത്തിയത്
ഗൂഗിൾ മാപ്സ് തരുന്ന പണികളുടെ വാർത്തകൾ നമ്മൾ നിരന്തരമായി കേൾക്കാറുണ്ട്.
അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ നാഗാലാൻഡിൽ നിന്നും പുറത്തുവരുന്നത്. ഗൂഗിൾ മാപ്‌സിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലിച്ച് നീങ്ങിയ പൊലീസ് സംഘത്തിനാണ് ഇത്തവണ പണികിട്ടിയത്. കുറ്റവാളിയെ പിടികൂടാനുള്ള റെയ്ഡിനിടെയാണ് സംഭവം.
16 അംഗ അസം പൊലീസ് സംഘമാണ് ഗൂഗിൾ മാപ്സ് ഉപയോഗിച്ച് വഴിതെറ്റി നാഗാലാൻഡിലെ മൊകോക്‌ചുങ് ജില്ലയിൽ എത്തിയത്. സാധാരണ വേഷത്തിലെത്തിയ പൊലീസുകാരെ കുറ്റവാളികളെന്ന് തെറ്റിദ്ധരിച്ച പ്രദേശവാസികൾ ആക്രമിക്കുകയും ഒരു രാത്രി മുഴുവനും കെട്ടിയിടുകയും ചെയ്തു. ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുണ്ട്.
ALSO READ: ഗൂഗിൾ മാപ്പിന് എതിരാളി;ആപ്പിൾ മാപ്പ് ഇനി ബ്രൗസറുകളിലും
"അസമിലെ തേയിലത്തോട്ടം എന്ന രീതിയിലാണ് ഗൂഗിൾ മാപ്‌സ് വഴി കാണിച്ചത്. എന്നാൽ ലൊക്കേഷൻ യഥാർത്ഥത്തിൽ നാഗാലാൻഡിനുള്ളിലായിരുന്നു. 16 ഉദ്യോഗസ്ഥരിൽ മൂന്ന് പേർ മാത്രമാണ് യൂണിഫോമിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ സാധാരണ വേഷത്തിലായിരുന്നു. അത് നാട്ടുകാരിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്" ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ തന്നെ ജോർഹട്ട് പൊലീസ് മൊകോക്‌ചുങ് പൊലീസ് സൂപ്രണ്ടുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് ബന്ദികളാക്കിയ പൊലീസ് സംഘത്തെ രക്ഷപ്പെടുത്താൻ ഒരു സംഘത്തെ നാഗാലാൻഡ് പൊലീസ് സ്ഥലത്തേക്ക് അയച്ചു. അസമിൽ നിന്നുള്ള യഥാർഥ പൊലീസ് സംഘമാണെന്ന് നാട്ടുകാർ മനസ്സിലാക്കുകയും ആദ്യം അഞ്ച് പേരെയും പിറ്റേന്ന് രാവിലെ ബാക്കി 11 പേരെയും വിട്ടയക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.